ഇന്ത്യയും - അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ജപ്പാൻ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് മോദി ചൈനയിലെത്തിയത്. ഏഴ് കൊല്ലത്തിനു ശേഷം ചൈനയിലെത്തിയ മോദിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെയും മോദി കാണും.
ഇന്ത്യ - അമേരിക്ക തീരുവ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങുമായുള്ള കൂടിക്കാഴ്ച. ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിയിൽ ഇരുവരും പങ്കെടുക്കും. ഗാൽവാൻ സംഘർഷത്തിനെ തുടർന്ന് ശിഥിലമായ ഇന്ത്യാ - ചൈനാ ബന്ധം ഊട്ടി ഉറപ്പിക്കുക തന്നെയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഏഴ് വർഷങ്ങൾക്ക് ശേഷം, ചൈനയിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്.
രാവിലെ ഒമ്പതരയ്ക്ക് 45 മിനിറ്റ് കൂടിക്കാഴ്ചയാണ് നരേന്ദ്ര മോദിയും - ഷി ജിൻപിങുമായി നിശ്ചയിച്ചിട്ടുള്ളത്. അതിർത്തി തർക്കം, വ്യാപാര രംഗത്തെ തീരുവ അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. ഒപ്പം ഇന്ത്യയിലേക്ക് തുരങ്ക നിർമാണത്തിന് വേണ്ടിയുള്ള യന്ത്രങ്ങൾ കയറ്റി അയക്കുന്നതിനടക്കം ഷി ജിൻപിങ് പച്ചക്കൊടി കാട്ടിയേക്കും. അമേരിക്കയുടെ തീരുവയെ നേരിടാൻ ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള സാധ്യതയും ചർച്ചയിൽ ആരായും.
ചൈനയുമായി ഇന്ത്യ ദീർഘകാല ബന്ധത്തിന് ആഗ്രഹിക്കുന്നുവെന്ന് ജപ്പാനിൽ മോദി നടത്തിയ പരാമർശത്തിൽ പരോക്ഷ സൂചനയുണ്ട്. ലോക സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യമാണെന്നും മേഖലയിൽ സമാധാനവും സമൃദ്ധിയും കൊണ്ടുവരാൻ ഉഭയകക്ഷി ബന്ധം സഹായിക്കുമെന്നുമാണ് ചൈന സന്ദർശനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് മോദി പറഞ്ഞത്.
രണ്ട് ദിവസമാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം. സന്ദർശന വേളയിൽ റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും. നിലവിൽ ഇരുനേതാക്കളും ഒരുമണിക്കൂർ കൂടിക്കാഴ്ചയാണ് നിശ്ചയിചിരിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയ്ക്കുമേൽ അമേരിക്ക സമ്മർദ്ദം ചെലുത്തുന്ന സഹചര്യത്തിൽ നിർണായകമാണ് മോദി - പുടിൻ കൂടിക്കാഴ്ച.
അതേസമയം റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താനിരിക്കെ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തതെന്ന് മോദി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ചർച്ചകളെക്കുറിച്ച് മോദിയെ അറിയിച്ചതായി സെലൻസ്‌കിയും എക്സിൽ കുറിച്ചു. റഷ്യൻ തലവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുക്കമാണെന്നും സെലൻസ്‌കി അറിയിച്ചു.