എ.ഐ പരീക്ഷ കോപ്പിയടി : ദക്ഷിണ കൊറിയൻ വിദ്യാഭ്യാസ മന്ത്രി രാജിവച്ചു

സുനൂങ് പരീക്ഷയ്ക്ക് നാല് ദിവസം മുമ്പ് നവംബർ 15-ന് ദേശീയ ടാക്സ് അക്കൗണ്ടൻസി പരീക്ഷയിൽ ഒന്നാമതെത്തിയയാൾ എ.ഐ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി സമ്മതിച്ചതോടെയാണ് രാജ്യത്ത് വൻ വിവാദം പൊട്ടിപ്പുറപ്പെട്ടത്.
South Korea Education Minister Choi Kyo-jin Resigns Amid Suneung AI Cheating Scandal and Exam Chaos
South Korea Education Minister Choi Kyo-jin Resigns Amid Suneung AI Cheating Scandal and Exam ChaosNews Malayalam
Published on: 
Updated on: 

സോൾ: രാജ്യത്തെ ഞെട്ടിച്ച എ.ഐ പരീക്ഷാ തട്ടിപ്പ് വിവാദത്തിനും തുടർന്നുണ്ടായ കടുത്ത നിയന്ത്രണം ഉണ്ടാക്കിയ ആശയക്കുഴപ്പത്തിനും പിന്നാലെ ദക്ഷിണ കൊറിയൻ വിദ്യാഭ്യാസ മന്ത്രി ചോയ് ക്യോ-ജിൻ രാജിവെച്ചു. വ്യാഴാഴ്ച നവംബർ 19 നടന്ന വാർഷിക കോളേജ് പ്രവേശന പരീക്ഷയായ 'സുനൂങ്' പരീക്ഷയ്ക്ക് മുന്നോടിയായി വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ പരാജയപ്പെട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഞായറാഴ്ച അദ്ദേഹം രാജി സമർപ്പിച്ചത്. പ്രസിഡന്റ് ലീ ജെ മ്യുങ് രാജി സ്വീകരിച്ചതായി പ്രസിഡൻഷ്യൽ ഓഫീസ് അറിയിച്ചു.

സുനൂങ് പരീക്ഷയ്ക്ക് നാല് ദിവസം മുമ്പ് നവംബർ 15-ന് ദേശീയ ടാക്സ് അക്കൗണ്ടൻസി പരീക്ഷയിൽ ഒന്നാമതെത്തിയയാൾ എ.ഐ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി സമ്മതിച്ചതോടെയാണ് രാജ്യത്ത് വൻ വിവാദം പൊട്ടിപ്പുറപ്പെട്ടത്. വസ്ത്രത്തിൽ ഒളിപ്പിച്ച മിനി ക്യാമറ ഉപയോഗിച്ച് ചോദ്യങ്ങളുടെ ചിത്രമെടുത്ത് എ.ഐ സംവിധാനത്തിലേക്ക് അയക്കുകയും, സ്മാർട്ട്‌ഫോണിലൂടെ ഉത്തരങ്ങൾ വായിച്ചെഴുതുകയും ചെയ്തതായാണ് ഇയാൾ വെളിപ്പെടുത്തിയത്. കൂടാതെ, ലോ സ്കൂൾ പ്രവേശന പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ 32 കാരനായ ദന്തൽ വിദ്യാർത്ഥിക്കെതിരെയും സമാനമായ എ.ഐ തട്ടിപ്പ് ആരോപണം ഉയർന്നതും, ഇയാളെ വ്യാഴാഴ്ച സോളിലെ ഒരു മോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയതും വിവാദത്തിന് ആക്കം കൂട്ടിയതായി അനദൊലു ഏജൻസി റിപ്പോർട്ട് ചെയ്തു.

