വീണ്ടും റഷ്യ യുക്രെയ്ൻ സമാധാന ചർച്ച; തീയതി അറിയിച്ച് സെലൻസ്‌കി

എന്നാല്‍, ഇരുപക്ഷവും മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍ വിപരീത കാഴ്ചപ്പാടുകള്‍ ഉള്ളവയായ സാഹചര്യത്തില്‍ മേഖലയില്‍ സമാധാനം പനഃസ്ഥാപിക്കാന്‍ ശക്തമായ നയതന്ത്ര ചർച്ചകള്‍ വേണ്ടിവന്നേക്കും
വൊളോഡിമർ സെലൻസ്‌കി
വൊളോഡിമർ സെലൻസ്‌കി
Published on

മോസ്കോ: ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകളുടെ തുടർച്ചയായി ബുധനാഴ്ച റഷ്യയുമായി ചർച്ചകൾ നടത്തുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി. യുക്രെയ്‌നുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യയും അറിയിച്ചു.

ചർച്ചകളുടെ തുടക്കം എന്ന നിലയ്ക്ക് ഇരുരാജ്യങ്ങളും കരട് മെമ്മോറാണ്ടം തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍, ഇരുപക്ഷവും മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍ വിപരീത കാഴ്ചപ്പാടുകള്‍ ഉള്ളവയായ സാഹചര്യത്തില്‍ മേഖലയില്‍ സമാധാനം പനഃസ്ഥാപിക്കാന്‍ ശക്തമായ നയതന്ത്ര ചർച്ചകള്‍ വേണ്ടിവന്നേക്കും.

"ഇന്ന്, ഞാൻ യുക്രേനിയൻ സുരക്ഷാ കൗൺസിൽ മേധാവി റസ്റ്റം ഉമെറോവുമായി കൈമാറ്റത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും റഷ്യൻ പക്ഷവുമായി തുർക്കിയിലെ മറ്റൊരു കൂടിക്കാഴ്ചയെക്കുറിച്ചും ചർച്ച ചെയ്തു. കൂടിക്കാഴ്ച ബുധനാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് ഉമെറോവ് റിപ്പോർട്ട് ചെയ്തു, സെലന്‍സ്കി തിങ്കളാഴ്ച പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ ചൊവ്വാഴ്ച അറിയിക്കാമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

വൊളോഡിമർ സെലൻസ്‌കി
ശശി തരൂർ ഉപരാഷ്ട്രപതിയായേക്കും? ആരിഫ് മുഹമ്മദ്‌ ഖാൻ, പിഎസ് ശ്രീധരൻ പിള്ള എന്നിവരും പരിഗണനയിൽ

അതേസമയം, അടുത്ത റൗണ്ട് ചർച്ചകൾക്കുള്ള തീയതിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായാലുടൻ റഷ്യയുടെ ഭാഗത്ത് നിന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. "ഞങ്ങളുടെ പക്കല്‍ ഒരു കരട് മെമ്മോറാണ്ടമുണ്ട്. യുക്രെയ്ന്‍ കൈമാറിയ ഒരു കരട് മെമ്മോറാണ്ടവുമുണ്ട്. പരസ്പര വൈരുദ്ധ്യം നിലനില്‍ക്കുന്ന ഈ കരടുകളില്‍ വിശദമായ ചർച്ചകള്‍ നടത്തേണ്ടതുണ്ട്", പെസ്‌കോവ് പറഞ്ഞു.

മെയ് 16 നും ജൂൺ 2നും യുക്രെയ്‌നും റഷ്യയും ഇസ്താംബൂളിൽ രണ്ട് റൗണ്ട് സമാധാന ചർച്ചകൾ നടത്തിയിരുന്നു. ചർച്ചകളില്‍ വെടിനിർത്തല്‍ സംബന്ധിച്ച് ധാരണയായിരുന്നില്ല. എന്നാല്‍, ചർച്ചയുടെ ഭാഗമായി യുദ്ധത്തിനിടെ പരിക്കേറ്റ സൈനികരെയും മരിച്ചവരുടെ മൃതദേഹങ്ങളും ഇരുരാജ്യങ്ങളും കൈമാറി. നിരുപാധിക വെടിനിർത്തല്‍ എന്ന യുക്രെയ്‌ന്റെ ആവശ്യം റഷ്യ നിഷേധിക്കുകയായിരുന്നു. കടുത്ത ഉപാധികളാണ് റഷ്യ മുന്നോട്ടുവെച്ചത്.

യുക്രെയ്‌ന്റെ 20 ശതമാനം വരുന്ന പ്രദേശത്ത് നിന്ന് യുക്രെയ്ന്‍ സൈന്യത്തെ പിന്‍വലിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് റഷ്യ ചർച്ചയില്‍ വ്യക്തമാക്കി. നാറ്റോ ഉള്‍പ്പടെ ഒരു സൈനിക സഖ്യത്തിലും യുക്രെയ്ന് അംഗത്വം നല്‍കരുത്. യുക്രൈൻ സൈന്യത്തിന്റെ പുനർവിന്യാസം അനുവദിക്കരുത്. വിദേശ- സൈനിക- ഇന്റലിജൻസ് സഹായങ്ങള്‍ നിർത്തലാക്കണം. 100 ദിവസത്തിനുള്ളിൽ യുക്രെയ്നിലെ പട്ടാളനിയമം പിന്‍വലിച്ച് പ്രസിഡന്‍റ് - പാർലമെന്‍ററി തെരഞ്ഞെടുപ്പുകള്‍ നടത്തണം. ഔദ്യോഗിക ഭാഷയായി റഷ്യൻ ഉപയോഗിക്കുക, റഷ്യയ്‌ക്കെതിരായ അന്താരാഷ്ട്ര ഉപരോധങ്ങൾ പിൻവലിക്കുക എന്നിവയായിരുന്നു മറ്റാവശ്യങ്ങള്‍. റഷ്യ പിടിവാശി തുടർന്നതോടെയാണ് ചർച്ച ഉദ്ദേശഫലം കാണാതെ പിരിഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com