മോസ്‌കോ: റഷ്യയിൽ ഭൂചലന പരമ്പരയെന്ന് റിപ്പോർട്ട്. ഒരു മണിക്കൂറിനിടെ 6 ഭൂചലനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
റഷ്യയുടെ പസഫിക് തീരത്ത് ഭൂകമ്പം രേഖപ്പെടുത്തിയതിനെ തുടർന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
റഷ്യയിലെ കംചത്ക മേഖലയുടെ തലസ്ഥാനമായ പെട്രോപാവ്ലോവ്സ്ക്-കംചത്സ്കിയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ (87 മൈൽ) കിഴക്കായിരുന്നു ഭൂകമ്പ പരമ്പരയുടെ പ്രഭവകേന്ദ്രങ്ങളായി രേഖപ്പെടുത്തിയത്. അവിടെ 1,60000 ൽ അധികം ജനസംഖ്യയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. യുഎസ്‌ജിഎസിൻ്റെ കണക്കനുസരിച്ച്, പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കി തീരത്ത് 32 മിനിറ്റിനുള്ളിലാണ് ഓരോ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തത്.
ആദ്യം വലിയ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പിടിഡബ്ല്യുസി പറഞ്ഞിരുന്നുവെങ്കിലും പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചു. രണ്ടാമത്തെ ഭൂകമ്പത്തെത്തുടർന്ന് റഷ്യയുടെ അടിയന്തര മന്ത്രാലയം സുനാമി മുന്നറിയിപ്പ് നൽകി, തീരദേശ വാസസ്ഥലങ്ങളിലെ താമസക്കാരോട് തീരത്ത് നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.