

ഹവാന: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ്-കാനല്‍. യുഎസുമായി കരാറില്‍ എത്തിയില്ലെങ്കില്‍ വെനസ്വേലയില്‍ നിന്ന് എണ്ണയോ പണമോ ലഭിക്കില്ലെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ക്യൂബയ്ക്ക് നല്‍കിയ മുന്നറിയിപ്പ്.
ക്യൂബയോട് ആജ്ഞാപിക്കാന്‍ യുഎസിന് ധാര്‍മികമായി യാതൊരു അവകാശവുമില്ലെന്ന് പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിലൂടെ പ്രതികരിച്ചു. ക്യൂബ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. തങ്ങളോട് എന്ത് ചെയ്യണമെന്ന് കല്‍പ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല.
ക്യൂബ അങ്ങോട്ട് പോയി ആക്രമിക്കുന്നില്ല. മറിച്ച് 66 വര്‍ഷമായി യുഎസിന്റെ ആക്രമണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ക്യൂബ ആരേയും ഭീഷണിപ്പെടുത്തുന്നുമില്ല. തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. മാതൃരാജ്യത്തിനു വേണ്ടി അവസാന തുള്ളി രക്തം ചിന്താന്‍ വരെ തയ്യാറാണ്. വെനസ്വേലയില്‍ മഡൂറോയ്ക്ക് സംരക്ഷണം നല്‍കിയിരുന്ന 32 ക്യൂബന്‍ സൈനികര്‍ അമേരിക്കന്‍ നീക്കത്തിനിടെ കൊല്ലപ്പെട്ടതായി ക്യൂബ അറിയിച്ചിരുന്നു. ഇതും കാനലിന്റെ വൈകാരിക പ്രതികരണത്തിന് കാരണമാണ്.
ഡയസ് കാനല്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. യുഎസിന്റെ സൈനിക ശക്തിയുടെ സംരക്ഷണയിലാണ് വെനസ്വേല ഇപ്പോള്‍ ഉള്ളത്. യുഎസുമായി കരാറിലെത്തിയില്ലെങ്കില്‍ ഇനി അവിടെ നിന്ന് എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ല എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. വെനസ്വേലയുടെ എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ ഇത്രയും കാലം ജീവിച്ചതെന്നും ട്രംപ് പോസ്റ്റില്‍ പറഞ്ഞിരുന്നു.
അതേസമയം, എന്ത് കരാറാണ് ഉദ്ദേശിക്കുന്നതെന്ന് ട്രംപ് തന്റെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നില്ല. എങ്കിലും അമേരിക്കയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രാദേശിക ശക്തികളെ വരുതിയിലാക്കി ആധിപത്യം സ്ഥാപിക്കാനുള്ള നീക്കമായാണ് ഈ മുന്നറിയിപ്പും സൂചിപ്പിക്കുന്നത്.
നിക്കോളാസ് മഡൂറോയെ തടവിലാക്കിയതിനു പിന്നാലെ കൊളംബിയയ്ക്കും ഗ്രീന്‍ലാന്‍ഡിനും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ക്യൂബയ്ക്ക് നേരെയുള്ള ഭീഷണിയും. ക്യൂബ തകര്‍ച്ചയുടെ വക്കിലാണെന്നും സൈനിക നടപടിയുടെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
വെനസ്വേലയില്‍ നിന്നുള്ള സബ്സിഡി നിരക്കിലുള്ള എണ്ണയാണ് ക്യൂബയുടെ പ്രധാന വരുമാന സ്രോതസ്സ്. വെനസ്വേലയിലെ ഭരണമാറ്റം ക്യൂബയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ട്രംപിന്റെ നീക്കത്തെ കാണുന്നത്.