മാധ്യമപ്രവര്‍ത്തകരുടെ മരണത്തില്‍ വിശദീകരണം നല്‍കണം; ഇസ്രയേലിനോട് റോയ്‌ട്ടേഴ്‌സും അസോസിയേറ്റഡ് പ്രസും
കഴിഞ്ഞ മാസം ഗാസയിലെ അല്‍ നസ്സര്‍ ആശുപത്രിക്ക് സമീപമുണ്ടായ ആക്രമണത്തില്‍ തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രയേലിനോട് വിശദീകരണം ചോദിച്ച് വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്‌സും അസോസിയേറ്റഡ് പ്രസും. സ്ഥാപനങ്ങളുടെ എഡിറ്റര്‍മാരായ അലെസാന്ദ്ര ഗല്ലോണി. ജൂലി പെയ്‌സ് എന്നിവരാണ് ഇസ്രയേലിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
എപിയ്ക്കും മറ്റ് ഏജന്‍സികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന വിഷ്വല്‍ ജേണലിസ്റ്റ് മറിയം ദഗ്ഗ, റോയിട്ടേഴ്‌സ് ക്യാമറ പേഴ്‌സണ്‍ ഹുസ്സാം അല്‍ മസ്രി, ഫ്രീലാന്‍സ് ജേണലിസ്റ്റ് മൊവാസ് അബു താഹ എന്നിവരാണ് നാസ്സര്‍ ആശുപത്രിക്ക് സമീപം ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് ഐഡിഎഫ് പറയുന്നത്.
'കൃത്യമായ ഒരു മറുപടി ലഭിക്കാന്‍ ഇസ്രയേല്‍ അധികൃതരോട് ഞങ്ങള്‍ വീണ്ടും ആവശ്യപ്പെടുകയാണ്. ഇസ്രയേൽ സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം. ഞങ്ങളുടെ പ്രതിനിധികളുടെ മരണത്തില്‍ അത്യധികം ബുദ്ധിമുട്ടുണ്ട്,' എപിയും റോയ്‌ട്ടേഴ്‌സും പ്രസ്താവനയില്‍ പറഞ്ഞു.
2023 ഒക്ടോബര്‍ 7 ന് ഇസ്രയേലിലുണ്ടായ ഹമാസ് ആക്രമണത്തില്‍ പങ്കെടുത്തവരെ ലക്ഷ്യമിട്ടുള്ള നടപടിയെന്നായിരുന്നു ഇസ്രയേല്‍ സൈന്യം നേരത്തെ പ്രതികരിച്ചിരുന്നു.