തെഹ്റാൻ: ഇറാനില്‍ കോടതി സമുച്ചയത്തില്‍ ഭീകരാക്രമണം. അമ്മയും കുഞ്ഞും ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടുവെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ചാവേറാക്രമണത്തിനുള്ള ശ്രമം ചെറുക്കുന്നതിനിടെ സായുധരായ ഭീകരർ കെട്ടിടത്തിലേക്ക് ഹാന്‍ഡ് ഗ്രനേഡ് എറിയുകയും ചെയ്തു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ജെയ്‌ഷ് അൽ-അദ്ൽ ബലൂച്ച് ഗ്രൂപ്പ് ഏറ്റെടുത്തു.
ഇറാനിയൻ ജുഡീഷ്യറി നടത്തിയ ഒരു പ്രസ്താവനയിൽ ഈ ആക്രമണത്തെ ഭീകരാക്രമണം എന്നാണ് പറഞ്ഞത്. ആക്രമണത്തിൽ മൂന്ന് അക്രമികളും കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് റേഡിയോ ഫ്രീ യൂറോപ്പ് റേഡിയോലിബേർട്ടി റിപ്പോർട്ട് ചെയ്തു.
2024 ഒക്ടോബറിൽ ജെയ്ഷെ-അൽ-അദ്ൽ തീവ്രവാദികൾ പൊലീസിൻ്റെ വാഹനവ്യൂഹത്തിന് ആക്രമണം നടത്തുകയും 10 ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെ ഒരു തീവ്രവാദ ഗ്രൂപ്പ് നടത്തുന്ന ഏറ്റവും മാരകമായ ആക്രമണമാണിത്.
അക്രമികൾ സന്ദർശകരുടെ വേഷം ധരിച്ച് കെട്ടിടത്തിലേക്ക് കടക്കാൻ ശ്രമിച്ചുവെന്ന് സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഡെപ്യൂട്ടി പോലീസ് കമാൻഡർ അലിറേസ ദാലിരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.