രണ്ടുവയസ്സുള്ള ഇറാനിയൻ കുഞ്ഞിന് നേരെ റഷ്യൻ യുവാവിൻ്റെ ക്രൂരത. റഷ്യയിലെ വിമാനത്താവളത്തിൽ നിന്നും കുഞ്ഞിനെ എടുത്ത് തറയിലടിച്ചു. ഇറാന്‍ സ്വദേശിയുടെ കുഞ്ഞിനു നേരെയാണ് അതിക്രമം. പ്രതി ലഹരിക്ക് അടിമയാണെന്ന സംശയത്തിലാണ് പൊലീസ്.
റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. ഇറാൻ ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാടുവിട്ട ഇറാൻ സ്വദേശിയുടെ കുഞ്ഞിനെ ഇയാൾ എടുത്ത് തറയിലടിക്കുകയായിരുന്നു. ബെലാറസുകാരനായ വ്‌ലാഡിമിര്‍ വിറ്റകോവാണ് യാതൊരു പ്രകോപനവുമില്ലാതെ ഈ ക്രൂരത ചെയ്തത്.
മനുഷ്യത്വരഹിത ക്രൂരതയുടെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കുഞ്ഞിനെ ഇരുത്താനുള്ള ട്രോളിയെടുക്കാനായി അമ്മ പോയതിനിടെയായിരുന്നു പ്രതിയുടെ ആക്രമണം. കുട്ടിയുടെ അരികിൽ നിലയുറപ്പിച്ച പ്രതി, ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി. ശേഷം കുഞ്ഞിനെ എടുത്തുയർത്തി തറയിലടിക്കുകയായിരുന്നു. തുടർന്ന് ഇയാൾ യാതൊരു കൂസലുമില്ലാതെ കൂളിങ് ഗ്ലാസുകൾ വെക്കുന്നതായും കാണാം.
അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിനു സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി നിലവില്‍ കോമ അവസ്ഥയിലാണ്. ഇസ്രയേൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടാണ് രണ്ടരവയസുള്ള കുഞ്ഞുമായി കുടുംബം റഷ്യയിലെത്തിയത്.
വിമാനത്താവളത്തിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് പ്രതിയെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നില്‍ വംശീയ വിദ്വേഷമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി വ്ലാഡിമിര്‍ മയക്കുമരുന്നിന് അടിമയാണോ എന്നും പൊലീസ് സംശയിക്കുന്നു.