

റിയോ: ബ്രസീലിൻ്റെ തലസ്ഥാനമായ റിയോ ഡി ജനീറോയിൽ കഴിഞ്ഞ ദിവസം പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 119 പേരും, കൂടെ നാല് പൊലീസ് ഓഫീസർമാരും കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷനുകളിൽ ഒന്നിലാണ് ഞെട്ടിക്കുന്ന 'എൻകൗണ്ടർ കൊലപാതകങ്ങൾ' അരങ്ങേറിയത്. എന്നാൽ ഈ കൂട്ടക്കൊലയിലേക്ക് നയിച്ച സംഭവങ്ങളിൽ എത്രത്തോളം വസ്തുതയുണ്ടെന്ന് നമുക്ക് വിശദമായി അറിയേണ്ടതുണ്ട്. സംഭവത്തിൽ ഐക്യരാഷ്ട്ര സഭ പോലും വിശദീകരണം തേടിയിട്ടുണ്ട്.
'റെഡ് കമാൻഡ്' എന്ന് ഇംഗ്ലീഷിൽ അർത്ഥമുള്ള, 'കമാൻഡോ വെർമെൽഹോ' എന്നു പേരായ ഗുണ്ടാ സംഘത്തെ തുരത്താനായിരുന്നു ഈ ഓപ്പറേഷൻ നടത്തിയതെന്നാണ് ബ്രസീലിയൻ പൊലീസ് നൽകുന്ന വിശദീകരണം. റിയോയിലെ ഏറ്റവും പഴക്കമേറിയതും ശക്തവുമായ ക്രിമിനൽ ഗ്രൂപ്പാണിത്. സമീപ വർഷങ്ങളിൽ ഈ ക്രിമിനൽ സംഘം അതിവേഗം വളർച്ച നേടിയെന്നും അധികൃതർ പറയുന്നു.
കവചിത വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ തുടങ്ങിയ സന്നാഹങ്ങളുമായി ഏകദേശം 2,500 ആയുധധാരികളായ സൈനിക ഉദ്യോഗസ്ഥരാണ്, റെഡ് കമാൻഡിൻ്റെ പ്രധാന ശക്തികേന്ദ്രങ്ങളായ ഗ്രേറ്റ് അലെമാവോ, പെൻഹ ഫാവേല എന്നീ ജനവാസ കേന്ദ്രങ്ങൾ ആക്രമിച്ചത്. ഫോഗോ ക്രൂസാഡോ വാച്ച്ഡോഗിൻ്റെ റിപ്പോർട്ട് പ്രകാരം, റിയോയുടെ മെട്രോപൊളിറ്റൻ മേഖലയുടെ പ്രാദേശിക അധികാരത്തിനായി മത്സരിക്കുന്ന നാല് പ്രധാന ക്രിമിനൽ വിഭാഗങ്ങളിൽ ഒന്നാണ് 'കമാൻഡോ വെർമെൽഹോ'.
ഈ മെട്രോപൊളിറ്റൻ മേഖലയുടെ ഏകദേശം 20 ശതമാനം സ്ഥലങ്ങളും നിയന്ത്രിച്ചിരുന്നതും ഇവരായിരുന്നു. നഗരത്തിൽ പൊലീസ് ഉൾപ്പെടെയുള്ള സായുധ സംഘങ്ങളെ മറികടക്കുന്ന സംഘബലമാണ് ഇവർക്ക് ഉണ്ടായിരുന്നത്. മയക്കുമരുന്ന് കടത്തിന് പുറമെ സാധാരണക്കാരുടെ ഇൻ്റർനെറ്റ്, വെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അടിസ്ഥാന സേവനങ്ങളുടെ നിയന്ത്രണം കൂടി ഇവരുടെ അധീനതയിലായിരുന്നു. ജനങ്ങളെ ചൂഷണം ചെയ്തും ഇവർ സമ്പത്ത് തട്ടിയെടുത്തിരുന്നു.
റിയോ സംസ്ഥാന സർക്കാർ 119 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തപ്പോൾ, 132 പേർ മരിച്ചെന്നാണ് പബ്ലിക് ഡിഫൻഡർ ഓഫീസിനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത 10 പേർ ഉൾപ്പെടെ 113 പേരെ കസ്റ്റഡിയിൽ എടുത്തതായും, 91 റൈഫിളുകൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. ഗുണ്ടാ ഗ്യാങ്ങിൽ നിന്ന് വലിയ അളവിൽ ലഹരി മരുന്ന് പിടിച്ചെടുത്തതായും ഗവർണർ ക്ലോഡിയോ കാസ്ട്രോ പറഞ്ഞു.
