ഇസ്ലാമാബാദ്: വാർഷികാഘോഷങ്ങളിൽ നിന്ന് അഫ്ഗാൻ സ്ത്രീകളെ വിലക്കി താലിബാൻ. സംഘടന അധികാരത്തിൽ തിരിച്ചെത്തിയതിന്റെ നാലാം വാർഷികാഘോഷങ്ങളിലാണ് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത്. ഓഗസ്റ്റ് 15നായിരുന്നു താലിബാൻ അഫ്ഗാനിസ്ഥാനിലെ അധികാരം തിരിച്ചെടുത്തതിൻ്റെ വാർഷികാഘോഷം.
ഹെലികോപ്ടറിൽ പൂക്കൾ വിതറിക്കൊണ്ടായിരുന്നു താലിബാൻ നാലാം വാർഷികാഘോഷം കൊണ്ടാടിയത്. ഇത് കാണാനായി അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കബൂളിൽ 10,000ത്തിലധികം പുരുഷന്മാർ ഒത്തുകൂടുകയും ചെയ്തു. എന്നാൽ 2022 നവംബർ മുതൽ പാർക്കുകളിലും വിനോദ മേഖലകളിലും പ്രവേശനം നിരോധിച്ചതിനാൽ തന്നെ പൂക്കൾ വിതറുന്നത് കാണാൻ സ്ത്രീകൾക്ക് സാധിച്ചിരുന്നില്ല. ഇതിനുപുറമെയാണ് താലിബാൻ സ്ത്രീകൾക്ക് പ്രത്യേകം വിലക്കേർപ്പെടുത്തിയത്.
വെള്ളിയാഴ്ച നടന്ന വാർഷിക പരിപാടിയിൽ മന്ത്രിസഭാ അംഗങ്ങളുടെ പ്രസംഗവുമുണ്ടായിരുന്നു. പുരുഷന്മാർ മാത്രമായിരുന്നു ഈ പരിപാടിയിലും പങ്കെടുത്തത്. അഫ്ഗാൻ അത്‌ലറ്റുകൾ പങ്കെടുക്കുന്ന ഒരു ഔട്ട്‌ഡോർ സ്‌പോർട്‌സ് പ്രകടനം പദ്ധതിയിട്ടിരുന്നെങ്കിലും അത് നടന്നില്ല.
രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധത്തിനൊടുവിലാണ് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുക്കുന്നത്. 2021 ഓഗസ്റ്റ് 15 ന് യുഎസും നാറ്റോയും സൈന്യത്തെ പിൻവലിച്ചതോടെ അഫ്ഗാനിസ്ഥാൻ താലിബാൻ്റെ കൈകളിലായി. പിന്നാലെയാണ് താലിബാൻ നേതാവായ ഹിബത്തുള്ള അഖുന്ദ്‌സാദയുടെ ഉത്തരവുകളെ അടിസ്ഥാനമാക്കി, സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ താലിബാൻ ഏർപ്പെടുത്തി തുടങ്ങിയത്.
ആറാം ക്ലാസിന് ശേഷമുള്ള വിദ്യാഭ്യാസം, ജോലികൾ, പൊതു ഇടങ്ങൾ തുടങ്ങി പല വിഷയങ്ങളിലും താലിബാൻ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിദേശ സർക്കാരുകളും ഐക്യരാഷ്ട്രസഭയും താലിബാൻ്റെ ഇത്തരം നടപടികളിൽ അപലപിച്ചു.