

പാരീസ്: വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിക്കും വർധിച്ചു വരുന്ന ജീവിതച്ചെലവുകൾക്കും പൊതുസേവനങ്ങളിലെ തകർച്ചക്കുമെതിരെ ഫ്രാൻസിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം കലാപത്തീയായി മാറി. സമീപകാല ചരിത്രത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ അക്രമപരമ്പരകളാണ് പല നഗരങ്ങളിലായി അരങ്ങേറുന്നത്. പ്രതിഷേധക്കാരില് ഒരു വിഭാഗം പാരിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. രണ്ടായിരത്തിലേറെ പേരാണ് ഫ്രാൻസിൽ പലയിടത്തായി ഇതുവരെ അറസ്റ്റിലായത്.
അഞ്ച് ലക്ഷത്തിലേറെ പേരാണ് സമരമുഖത്തുള്ളത്. വിദ്യാർഥി സംഘടനകൾക്കും തൊഴിലാളി യൂണിയനുകൾക്കുമൊപ്പം 2018ൽ ഫ്രാൻസിനെ പിടിച്ചുകുലുക്കിയ യെല്ലോ വെസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രവർത്തകരും പ്രതിഷേധത്തിൽ അണിനിരന്നു. അടുത്ത വർഷം പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഫ്രാന്സില് പ്രക്ഷോഭം ആളിപ്പടരുന്നത്.
പാരീസിലെ ദരിദ്ര മേഖലകളിലെ സ്കൂളുകളിലുള്ള ശോചനീയാവസ്ഥയും അധ്യാപക ക്ഷാമവും ചൂണ്ടിക്കാട്ടി വിദ്യാർഥികള് ആരംഭിച്ച സമരമാണ്, ഇന്ധന വില വർധനവും വർധിച്ച ജീവിത ചെലവും അടക്കമുള്ള വിഷയങ്ങളേറ്റെടുത്ത് രാജ്യവ്യാപക പ്രക്ഷോഭമായത്. ഒരു മാസം മുമ്പാണ് വിദ്യാർഥികള് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. രക്ഷിതാക്കളും അധ്യാപകരും യെല്ലോ വെസ്റ്റ് അടക്കമുള്ള മറ്റ് യൂണിയനുകളും പ്രവർത്തകരുമെല്ലാം തെരുവിലിറങ്ങിയതോടെ ഫ്രാന്സ് അക്ഷരാർഥത്തില് സമരഭൂമിയായി മാറി.
ഇന്നലെ വൈകീട്ടോടെയാണ് പൊലീസും പ്രതിഷേധക്കാരുമുള്ള ഏറ്റുമുട്ടല് പാരമ്യത്തിലെത്തിയത്. പാരിസ്, മാർസെയ്, നീസ്, നാൻ്റ്, ബോർഡോ, ലിൽ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധത്തിനിടെ സംഘർഷങ്ങളുണ്ടായി. പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും നടത്തിയതോടെ പ്രതിഷേധക്കാർ കാറുകള്ക്കും കെട്ടിടങ്ങള്ക്കും തീയിട്ടു. ലിമോജീസില് മുഖംമൂടി ധരിച്ചെത്തിയ സംഘം 1883ല് നിർമിച്ച ചരിത്രപ്രസിദ്ധമായ ടൗൺഹാളിനു തീയിട്ടു. ഇന്നലെ മാത്രം 1200 പേർ അറസ്റ്റിലായതായി ഫ്രഞ്ച് സർക്കാർ അറിയിച്ചു.
അക്രമത്തിൽ ഏർപ്പെടുന്നവരെയും പൊതുമുതല് നശിപ്പിക്കുന്നവരെയും നിയമത്തിനു മുന്നില് കൊണ്ടുവരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. തീവ്ര ഇടതു പാർട്ടികളാണ് സമരത്തിന് പിന്നിലെന്നാണ് ഫ്രഞ്ച് സർക്കാരിന്റെ പ്രധാന ആരോപണം. അതേസമയം, ഫ്രാന്സിനു പുറമെ ഇറ്റലി, പോർച്ചുഗല്, ബെല്ജിയം തുടങ്ങി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും വിവിധ ആവശ്യങ്ങള് ഉന്നയിച്ചുള്ള ജനകീയ പ്രക്ഷോഭങ്ങള് അലയടിക്കുകയാണ്.