
2022ൽ പ്രസംഗ വേദിയില്‍ വെച്ച് ആക്രമണത്തിനിരയായ സംഭവത്തെ താൻ അതിജീവിച്ചുവെന്ന് പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി.ന്യൂയോര്‍ക്കിലെ ഒരു വേദിയില്‍ വെച്ചാണ് ആക്രമണത്തിന് ഇരയാകുന്നത്. ആക്രമണത്തില്‍ സല്‍മാന്‍ റുഷ്ദിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പുതിയ പുസ്തകത്തെക്കുറിച്ച് ഹായി ഫെസ്റ്റിവലില്‍ സംസാരിക്കുന്നതിനിടെയാണ് ആക്രമണത്തെക്കുറിച്ച് അദ്ദേഹം വീണ്ടും സംസാരച്ചത്. അടുത്തിടെ തന്റെ ജീവിതത്തില്‍ ഒരു പ്രധാനപ്പെട്ട നിമിഷം നടന്നുവെന്നും, ജീവിതത്തില്‍ വീണു പോയിടത്ത് നിന്ന് എഴുന്നേറ്റ് നില്‍ക്കാനാവുമെന്ന് കാണിക്കുന്നതിനായി താനും ഭാര്യ എലീസയും കൂടി അന്ന് ആക്രമണം നടന്ന പോയ സ്ഥലത്ത് ഒരിക്കല്‍ കൂടി പോയി നിന്നുവെന്നും സല്‍മാന്‍ റുഷ്ദി പറഞ്ഞു. സംഭവത്തില്‍ പ്രതിയായ 27 കാരന്‍ ഹാദി മതാറിനെ കഴിഞ്ഞ മാസം 25 വര്‍ഷത്തേക്ക് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
'ഫിക്ഷനെക്കുറിച്ച് വീണ്ടും സംസാരിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. കാരണം ആക്രമണം നടന്നതുമുതല്‍ എല്ലാവരും അന്വേഷിക്കുന്നത് ആക്രമണത്തെക്കുറിച്ച് മാത്രമാണ്. പക്ഷെ ആ സംഭവത്തെ ഞാന്‍ അതിജീവിച്ചു,' സല്‍മാന്‍ റുഷ്ദി പറഞ്ഞു.
സല്‍മാന്‍ റുഷ്ദിക്ക് 2022ലെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകളാണ് പറ്റിയത്. അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും കരളിന് കോട്ടം തട്ടുകയും ഒരു കൈ തളര്‍ന്ന് പോവുകയും ചെയ്തിരുന്നു. 'ദ സാത്താനിക് വേഴ്‌സസ്' എന്ന വിവാദ നോവല്‍ പുറത്തുവന്ന് 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റുഷ്ദിക്കെതിരെ നേരിട്ട് ഒരു ആക്രമണം ഉണ്ടായത്. മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് നിരവധി ഭീഷണികളും സല്‍മാന്‍ റുഷ്ദിക്കെതിരെ ഉണ്ടായിരുന്നു.
ശക്തമായ സുരക്ഷയോടെയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ സല്‍മാന്‍ റുഷ്ദി എത്തിയത്. നവംബറില്‍ അദ്ദേഹത്തിന്റെ പുതിയ ചെറുകഥാ സമാഹാരം പുറത്തിറങ്ങും. ആക്രമണത്തിന് ശേഷം പുറത്തിറങ്ങുന്ന ആദ്യത്തെ പുസ്തകമായിരിക്കും ഇത്.