

മരണം മുന്നില്‍ കണ്ട് തണുത്തുറഞ്ഞ ഇരുട്ടറയിൽ ഒമ്പതു നാളുകൾ. നേപ്പാളിലെ മഹാപ്രളയം പതിനായിരങ്ങളെ കണ്ണീരിലാഴ്ത്തി മുന്നോട്ടുപോകുമ്പോൾ, മണ്ണടിഞ്ഞ പ്രതീക്ഷകൾക്കിടയിൽ നിന്ന് കേട്ട ആ നേർത്ത ശബ്ദം രക്ഷാപ്രവർത്തകരെ എത്തിച്ചത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അതിജീവനങ്ങളിലൊന്നിലേക്കാണ്. നേപ്പാൾ ദുരന്തഭൂമിയിൽ നിന്ന് 9 ദിവസങ്ങള്‍ക്ക് ശേഷം രണ്ട് മനുഷ്യരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയിരിക്കുകയാണ് നേപ്പാള്‍ സൈന്യം.
മരണം മുന്നിൽ കണ്ട, ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് ത്രിശൂലിയിലെ ജലവൈദ്യുതി പ്ലാന്റിന്റെ തുരങ്കത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികൾ ജീവന്റെ പുതുവെളിച്ചം കണ്ടത്. കൂറ്റൻ പാറകളും ചെളിയും അടിഞ്ഞ് കൂടിയ തുരങ്കങ്ങളിൽ സാഹസികമായിരുന്നു സൈന്യത്തിന്റെ രക്ഷാപ്രവർത്തനം. കഠിനമായ ദത്യത്തിന് ഒടുവിൽ സഞ്ജയ ഷായും. കബീർ മഹർജനും ജീവിതത്തിലേക്ക്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലെ സൈനിക ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു . തുരങ്കത്തിൽ നിന്ന് രണ്ടാമതായി രക്ഷിച്ച കബീറിന്റെ ആരോഗ്യ നില ഗുരുതരമെന്ന് നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സഞ്ജയ ഷായെ വിശദമായ വൈദ്യ പരിശോധനകൾക്ക് വിധേയമാക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രാജ്യത്തെ അര ഡസണോളം വരുന്ന ജലവൈദ്യുതി പദ്ധതി തുരങ്കങ്ങളിൽ രക്ഷാ പ്രവർത്തനം തുടരുകയാണ് .
പുറത്തുനിന്ന് തുരങ്കത്തിനുള്ളിലേക്ക് ഓക്സിജൻ എത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയാണ് രക്ഷാദൗത്യം. നൂറുകണക്കിനാളുകൾ വിവിധ ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നുവെന്നാണ് റിപ്പോർട്ട് .തകർന്ന റോഡുകളും ഒലിച്ചുപോയ പാലങ്ങളും പലയിടത്തും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട് . മിന്നൽ പ്രളയത്തിൽ മരണം 1,300 കടന്നെന്നാണ് നേപ്പാൾ സർക്കാറിന്റെ ഔദ്യോഗിക കണക്ക് . 5,300 ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരിൽ 34 രാജ്യങ്ങളിൽ നിന്നുള്ള വിദേശികളും ഉൾപ്പെടുന്നു .