
സർവകലാശാല പാഠ്യപദ്ധതികളിൽ നിന്ന് സ്ത്രീകൾ രചിച്ച പുസ്തകങ്ങൾ നീക്കം ചെയ്ത് അഫ്ഘാനിസ്താനിലെ താലിബാൻ ഭരണകൂടം. സ്ത്രീകൾ എഴുതിയ 140 പുസ്തകങ്ങളാണ് ആകെ നിരോധിച്ചത്. മനുഷ്യാവകാശം, ലൈംഗിക പീഡനം തുടങ്ങിയവയെക്കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. സ്ത്രീകൾ എഴുതിയെന്ന കാരണത്താൽ മാത്രം 'കെമിക്കൽ ലാബിലെ സുരക്ഷ' എന്നതടക്കം ശാസ്ത്ര പുസ്തകങ്ങളും അഫ്ഘാൻ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. ശരിയാ നിയമത്തിനും താലിബാൻ നയങ്ങൾക്കും വിരുദ്ധമായ 18 വിഷയങ്ങൾ പഠിപ്പിക്കുന്നതിനും വിലക്കുണ്ട്.
കഴിഞ്ഞ ദിവസം വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് പൂര്‍ണമായി നിരോധിക്കാന്‍ താലിബാന്‍ ഉത്തരവിട്ടിരുന്നു. താലിബാൻ്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദിന്റെ ഉത്തരവനുസരിച്ചാണ് തീരുമാനം. നിലവിൽ 10 പ്രവിശ്യകളിലെ ഫൈബർ-ഒപ്റ്റിക് ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ഉത്തരവ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അധാർമികത തടയുക എന്നതാണ് താലിബാൻ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
കുണ്ടുസ്, ബദക്ഷാന്‍, ബാഗ്ലാന്‍, തഖര്‍, ബല്‍ഖ് എന്നീ അഞ്ച് പ്രവിശ്യകളിലായി സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ മേഖല, പൊതു മേഖലാ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. നാല് വർഷം മുമ്പ് അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം താലിബാൻ കൊണ്ടുവന്ന നിരവധി നിയന്ത്രണങ്ങളിലെ ഏറ്റവും പുതിയതാണ് ഈ ഉത്തരവ്. നേരത്തെ ആറാം ക്ലാസിന് മുകളിലേക്ക് വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് പെൺകുട്ടികളെ വിലക്കിയിരുന്നു. 2024 അവസാനത്തോടെ മിഡ്‌വൈഫറി കോഴ്‌സുകൾക്കും താലിബാൻ നിരോധനം ഏർപ്പെടുത്തിയിരുന്നു.