

ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ രൂക്ഷമാവുന്നതിനിടയിൽ തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്റ്റാനിൽ ഒരു പൊലീസുകാരൻ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെടുന്നതിൻ്റെ വീഡിയോ പുറത്ത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും മറ്റൊരു കാറിൽ സഞ്ചരിക്കുകയായിരുന്ന പൊലീസുകാരന് നേരെ നിരന്തരം വെടിയുതിർക്കുന്നതാണ് വീഡിയോയിൽ. വെടിയേറ്റ ഉടൻ കാർ റോഡിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെടുന്നതും വീഡിയോയിലുണ്ട്.
മഹ്മൂദ് ഹാഗിഘട്ട് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഇറാനിയൻ നിയമപാലകർക്ക് നേരെ ബുധനാഴ്ച പുലർച്ചെയാണ് തോക്കുധാരികൾ ആക്രമണം നടത്തിയതെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുറ്റവാളികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. ഇറാനിലെ കലാപങ്ങൾക്കിടയിൽ രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെടുന്നത്. ചൊവ്വാഴ്ച, ഇറാൻ്റെ പടിഞ്ഞാറൻ പ്രവിശ്യയിൽ നിന്നുള്ള എഹ്സാൻ അഘജാനി എന്ന മറ്റൊരു പൊലീസുകാരനും വെടിയേറ്റ് മരിച്ചിരുന്നു.
അതിരൂക്ഷമായ വിലക്കയറ്റത്തേയും സാമ്പത്തിക തകർച്ചയേയും തുടർന്നാണ് കഴിഞ്ഞ മാസം മുതൽ ഇറാനിലെ വ്യാപാരികൾ പ്രതിഷേധത്തിനിറങ്ങിയത്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിഷേധമാണിത്. അതിനുശേഷം, പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി വ്യാപിക്കുകയായിരുന്നു. പ്രക്ഷോഭങ്ങൾക്കിടെ ഏകദേശം 35 പേരോളം ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ, പ്രതിഷേധക്കാരെ പിന്തുണച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിരുന്നു.