അമേരിക്കൻ യാഥാസ്ഥിതിക രാഷ്ട്രീയപ്രവർത്തകനും സംവാദകനുമായ ചാർളി കേർക്കിനെ കൊലപ്പെടുത്തിയെന്ന് ടെയ്‌ലർ റോബിൻസൺ റൂം മേറ്റിനോട് പറഞ്ഞതായി പ്രൊസിക്യൂഷൻ. തന്‍റെ കീബോർഡിന്‍റെ അടിയിൽ , കൊലചെയ്യാൻ പോകുന്നു എന്ന് എഴുതിയ കുറിപ്പ് വെച്ചിരുന്നുവെന്നും ടെക്സ്റ്റ് മേസേജിൽ കുറ്റസമ്മതം നടത്തിയെന്നും പ്രോസിക്യൂഷൻ പറയുന്നു. കേർക്കിന്‍റെ കൊലപാതകത്തില്‍ പ്രതിയായ 22കാരൻ ടെയ്‌ലർ റോബിൻസണ് വധശിക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രോസിക്യൂഷന്‍. പ്രതി സുഹൃത്തിനോട് കുറ്റസമ്മതം നടത്തുന്ന സന്ദേശങ്ങളടക്കം, കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നീക്കം.
ചാർളി കേർക്കിനെ താൻ കൊലപ്പെടുത്തിയെന്ന് തന്‍റെ റൊമാന്‍റിക് പാർട്ണർ കൂടിയായ റൂം മേറ്റിനോട് ടെയ്‌ലർ റോബിൻസൺ കുറ്റസമ്മതം നടത്തിയതായാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. തന്‍റെ കീബോഡിന്‍റെ അടിയിൽ റോബിൻസൺ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് വെച്ചിരുന്നുവെന്നും യൂട്ടാ അറ്റേണി ജെഫ്രി ഗ്രേ പറഞ്ഞു. കുറിപ്പ് വായിച്ച റൂംമേറ്റും ടെയ്‌ലറും തമ്മിലുള്ള തുടർ റ്റെക്സ്റ്റുകളും കുറ്റസമ്മതത്തിന് തെളിവായി പ്രോസിക്യൂഷൻ എടുത്തുകാട്ടുന്നു . ''ചാർളി കേർക്കിനെ കൊല്ലാൻ എനിക്ക് ഒരു അവസരം കിട്ടിയിട്ടുണ്ട്, ഞാൻ അത് എടുക്കാൻ പോകുന്നു'' എന്നാണ് കുറിപ്പിൽ ഉണ്ടായിരുന്നത് എന്ന് പ്രോസിക്യൂഷൻ പറയുന്നു.
ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിലാണ് ടെയ്‌ലറും പങ്കാളിയും തമ്മിലുണ്ടായി എന്ന് കരുതപ്പെടുന്ന റ്റെക്സ്റ്റ് മെസേജുകളും ജെഫ്രി ഗ്രേ ഹാജരാക്കിയത്. ''ഇപ്പോൾ ചെയ്യുന്നത് നിർത്തി എന്‍റെ കീബോഡിന്‍റെ അടിയിൽ നോക്കൂ'' എന്നൊരു സന്ദേശമാണ് ആദ്യം ടെയ്‌ലർ അയച്ചത്.കുറിപ്പ് വായിച്ച് ഞെട്ടൽ രേഖപ്പെടുത്തിയ റൂം മേറ്റ് ''ഇത് തമാശയാണോ'' എന്നാണ് ആദ്യം ടെയ്‌ലറോട് ചോദിക്കുന്നത്. തുടർന്നു നടന്ന റ്റെക്സ്റ്റ് സംഭാഷണത്തിലാണ് താൻ തന്നെയാണ് കേർക്കിനെ കൊലപ്പെടുത്തിയതെന്ന് ടെയ്‌ലർ പറയുന്നത്.
'' എന്തിന് അത് ചെയ്തു'' എന്ന ചോദ്യത്തിന് കേർക്കിന്‍റെ വിദ്വേഷം മതിയായെന്നും ചില വെറുപ്പുകളോട് സന്ധിയില്ലെന്നും റ്റൈലർ പറഞ്ഞതായി പ്രോസിക്യൂഷൻ പുറത്തുവിട്ട ചാറ്റ് റെക്കോഡിൽ ഉണ്ട്. ഒരാഴ്ചയായി താൻ കൃത്യം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് ടെയ്‌ലർ പറഞ്ഞതായും റ്റെക്സ്റ്റ് സന്ദേശങ്ങളിലുണ്ട്. ട്രംപ് അധികാരമേറ്റശേഷം തന്‍റെ പിതാവ് കടുത്ത 'മാഗ' ആരാധകനായി എന്നും സന്ദേശത്തിൽ റ്റൈലർ പറയുന്നു. ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ മെയ്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ൻ എന്നതിന്‍റെ ചുരുക്കമാണ് 'മാഗ'. കൊല്ലപ്പെട്ട ചാർളി കേർക്ക് 'മാഗ' പ്രചാരകനായിരുന്നു.
തന്‍റെ മുത്തച്ഛന്‍റെ റൈഫിളാണ് കേർക്കിനെ വെടിവെക്കാൻ ഉപയോഗിച്ചതെന്നും ടെയ്‌ലറും റൂംമേറ്റും തമ്മിലുള്ളതെന്ന് കരുതപ്പെടുന്ന സന്ദേശങ്ങളിലുണ്ട്. ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്നും പൊലീസ് ചോദിച്ചാൽ അഭിഭാഷക സാന്നിധ്യത്തിൽ മൗനം പാലിക്കാനും ടെയ്‌ലർ ഉപദേശിക്കുന്നതായും പ്രോസിക്യൂഷൻ പുറത്തുവിട്ട സംഭാഷണത്തിലുണ്ട്. 22 കാരനായ ടെയ്‌ലർ റോബിൻസണിനെതിരെ കൊലപാതകം അടക്കം 7 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം നിഷേധിക്കപ്പെട്ട ടെയ്‌ലറെ യൂട്ടാ കൌണ്ടി ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
സെപ്റ്റംബർ 10നാണ് യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ സംവാദപരിപാടിക്കിടെ ചാർളി കേർക്ക് വെടിയേറ്റ് കൊല്ലപ്പെടുന്നത്. കൊലപാതകസ്ഥലത്ത് നിന്ന് കണ്ടെത്തിയ തോക്കില്‍ നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകളടക്കം മറ്റുതെളിവുകളും കേസില്‍ നിർണ്ണായകമാണ്. വധശിക്ഷ നിയമവിധേയമായ യുഎസ് സ്റ്റേറ്റുകളിലൊന്നായ യൂട്ടായിലാണ് പ്രതിയുടെ വിചാരണ നടക്കുന്നത്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ളവർ വധശിക്ഷയ്ക്കായി ആഹ്വാനം ചെയ്തിട്ടുണ്ട്.