റിയാദ്: വിമാനത്താവളങ്ങൾക്കും എണ്ണ ശുദ്ധീകരണശാലകൾക്കും നേരെയുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തൽ ഉറപ്പാക്കാനുമായി യെമനിലെ ഹൂതി വിമതർക്ക് ഇറാൻ വഴി സൗദി അറേബ്യ 100 കോടി ഡോളർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ . സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ ഇറാൻ തലസ്ഥാനമായ ടെഹ്റാനില്‍ നടന്ന അതീവ രഹസ്യവും നിർണായകവുമായ ചർച്ചകളിലാണ് ഈ നീക്കം നടന്നതെന്ന് ഗൾഫിലെ നയതന്ത്ര വൃത്തങ്ങളെയും ഇസ്രായേലി മാധ്യമങ്ങളെയും ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സൗദി മന്ത്രി സഞ്ചരിച്ച ഹെർക്കുലീസ് സൈനിക ചരക്കുവിമാനത്തിൽ തന്നെയാണ് പണം നേരിട്ട് ടെഹ്റാനിലേക്ക് എത്തിച്ചതെന്നും ഒരു നയതന്ത്ര പ്രതിനിധി അവകാശപ്പെട്ടെങ്കിലും, പണമിടപാടിന്റെ കാര്യത്തിൽ സൗദി ഭരണകൂടം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറൽ മൊഹ്സൻ റെസായി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ തുർക്കി ഇന്റലിജൻസ് മേധാവി ഇബ്രാഹിം കാലിൻ, പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എന്നിവരും പങ്കെടുത്ത വൻ നയതന്ത്ര ഉച്ചകോടിയാണ് ടെഹ്റാനില്‍ അരങ്ങേറിയത്.
മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഖത്തറും പാകിസ്ഥാനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി 'മക്ക ജോയിന്റ് ഡിഫൻസ് അലയൻസ്' പ്രതിനിധികൾക്കൊപ്പം സൗദി പ്രതിരോധ മന്ത്രി
ടെഹ്റാന്‍ സന്ദർശിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി എണ്ണപ്പാടങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളും, ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ഭീഷണികളും കാരണം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയും സാമ്പത്തിക മേഖലയും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇറാൻ നേരിട്ട് മധ്യസ്ഥതയ്ക്ക് വഴിതുറന്നത്.
മൂന്ന് വർഷം മുൻപ് ഇരുവിഭാഗങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും യുദ്ധത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനുമായി സൗദി അറേബ്യ സാമ്പത്തിക സഹായം നൽകാൻ വ്യവസ്ഥയുണ്ടായിരുന്നുവെന്നും, സൗദി കരാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഹൂതികൾ വീണ്ടും ആക്രമണം ആരംഭിച്ചതെന്നും ഒരു സൗദി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
എന്നാൽ സൈനിക ബ്ലാക്ക്‌മെയിലിംഗിന് വഴങ്ങി പുതിയൊരു വെടിനിർത്തലിന് തയാറല്ലെന്നും, അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാരിൽ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങൾ ഹൂതികൾ തിരികെ നൽകാതെ ധനസഹായം കൈമാറില്ലെന്നുമാണ് റിയാദിന്റെ കർശന നിലപാട്. യുഎസ്-ഇസ്രായേൽ സൈനിക ഇടപെടലുകൾ ഒഴിവാക്കി പ്രാദേശിക ശക്തികളുടെ നേതൃത്വത്തിൽ പുതിയൊരു സുരക്ഷാ സഖ്യം രൂപീകരിക്കാനുള്ള ഇറാന്റെ തന്ത്രപരമായ നീക്കങ്ങൾക്ക് കൂടിയാണ് പുതിയ സംഭവം അടിവരയിടുന്നത് എന്നാണ് ആഗോള നയതന്ത്ര വൃത്തങ്ങള്‍ പറയുന്നത്.