

നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഇരട്ട ഭൂചലനങ്ങളെ തുടർന്ന് വെനസ്വേലയിൽ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 7.2 ഉം 7.5 ഉം തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് വെനസ്വേലയിൽ ഉണ്ടായിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായതിനെത്തുടർന്ന് വെനിസ്വേലയുടെ പ്രധാന അന്താരാഷ്ട്ര കവാടമായ സൈമൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടുമെന്നും റോഡ്രിഗസ് പറഞ്ഞു.
ഭൂകമ്പത്തിൽ എത്രപേർ മരിച്ചിട്ടുണ്ടെന്നോ, എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്നോ ഉള്ള യാതൊരു വിധ കണക്കുകളും ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാൽ മരണസംഖ്യ 10000 കടന്നേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പരിക്കേറ്റവരെ പരിചരിക്കാൻ രാജ്യത്തെ എല്ലാ ആരോഗ്യ സംരക്ഷണ വിദഗ്ധരും ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്നും റോഡ്രിഗസ് ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം, കാരക്കാസിൽ നിന്ന് ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറ് മൊറോൺ കമ്മ്യൂണിറ്റിയുടെ പടിഞ്ഞാറ് ഭാഗത്താണ് 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം ഉണ്ടായത്. 21.9 കിലോമീറ്റർ ആഴത്തിലുണ്ടായ ഭൂകമ്പത്തിന് തൊട്ടു പിന്നാലെ 39 സെക്കൻഡിനുള്ളിൽ, 7.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ശക്തമായ ഭൂകമ്പം ഉണ്ടായി. 10 കിലോമീറ്റർ ആഴത്തിലായിരുന്നു അത്. ഈ രണ്ട് ഭൂകമ്പങ്ങൾക്കും "ഫോർഷോക്ക്" എന്നും "മെയിൻഷോക്ക്" എന്നുമാണ് പേരിട്ടിരിക്കുന്നത്. ഇതിന് പിന്നാലെ 20-ലധികം തുടർചലനങ്ങൾ ഉണ്ടായി.
ഭൂകമ്പത്തിന് പിന്നാലെ ആളുകൾ കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടുകയും മണിക്കൂറുകളോളം തെരുവുകളിൽ അഭയം പ്രാപിക്കുകയും ചെയ്തു. ഭൂകമ്പമുണ്ടായ സമയത്തുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.