രഹസ്യങ്ങൾ ചോർത്തി നൽകിയ ശേഷം യുക്രെയ്നിലേക്ക് രക്ഷപ്പെട്ട് റഷ്യൻ ഓഫീസർ

ദ വാൾ സ്ട്രീറ്റ് ജേണൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്
രഹസ്യങ്ങൾ ചോർത്തി നൽകിയ ശേഷം യുക്രെയ്നിലേക്ക് രക്ഷപ്പെട്ട് റഷ്യൻ ഓഫീസർ
Published on: 
Updated on: 

സ്വന്തം സൈന്യത്തെ വഞ്ചിച്ചുകൊണ്ട് റഷ്യൻ മിലിറ്ററി രഹസ്യങ്ങളും യുദ്ധ പ്ലാനുകളും ഉക്രെയ്ന് ചോർത്തി നൽകിയ 26-കാരനായ റഷ്യൻ സൈനിക ഓഫീസർ ലെഫ്റ്റനന്റ് ലെവ് സ്തുപ്നിക്കോവ് ഉക്രെയ്നിലേക്ക് രക്ഷപ്പെട്ടു. മുന്നൂറിലധികം റഷ്യൻ സൈനികരുടെ മരണത്തിന് ഇടയാക്കിയ രഹസ്യവിവരങ്ങൾ കൈമാറിയ ശേഷമാണ് ഇദ്ദേഹം യുദ്ധമുനമ്പ് കടന്ന് ഉക്രെയ്ൻ സേനയ്ക്കൊപ്പം ചേർന്നത്. ദ വാൾ സ്ട്രീറ്റ് ജേണൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

റഷ്യൻ മിലിറ്ററി അക്കാദമിയിൽ നിന്ന് പഠിച്ചിറങ്ങിയ സ്തുപ്നിക്കോവ്, വുഹ്ലെദാർ കീഴടക്കാൻ ചുമതലപ്പെടുത്തിയ ഒരു റഷ്യൻ ബെറ്റാലിയനിൽ ചീഫ് സിഗ്നൽസ് ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു. റഷ്യൻ സൈനിക നീക്കങ്ങൾ, യുദ്ധ പ്ലാനുകൾ, ഡ്രോൺ വിവരങ്ങൾ എന്നിവയുടെ പൂർണ്ണ നിയന്ത്രണം ഇദ്ദേഹത്തിനായിരുന്നു. ഈ പദവി ഉപയോഗിച്ച് റഷ്യൻ ലൊക്കേഷനുകൾ ഇദ്ദേഹം യുക്രെയ്ൻ ഇന്റലിജൻസിന് കൃത്യമായി കൈമാറി. ഒരു ഘട്ടത്തിൽ വയറുവേദനയാണെന്ന് പറഞ്ഞുമാറിയ സ്തുപ്നിക്കോവ് നൽകിയ ലൊക്കേഷനിലേക്ക് യുക്രെയ്ൻ നടത്തിയ മിസൈൽ ആക്രമണത്തിൽ കേണൽ ഗുസെയിൻ മുസായേവ് അടക്കം 68 റഷ്യൻ സൈനികർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റഷ്യ യുക്രെയ്നിൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സ്തുപ്നിക്കോവിന്റെ അമ്മ ടാറ്റിയാന യാന്റ്സെൻ ആണ് 2024 ഫെബ്രുവരിയിൽ യുക്രെയ്ൻ ഇന്റലിജൻസുമായി ബന്ധപ്പെടുന്ന ഏജന്റായ ഡിമിട്രോ കർപെൻകോയെ സമീപിച്ചത്. പിന്നീട് മാസങ്ങൾ നീണ്ട പ്ലാനിംഗിനൊടുവിലാണ് സ്തുപ്നിക്കോവിന്റെ രക്ഷപ്പെടൽ സാധ്യമാക്കിയത്.

2024 ജൂലൈയിൽ രാത്രിയുടെ മറവിൽ സ്വന്തം യൂണിറ്റിൽ നിന്നും രക്ഷപ്പെട്ട സ്തുപ്നിക്കോവ്, യുക്രെയ്ന്റെ 72-ാം ബ്രിഗേഡിന്റെ ക്യാമ്പിലെത്തി. മുൻകൂട്ടി നിശ്ചയിച്ചിരുന്ന 'പീനട്ട് ഷോപ്പ്' എന്ന രഹസ്യ കോഡ് വാക്ക് പറഞ്ഞാണ് ഇദ്ദേഹം യുക്രെയ്ൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയത്.

നിലവിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെതിരെ പോരാടുന്ന 'റഷ്യൻ വോളന്റിയർ കോർപ്സി'ൽ ചേർന്ന് കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റായി പ്രവർത്തിക്കുകയാണ് സ്തുപ്നിക്കോവ്. 2025 ഫെബ്രുവരിയിൽ ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയും മോൾഡോവ വഴി യുക്രെയ്നിലേക്ക് കടക്കുകയും ചെയ്തു.

റഷ്യയെയും സ്വന്തം വിവാഹബന്ധത്തെയും വഞ്ചിച്ചുവെന്ന് ആരോപിച്ച് ഭാര്യ ഇദ്ദേഹവുമായുള്ള ബന്ധം ഉപേക്ഷിച്ചു. എന്നാൽ റഷ്യൻ ഭരണഘടന സംരക്ഷിക്കുമെന്നാണ് താൻ പ്രതിജ്ഞയെടുത്തതെന്നും പുടിന്റെ അധിനിവേശം ആ തത്ത്വങ്ങളെ തകർത്തതുകൊണ്ടാണ് താൻ ഈ വഴി തിരഞ്ഞെടുത്തതെന്നും സ്തുപ്നിക്കോവ് വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com