"താരിഫ് കൊണ്ട് നേട്ടം മാത്രം; ഇന്ത്യ-പാക് യുദ്ധം തീര്‍ന്നു, യുഎസ് സമാധാനപാലകരായി"; അവകാശവാദം തുടര്‍ന്ന് ട്രംപ്

താരിഫിന്റെ അധികാരം ഇല്ലായിരുന്നെങ്കില്‍, ഏഴ് യുദ്ധങ്ങളില്‍ കുറഞ്ഞത് നാലെണ്ണമെങ്കിലും ഉണ്ടാകുമായിരുന്നുവെന്നും ട്രംപ്
Donald Trump
യുഎസ് പ്രസിഡനറ് ഡൊണാള്‍ഡ് ട്രംപ്Source: Facebook
Published on

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം വീണ്ടും ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര ഭീഷണി ഉയര്‍ത്തിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന കരാറിന് മധ്യസ്ഥത വഹിച്ചതെന്നാണ് ട്രംപിന്റെ വാദം. അയല്‍ക്കാരായ ആണവരാജ്യങ്ങള്‍ തമ്മിലുള്ള സായുധ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് കാരണമായത് വിവാദമായ താരിഫ് ആണ്. ഈ താരിഫ് കാരണം യുഎസ് സമാധാനപാലകരായി. അത് യുഎസിന് നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ നേടിക്കൊടുക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

താരിഫ് സംബന്ധിച്ച നിലപാടില്‍ മാറ്റംവരുത്തുമോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. "താരിഫിന്റെ അധികാരം ഇല്ലായിരുന്നെങ്കില്‍, ഏഴ് യുദ്ധങ്ങളില്‍ കുറഞ്ഞത് നാലെണ്ണമെങ്കിലും ഉണ്ടാകുമായിരുന്നു. നിങ്ങള്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും കാര്യം നോക്കൂ. ഇരുവരും ഒരു ഏറ്റുമുട്ടലിന് സജ്ജമായിരുന്നു. ഏഴ് വിമാനങ്ങള്‍ വെടിവച്ചിട്ടു. എന്താണ് ഞാന്‍ പറഞ്ഞത് എന്നത് ഇപ്പോള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞാന്‍ പറഞ്ഞത് വളരെ ഫലപ്രദമായി. നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ നേടുക മാത്രമല്ല, താരിഫ് കാരണം ഞങ്ങള്‍ സമാധാനപാലകരുമായി" -ട്രംപ് പറഞ്ഞു.

Donald Trump
"തൻ്റെ ഇടപെടലിലൂടെ ഒഴിവായത് ആണവയുദ്ധം"; ഇന്ത്യ-പാക് വെടിനിർത്തലിൽ അവകാശവാദം തുടർന്ന് ട്രംപ്

ആദ്യമായല്ല ട്രംപ് ഇത്തരത്തില്‍ അവകാശവാദം ഉന്നയിക്കുന്നത്. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം നേരത്തെയും ട്രംപ് ഉന്നയിച്ചിട്ടുണ്ട്. ആണവയുദ്ധത്തിന്റെ പടിക്കലെത്തി നിന്ന യുദ്ധം തന്റെ ഇടപെടലിലൂടെയാണ് ഒഴിവായത്. ഇതുകൂടാതെ ചെറുതും വലുതുമായ ഏഴോളം യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. ഏഴില്‍ നാല് യുദ്ധങ്ങളും അവസാനിച്ചത് തന്റെ വ്യാപാര തന്ത്രങ്ങള്‍ കാരണമാണ്. സംഘര്‍ഷം അവസാനിപ്പിക്കാതെ വ്യാപാരം ചെയ്യില്ലെന്ന് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തീരുമാനം അറിയിക്കാന്‍ 24 മണിക്കൂര്‍ സമയവും നല്‍കിയിരുന്നു എന്നാണ് ട്രംപ് മുന്‍പൊരിക്കല്‍ പറഞ്ഞത്.

Donald Trump
"ഇതിനകം ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു, എനിക്കൊരു നോബേല്‍ പുരസ്കാരം ലഭിക്കണമെന്ന് എല്ലാവർക്കും ആഗ്രഹം"; യുഎന്‍ പൊതുസഭാ സമ്മേളനത്തിൽ സ്വയം പുകഴ്ത്തി ട്രംപ്

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെടുമ്പോഴേക്കും, ഏഴ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടിരുന്നുവെന്ന് ട്രംപ് രണ്ട് മാസം മുന്‍പും പറഞ്ഞിരുന്നു. അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടിരുന്നുവെന്ന പഴയ പ്രസ്താവനയാണ് ട്രംപ് ഏഴ് വിമാനങ്ങളെന്ന് തിരുത്തിയത്. അപ്പോഴും ആരുടെ യുദ്ധവിമാനങ്ങളാണ് തകർന്നതെന്ന കാര്യത്തില്‍ യാതൊരു സൂചനയും ട്രംപ് നൽകിയിരുന്നില്ല.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സൈനിക നടപടി ആരംഭിച്ചത്. പിന്നാലെ, പാകിസ്ഥാൻ്റെ ഭാഗത്തുനിന്നുള്ള അഭ്യര്‍ഥന പ്രകാരം ഇന്ത്യ സൈനികതല ചര്‍ച്ചകള്‍ ആരംഭിക്കുകയും സൈനിക നടപടി അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുന്നതിനു മുന്‍പേ ട്രംപ് ട്രൂത്ത് സോഷ്യലില്‍ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇന്ത്യ അന്നുതന്നെ ട്രംപിൻ്റെ അവകാശവാദം തള്ളിയിരുന്നു. എന്നിട്ടും താനാണ് സംഘർഷം അവസാനിപ്പിച്ചതെന്ന വാദം ട്രംപ് ആവര്‍ത്തിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com