ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. അപകടത്തിൽ 104 പേർ മരിച്ചെന്നാണ് ലഭ്യമാകുന്ന വിവരം. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടുണ്ട്.
കെർ കൗണ്ടിയെയാണ് ദുരന്തം കൂടുതൽ ബാധിച്ചത്. ഇവിടെ നിന്ന് മാത്രമായി 84 മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. 22 മുതിർന്നവരെയും 10 കുട്ടികളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
അതേസമയം, പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നോ എന്നത് സംബന്ധിച്ച് പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കാണാതായ പത്ത് വിദ്യാർഥികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്.
ടെക്സസ് തലസ്ഥാനമായ ഓസ്റ്റിൻ പ്രദേശത്ത് വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നതായും 15 പേരെ ഇപ്പോഴും കാണാതായതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ട്രാവിസ് കൗണ്ടിയിൽ ഏഴ് പേരും വില്യംസൺ കൗണ്ടിയിൽ രണ്ട് പേരും ബർനെറ്റ് കൗണ്ടിയിൽ നാല് പേരും മരിച്ചതായി സ്ഥിരീകരിച്ചതായി ഓസ്റ്റിൻ അമേരിക്കൻ-സ്റ്റേറ്റ്സ്മാൻ ഉദ്യോഗസ്ഥർ അറിയിച്ചതായും ദി ഗാർഡിയൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അടിയന്തര സാഹചര്യം നേരിടാൻ തൻ്റെ ഭരണകൂടം പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. തിരച്ചിൽ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഫെഡറൽ സർക്കാർ കോസ്റ്റ് ഗാർഡിനെ വിന്യസിക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചിരുന്നു.
കനത്ത മഴയും മിന്നലും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ദുരന്തം നടന്ന് നാല് ദിവസം പിന്നിടുമ്പോൾ കാണാതാവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത മങ്ങുകയാണെന്ന് ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു.
ക്രിസ്ത്യൻ പെൺകുട്ടികൾ മാത്രമുള്ള വേനൽക്കാല ക്യാമ്പായ ക്യാമ്പ് മിസ്റ്റികിൽ പങ്കെടുക്കാനെത്തിയവരിൽ 27 പെൺകുട്ടികളും ജീവനക്കാരും ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിൽ പത്ത് പെൺകുട്ടികളെയും ഒരു ക്യാമ്പ് കൗൺസിലറെയും ഇപ്പോഴും കാണാനില്ലെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.
അതേസമയം, ദേശീയ കാലാവസ്ഥാ സേവനത്തിലെ (NWS) ബജറ്റ് വെട്ടിക്കുറയ്ക്കലുകൾ ദുരന്തത്തിന് പിന്നാലെയുള്ള രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തിയെന്ന വാദങ്ങൾ വൈറ്റ് ഹൗസ് നിഷേധിച്ചു.
ദുരന്തത്തെ “ദൈവത്തിൻ്റെ പ്രവൃത്തിയാണ്”, എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞത്. വെള്ളപ്പൊക്കം ഉണ്ടായത് ഭരണകൂടത്തിൻ്റെ തെറ്റല്ല. പക്ഷേ മുന്നറിയിപ്പുകൾ നേരത്തെ നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളപ്പൊക്കത്തിന് തലേദിവസവും, വെള്ളപ്പൊക്കം ഉണ്ടായ അന്ന് പുലർച്ചെയും മുന്നറിയിപ്പുകൾ കൃത്യമായി നൽകിയിട്ടുണ്ട്.
മറ്റ് കൗണ്ടികളിലൊക്ക വെള്ളപ്പൊക്ക മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കെർ കൗണ്ടിയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ലോക നേതാക്കളെല്ലാം ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. മഹാദുരന്തത്തിൽ തൻ്റെ "അഗാധമായ ദുഃഖം" പ്രകടിപ്പിച്ചുകൊണ്ട് ചാൾസ് രണ്ടാമൻ രാജാവ് പ്രസിഡൻ്റ് ട്രംപിന് കത്തെഴുതി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് രാജാവ് "അഗാധമായ അനുശോചനം" അറിയിച്ചതായി വാഷിംഗ്ടണിലെ ബ്രിട്ടീഷ് എംബസി അറിയിച്ചു.