South Korea Education Minister Choi Kyo-jin Resigns Amid Suneung AI Cheating Scandal and Exam Chaos
ജപ്പാൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ദക്ഷിണ കൊറിയ

ദശലക്ഷക്കണക്കിന് ദക്ഷിണ കൊറിയക്കാരുടെ ഭാവിയും കരിയറും നിർണ്ണയിക്കുന്ന ഒമ്പത് മണിക്കൂർ നീളുന്ന സുനൂങ് പരീക്ഷയിൽ തട്ടിപ്പ് തടയാൻ അധികൃതർ അവസാന നിമിഷം കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. പരീക്ഷാ കേന്ദ്രങ്ങൾക്ക് സമീപമുള്ള പൊതു വൈ ഫൈ വിച്ഛേദിക്കുകയും, വിദ്യാർത്ഥികളുടെ കണ്ണടകൾ, വാച്ചുകൾ, ഷർട്ട് കോളറുകൾ, കൈകൾ എന്നിവ സൂക്ഷ്മമായി പരിശോധിക്കുകയും, വസ്ത്രത്തിലെ ബട്ടണുകൾക്ക് മുകളിൽ സ്റ്റിക്കറുകൾ ഒട്ടിക്കുകയും ചെയ്തു. ഇതിനുപുറമെ, പരീക്ഷാ ഹാളിൽ ഒളിപ്പിച്ചുവെച്ച ഫോണുകൾ കണ്ടെത്താനായി രാജ്യത്തെ മുഴുവൻ മൊബൈൽ ഫോണുകളിലേക്കും സൈലന്റ് മോഡിൽ പോലും ഉച്ചത്തിൽ ശബ്ദിക്കുന്ന മൂന്ന് ദേശീയ ദുരന്തനിവാരണ എമർജൻസി അലേർട്ടുകൾ സർക്കാർ അയച്ചു. ഈ അലേർട്ടുകളുടെ സഹായത്തോടെ പകുതിയോളം കേസുകൾ ഉൾപ്പെടെ ആകെ 111 ഇലക്ട്രോണിക് ഉപകരണ ക്രമക്കേടുകളാണ് വ്യാഴാഴ്ചത്തെ പരീക്ഷയിൽ കണ്ടെത്തിയത്. പരീക്ഷയിൽ 5.51 ലക്ഷം പേർ രജിസ്റ്റർ ചെയ്തതിൽ 4.97 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

അവസാന നിമിഷത്തെ പരിഷ്കാരങ്ങൾ വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും വലിയ ആശയക്കുഴപ്പമുണ്ടാക്കിയതിൽ ക്ഷമാപണം നടത്തിയ ചോയ് ക്യോ ജിൻ, മുൻകൂട്ടി തയ്യാറെടുപ്പ് നടത്തുന്നതിൽ വീഴ്ച പറ്റിയെന്ന വിമർശനത്തിൽ നിന്ന് തനിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് എക്സിൽ (X) കുറിച്ചു. തിങ്കളാഴ്ച നടന്ന പാർലമെന്ററി സമിതി യോഗത്തിൽ, പരീക്ഷാ ദിനത്തിൽ തട്ടിപ്പുകാരെ പിടികൂടാൻ അധികൃതർക്ക് കഴിയുമെന്ന് ആത്മവിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് "എന്റെ പ്രായം കാരണം അതിന് കഴിയുമെന്ന് എനിക്ക് ഉറപ്പില്ല" എന്ന് 72 കാരനായ മന്ത്രി നൽകിയ മറുപടി വലിയ ജനരോഷത്തിന് കാരണമായിരുന്നുവെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. കർശനമാക്കിയ പുതിയ നിയമപ്രകാരം, പരീക്ഷയിൽ തട്ടിപ്പ് നടത്തി പിടിക്കപ്പെടുന്ന വിദ്യാർത്ഥികളെ 10 വർഷത്തേക്ക് പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കാനും ക്രിമിനൽ പ്രോസിക്യൂഷൻ നേരിടാനും വ്യവസ്ഥയുണ്ട്. തട്ടിപ്പ് വിവരം നൽകുന്നവർക്ക് ഏകദേശം 75,000 ഡോളർ വരെ പാരിതോഷികവും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

South Korea Education Minister Choi Kyo-jin Resigns Amid Suneung AI Cheating Scandal and Exam Chaos
ചോദ്യപേപ്പർ ചോർച്ച തടയാൻ എഐയും വൻ ചോദ്യബാങ്കും പരീക്ഷ പൂര്‍ണ്ണമായി കമ്പ്യൂട്ടർ അധിഷ്ഠിതം : നിർണായക നിർദ്ദേശങ്ങളുമായി നന്ദൻ നിലേക്കനി