ടെഹ്റാൻ: ഇറാനിലെ ഭരണകൂട വിരുദ്ധ ജനകീയ പ്രക്ഷോഭത്തിലെ 'ടിയാനൻമെൻ മൊമന്‍റ് ' ആയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായി. ടെഹ്റാനിൽ പ്രക്ഷോഭകരെ നേരിടാനെത്തിയ സുരക്ഷാ സൈനികരുടെ മോട്ടോർ ബൈക്ക് വ്യൂഹത്തിന് മുന്നിൽ ഒറ്റയ്ക്ക് റോഡിൽ കുത്തിയിരുന്ന ആളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പടരുന്നത്. ചൈനയിൽ ജനാധിപത്യ പ്രക്ഷോഭകാലത്ത് ടിയാനൻമെൻ ചത്വരത്തിൽ ചൈനീസ് സൈന്യത്തിന്‍റെ ടാങ്കുകൾക്ക് മുന്നിൽ പതറാതെ നിന്ന യുവാവിന്‍റെ ദൃശ്യങ്ങളെയാണ് ടെഹ്റാനിലെ സംഭവം ഓർമിപ്പിക്കുന്നത്.
ഇറാനിൽ കഴിഞ്ഞ ഡിസംബർ 28 ന് ആരംഭിച്ച ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളുടെ രണ്ടാം ദിനത്തിൽ നിന്നുള്ള ദൃശ്യമാണിത്. ടെഹ്റാനിൽ പ്രക്ഷോഭകരെ നേരിടാനെത്തിയ സുരക്ഷാ സൈനികരുടെ മുന്നിൽ നടുറോഡിൽ തലകുമ്പിട്ട് നിലകൊണ്ട ഒരു മനുഷ്യൻ. ഇറാനിൽ സമരം ചെയ്യുന്ന ജനതയുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്‍റെ പ്രതീകമാവുകയാണ് അയാളുടെ ദൃശ്യങ്ങൾ. 17 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ദൃശ്യശകലമാണ് സമാഹമാധ്യമങ്ങളിൽ തരംഗമായത്.
ബിബിസി വേൾഡ് സെർവീസ് ജേണലിസ്റ്റും ഇറാൻ മോണിറ്ററിങ് റ്റീമിലെ മുൻ അംഗമായ ഗൊഞ്ചേ ഹബീബിയാസാദ് അടക്കമുള്ളവർ ഈ ദൃശ്യം പങ്കുവെച്ചു. 1989 ൽ ചൈനയിലെ ബീജിങ്ങിൽ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനിറങ്ങിയ ചൈനീസ് ഭരണകൂട ടാങ്കുകൾക്ക് മുന്നിൽ അനങ്ങാതെ ഒരു മനുഷ്യൻ നിലകൊണ്ട സംഭവത്തിലേക്കാണ് ടെഹ്റാൻ പ്രക്ഷോഭത്തിൽ നിന്നുള്ള ഈ ദൃശ്യത്തെ ലോകം സമീകരിക്കുന്നത്.
സ്വേച്ഛാധികാരത്തിനെതിരായ പോരാട്ടങ്ങളുടെ ആഗോള പ്രതീകമായി മാറിയ ടിയൻമെനിലെ ടാങ്ക് മാനെന്നറിയപ്പെടുന്ന യുവാവിനെപ്പോലെ ടെഹ്രാനിലെ പ്രക്ഷോഭകനും ചരിത്രത്തിൽ ഇടംപിടിക്കുകയാണ്. റോഡിൽ നിന്ന് മാറാതെ നിലകൊണ്ട ഇയാളെ പിന്നീട് സുരക്ഷാ ഭടൻമാർ മർദിക്കുന്നതായി ആരോപിച്ചു കൊണ്ടുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.