
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം കുറിച്ച് ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല. ഡ്രാഗൺ സ്പേസ്ക്രാഫ്റ്റിൻ്റെ പൈലറ്റാണ് ഇന്ത്യൻ പൗരനായ ശുഭാൻഷു. നേരത്തെ അമേരിക്കൻ പൗരത്വമുള്ള സുനിത വില്യംസ് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ എത്തിയിരുന്നുവെങ്കിലും അവർ ഇന്ത്യൻ വംശജ മാത്രമായിരുന്നു. അവർ ജനിച്ചതും വളർന്നും യുഎസിൽ തന്നെയായിരുന്നു.
ഇന്ത്യൻ സമയം വൈകിട്ട് 3.59നാണ് സ്പേസ് ക്രാഫ്റ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് തൊട്ടടുത്തെത്തിയത്. അഞ്ച് മീറ്റർ മാത്രം അകലെയായി നിലയുറപ്പിച്ച ശേഷം നിയന്ത്രിത വേഗത്തിലാണ് ഡ്രാഗൺ സ്പേസ്ക്രാഫ്റ്റിൻ്റെ മുന്നോട്ടുനീങ്ങിയത്. ഇന്ത്യൻ സമയം വൈകീട്ട് 4.01ന് ഡോക്കിങ് പ്രകിയ പൂർത്തിയായി. ഇതോടെ ബഹിരാകാശ പേടകം ഡ്രാഗൺ സ്പേസ്ക്രാഫ്റ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധം സ്ഥാപിച്ചു.
'ഹാർഡ് കാപ്ച്ചർ' അഥവാ 'ഹാർഡ് മേറ്റ്' എന്ന പ്രകിയ പൂർത്തിയായതായി സ്പേസ് എക്സ് ലൈവ് ഫീഡിലൂടെ പ്രഖ്യാപിച്ചു. ഡ്രാഗൺ ക്രൂ സ്പേസ് ക്രാഫ്റ്റും അന്താരാഷ്ട്ര ബഹിരാകാശ നിലയവും തമ്മിൽ 12 ഹുക്കുകൾ വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഡോക്കിങ്ങിന് തൊട്ടുപിന്നാലെ പോസ്റ്റ് ഡോക്കിങ് കോൺഫിഗറേഷൻ പ്രകിയയാണ് നടന്നത്.
'സോഫ്റ്റ് കാപ്ച്ചർ' എന്ന പ്രക്രിയയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ ഡോക്കിങ് ഭാഗവുമായി സ്പേസ് ക്രാഫ്റ്റിൻ്റെ ഡോക്കിങ് ഭാഗം അടുപ്പിച്ചു. അധികം വൈകാതെ പ്രഷർ ലീക്ക് ചെക്കിങ് നടന്നു. മിനിറ്റുകൾക്കകം യുഎസിലെ ഹൗസ്റ്റണിലുള്ള മിഷൻ കൺട്രോൾ കമാൻഡിങ് സെൻ്ററിൽ നിന്ന്, ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര നിലയത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള സന്ദേശമെത്തി.
ഇപ്പോൾ ഡ്രാഗൺ സ്പേസ് ക്രാഫ്റ്റ് പൂർണമായും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ നിയന്ത്രണത്തിലാണ്. ആശയവിനിമയവും പൂർണമായും ഈ നിലയവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.