

ധാക്ക: ബംഗ്ലാദേശില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധത്തില്‍ നയം വ്യക്തമാക്കി താരിഖ് റഹ്‌മാന്‍. ബംഗ്ലാദേശിന്റെയും അവരുടെ ജനതയുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാകും ഇന്ത്യയുമായുള്ള വിദേശ നയം രൂപീകരിക്കുകയെന്നാണ് താരിഖ് റഹ്‌മാന്‍ പറഞ്ഞത്.
'ബംഗ്ലാദേശ് ഫസ്റ്റ്' എന്നതാണ് നയമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശില്‍ ബിഎന്‍പി നേടിയ വിജയത്തിന് പിന്നാലെ നല്‍കിയ ആദ്യ അഭിമുഖത്തില്‍ ഇന്ത്യയുമായുള്ള ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു താരിഖ് റഹ്‌മാന്റെ പ്രതികരണം.
'വിദേശ നയം രൂപീകരിക്കുമ്പോള്‍ ബംഗ്ലാദേശിന്റെയും ബംഗ്ലാദേശ് ജനതയുടെയും താല്‍പ്പര്യങ്ങള്‍ക്കായിരിക്കും ആദ്യം പ്രാധാന്യം നല്‍കുക,' താരിഖ് റഹ്‌മാന്‍ പറഞ്ഞു.
താരിഖ് റഹ്‌മാന്‍ പറഞ്ഞ അതേകാര്യങ്ങള്‍ തന്നെയാണ് ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഉപദേശകനും അടുത്ത അനുയായിയുമായ ഹുമയൂണ്‍ കബീറും പറഞ്ഞത്. ഇന്ത്യയും പാകിസ്ഥാനും അടക്കമുള്ള രാജ്യങ്ങളുമായി ഒരു സന്തുലിതമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ബന്ധം ഒരു രാജ്യത്തോട് മാത്രമായി ലഘൂകരിക്കില്ലെന്നും ഹുമയൂണ്‍ കബീര്‍ പറഞ്ഞു.
ഇന്ത്യ, പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായി സന്തുലിത ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് നേരത്തെയും ബംഗ്ലാദേശ് പറഞ്ഞിരുന്നു.
17 വര്‍ഷത്തിന് ശേഷം ബംഗ്ലാദേശില്‍ എത്തിയ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബിഎന്‍പി ചരിത്ര വിജയമാണ് ബംഗ്ലാദേശില്‍ നേടിയത്. ധാക്കയിലടക്കം മത്സരിച്ച് രണ്ടിടങ്ങളിലും താരിഖ് റഹ്‌മാന്‍ വിജയിക്കുകയും ചെയ്തു. ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകാനിരിക്കുന്ന താരിഖ് റഹ്‌മാന്റെ ബിഎന്‍പി 297ല്‍ 212 സീറ്റുകള്‍ നേടി.