വാഷിങ്ടൺ: താരിഫ് യുദ്ധത്തിൽ ഇന്ത്യക്ക് ഇളവ് നൽകാൻ യുഎസ് നീക്കം.ഇന്ത്യക്കെതിരായ താരിഫ് കുറയ്ക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചെന്ന് ട്രംപ് വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ താരിഫ് കുറയ്ക്കുന്നത് പരിഗണനയിലെന്നും ട്രംപ് പറഞ്ഞു. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയർന്ന തീരുവ നേരിടുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. പുതിയ വ്യാപാര കരാറിന് അന്തിമരൂപം നൽകുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞതോടെയാണ് താരിഫ് വിഷയത്തിൽ സൂചന ലഭിച്ചത്.
ഇന്ത്യയുമായുള്ള ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായതായും, കരാറിലേക്ക് അടുക്കുന്നതായും ട്രംപ് വ്യക്തമാക്കിയിരുന്നു. മോസ്‌കോയുമായുള്ള ഡൽഹിയുടെ ഊർജ കരാറുകളെ അടിസ്ഥാനമാക്കി ഓഗസ്റ്റിൽ ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ 50% ആയി ഇരട്ടിയാക്കിയതിന് മാസങ്ങൾക്ക് ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ പുതിയ പരാമർശം.
യുക്രെയ്‌നിലെ അധിനിവേശവും യുദ്ധവും അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമേൽ സമ്മർദ്ദ തന്ത്രമായാണ് ഈ നീക്കത്തെ കാണുന്നത്. വ്യാപാര ചർച്ചകളെക്കുറിച്ച് ചോദിച്ചപ്പോൾ മുമ്പ് ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായൊരു കരാർ തയ്യാറാക്കുകയാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.