ബ്രസീലിലെ ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും മാരകമായ പൊലീസ് ഓപ്പറേഷനായിരുന്നു ഇത്. മരണസംഖ്യയുടെ കണക്കിൽ 1992ലെ സാവോ പോളോയിലെ കരണ്ടിരു ജയിൽ നടന്ന കൂട്ടക്കൊലയെ ഈ സംഭവം മറികടന്നു. ജയിലിലെ കലാപം അടിച്ചമർത്താനായി സൈനിക പൊലീസ് ഇരച്ചുകയറി വന്നത്, അന്ന് 111 തടവുകാരുടെ മരണത്തിന് ഇടയാക്കി. റിയോയിൽ 2021ലും 2022ലും നടന്ന റെയ്ഡുകളേക്കാൾ പ്രഹരശേഷി കൂടിയതായിരുന്നു ഇത്. ജക്കാരെസിഞ്ഞോയിലും വില ക്രൂസീറോയിലും യഥാക്രമം 28, 25 ആളുകൾ വീതം കൊല്ലപ്പെട്ടിരുന്നു. ഈ രണ്ട് എൻകൗണ്ടറുകളും നടന്നത് യാഥാസ്ഥിതിക ഗവർണറായ ക്ലോഡിയോ കാസ്ട്രോയുടെ കീഴിലായിരുന്നു.
മുൻ ബ്രസീലിയൻ പ്രസിഡൻ്റായിരുന്ന ജെയ്ർ ബോൾസനാരോയുടെ അനുയായിയായ കാസ്ട്രോയ്ക്ക് കീഴിലുള്ള സ്റ്റേറ്റ് ഗവൺമെൻ്റാണ് റെയ്ഡ് ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. കേന്ദ്ര സർക്കാരിൻ്റെ അനുമതി ഇല്ലാതെയാണ് ഈ നടപടികൾ പൂർത്തിയാക്കിയതും. ഫെഡറൽ ഗവൺമെൻ്റിൻ്റെ അറിവോടെയല്ല എൻകൗണ്ടർ സംഭവിച്ചതെന്ന് നീതിന്യായ മന്ത്രി റിക്കാർഡോ ലെവൻഡോവ്സ്കി പറഞ്ഞു. അതേസമയം, മയക്കുമരുന്ന് കടത്തും സംഘടിത കുറ്റകൃത്യങ്ങളും നേരിടുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടാണെന്നും ലെവൻഡോവ്സ്കി പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതിനാൽ അവർ ജുഡീഷ്യൽ വാറണ്ട് പ്രകാരം അന്വേഷിക്കുന്ന പ്രതികളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. കമാൻ്റോ വെർമെൽഹോയുടെ അധികാരശ്രേണിയിൽ കൊല്ലപ്പെട്ടവർക്കും അറസ്റ്റിലായവർക്കും എത്രത്തോളം പങ്ക് ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. അറസ്റ്റിലായവരിൽ ഒരാൾ തിയാഗോ ഡോ നാസിമെൻ്റോ മെൻഡസ് ആണെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾ റെയ്ഡിനിടെ രക്ഷപ്പെട്ട പ്രാദേശിക നേതാവ് എഡ്ഗാർഡ് ആൽവസ് ഡി ആൻഡ്രേഡിൻ്റെ ലെഫ്റ്റനൻ്റ് ആണെന്നാണ് വിവരം.
പൊലീസ് എൻകൗണ്ടർ കൊലപാതകം നടപ്പിലാക്കിയതായി പ്രദേശവാസികൾ ആരോപിച്ചതിനെ തുടർന്ന് ബ്രസീൽ പ്രോസിക്യൂട്ടറുടെ ഓഫീസ് ഗവർണർ കാസ്ട്രോയോട് ഓപ്പറേഷൻ്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ നിയമലംഘനം നടത്തിയോ എന്ന് കണ്ടെത്താനാണ് ശ്രമം. സംഭവങ്ങളെക്കുറിച്ച് ഉടനടി അന്വേഷണം നടത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.