ബീഗം ഖാലിദ സിയ; രാഷ്ട്രീയം ശ്വസിച്ച് രാഷ്ട്രീയം ജീവിതമാക്കിയ നേതാവ്

എതിരൊഴുക്കുകള്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ഖാലിദാ സിയയില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന വലിയൊരു ജനവിഭാഗം ഇപ്പോഴും ബംഗ്ലാദേശിലുണ്ട്
ബീഗം ഖാലിദ സിയ; രാഷ്ട്രീയം ശ്വസിച്ച് രാഷ്ട്രീയം ജീവിതമാക്കിയ നേതാവ്
Image: X
Published on
Updated on

അത്യന്തം സംഘര്‍ഭരിതമായ ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ എല്ലാ കാലങ്ങളിലൂടെയും കടന്നുപോയ ആളാണ് ബീഗം ഖാലിദാ സിയ. പട്ടിണിയും പരിവട്ടവും നിറഞ്ഞു നിന്ന രാജ്യത്ത് അഴിമതിക്കേസുകളിലും ഖാലിദാ സിയ പ്രതിയാക്കപ്പെട്ടു. എതിരൊഴുക്കുകള്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ഖാലിദാ സിയയില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന വലിയൊരു ജനവിഭാഗം ഇപ്പോഴും ബംഗ്ലാദേശിലുണ്ട്.

ഭര്‍ത്താവിന്റെ രക്തസാക്ഷിത്വം, ജനകീയ കലാപം, പ്രധാനമന്ത്രിയായി ആരോഹണം, രാഷ്ട്രീയ അവരോഹണം, അറസ്റ്റ്, ജയില്‍, ഒടുവില്‍ കുറ്റവിമുക്ത. ഇത്രയുമാണ് ബീഗം ഖാലിദ സിയയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ആകെത്തുക. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലായിരുന്നു ഈ എണ്‍പതാം വയസ്സിലും. കാലങ്ങളായി കൂടെയുണ്ടായിരുന്ന രോഗങ്ങള്‍ക്കു കീഴടങ്ങുമ്പോഴും രാഷ്ട്രീയം ശ്വസിച്ചു തന്നെയാണ് ഖാലിദ സിയ മടങ്ങിയത്.

ബീഗം ഖാലിദ സിയ; രാഷ്ട്രീയം ശ്വസിച്ച് രാഷ്ട്രീയം ജീവിതമാക്കിയ നേതാവ്
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി

ഇന്ന് ഇന്ത്യയിലുള്ള ജയ്പാല്‍ ഗുരിയില്‍ സ്വാതന്ത്ര്യത്തിനു മുന്‍പ് 1945ല്‍ ജനനം. വിഭജനത്തോടെ പാകിസ്ഥാനിലേക്കു മാറിയ കുടുംബം. സ്‌കൂള്‍ പഠനം പൂര്‍ത്തിയായപ്പോഴേക്ക് പാകിസ്ഥാന്‍ പട്ടാളത്തിലെ ക്യാപ്റ്റന്‍ സിയാവുര്‍ റഹ്‌മാനുമായി വിവാഹം. വീണ്ടും വിദ്യാഭ്യാസ കാലം. ബംഗ്ലാദേശ് രൂപീകരണത്തോടെ തന്നെ ഏറ്റവും ശക്തനായ പട്ടാള മേധാവിയായി സിയൂവുര്‍ റഹ്‌മാന്‍ മാറിയിരുന്നു.

പിന്നാലെ പ്രസിഡന്റായ സിയാവുര്‍ റഹ്‌മാനില്‍ നിന്നു തന്നെയാണ് രാഷ്ട്രീയാധികാരത്തിന്റെ പാഠങ്ങള്‍ ഖാലിദാ സിയ പഠിച്ചത്. 1981ല്‍ സിയാവുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടു. അതോടെ ബംഗ്‌ളാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയെ നയിച്ച് ജനാധിപത്യത്തിനു വേണ്ടിയുള്ള സമരം. ആ സമരത്തിനൊടുവില്‍ 1991ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാനമന്ത്രി.

2001ലും പ്രധാനമന്ത്രി സ്ഥാനത്ത്. 2001ലെ ഭരണകാലം ചരിത്രത്തില്‍ കരിമഷിയാല്‍ എഴുതപ്പെട്ടു. അഴിമതിയുടേയും സ്വജന സേവനത്തിന്റേയും നാളുകളായിരുന്നു അത്. കാലാവധി കഴിഞ്ഞതോടെ പട്ടാളം ഭരണം ഏറ്റെടുത്തു. നിരവധി കേസുകളില്‍ ഖാലിദ സിയ പ്രതിയാക്കപ്പെട്ടു. ആ കേസുകളില്‍ വിധി വന്നത് 2018ല്‍ ആണ്. 17 വര്‍ഷത്തേക്കു ജയിലിലടച്ചു. രോഗം മൂര്‍ഛിച്ചപ്പോള്‍ ചികില്‍സയ്ക്കായി പരോള്‍. ചികിത്സ തുടരുന്നതിനിടെയാണ് ബംഗ്‌ളാദേശില ജനകീയ വിപ്ലവം. പുതിയ ഭരണകൂടം അധികാരമേറ്റതോടെ ഖാലിദ സിയയെ കുറ്റവിമുക്തയാക്കി.

അനുയായികളുടെ വലിയൊരു വൃന്ദം എന്നും ഖാലിദാ സിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. വീണ്ടും അധികാര രാഷ്ട്രീയത്തിലേക്കു പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആ സംഘം. രാഷ്ട്രീയ നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് ഈ അപ്രതീക്ഷിത വിടവാങ്ങല്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com