

റഷ്യ-യുക്രെയ്ൻ സമാധാന കരാർ വൈകുന്നതിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അങ്ങേയറ്റം നിരാശനാണെന്ന് വൈറ്റ് ഹൗസ് . റഷ്യ- യുക്രെയ്ൻ യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും ട്രംപ്. കഴിഞ്ഞ മാസം മാത്രം 25000 പേരാണ് യുദ്ധത്തെ തുടർന്ന് മരിച്ചതെന്നും ട്രംപ് വെളിപ്പെടുത്തി.
നാല് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി യുഎസ് ആണ് മധ്യസ്ഥത വഹിക്കുന്നത്. എന്നാൽ ചർച്ചകൾ ഒന്നും ഫലം കാണുന്നില്ലെന്നും ഇത്തരം ചർച്ചകൾ ട്രംപിന് മടുത്തെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൊലൈൻ ലീവിറ്റ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ് ആത്മാർഥമായി ആഗ്രഹിക്കുന്നു.അതിനാൽ ഏതെങ്കിലും തരത്തിലുള്ള നടപടികൾ കൈക്കൊള്ളുന്ന ചർച്ചകൾ വേണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും കരൊലൈൻ ലീവിറ്റ് വ്യക്തമാക്കി.
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സുരക്ഷാ കരാറിൻ്റെ ഭാഗമായി യുക്രെയ്നിന് സഹായം നൽകാൻ തയ്യാറാണെന്നും ട്രംപ് അറിയിച്ചു. എന്നിരുന്നാലും,യുക്രെയ്ൻ പ്രസിഡൻ്റ് വ്ളോഡിമർ സെലെൻസ്‌കി അമേരിക്കൻ സമാധാന പദ്ധതിയിൽ ഒപ്പുവെക്കാത്തതിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.ഡോൺബാസ് മേഖല റഷ്യയ്ക്ക് കൈമാറണോ വേണ്ടയോ എന്ന കാര്യത്തിൽ യുക്രെയ്നിയൻസിന് വോട്ട് ചെയ്യാൻ അനുവാദം നൽകുന്നത് സംബന്ധിച്ച അഭിപ്രായം സെലെൻസ്‌കി മുന്നോട്ടുവച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പരാമർശം. നാല് വർഷത്തെ അധിനിവേശത്തിൽ റഷ്യൻ സൈന്യത്തിന് പിടിച്ചെടുക്കാൻ കഴിയാത്ത ഡൊണെറ്റ്‌സ്ക്, ലുഹാൻസ്ക് മേഖലകളുടെ പ്രദേശങ്ങൾ ഉൾപ്പെടുന്ന കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് ഉക്രെയ്ൻ തങ്ങളുടെ സൈന്യത്തെ പിൻവലിക്കണമെന്നാണ് റഷ്യയുടെ ആവശ്യം.