മോസ്കോ: ലോകമെമ്പാടും ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കുമ്പോൾ റഷ്യൻ ജനത ഇനിയും കാത്തിരിക്കണം. ജൂലിയൻ കലണ്ടർ പിന്തുടരുന്നതിനാൽ ജനുവരി ഏഴിനാണ് റഷ്യയിൽ ക്രിസ്മസ് എത്തുക. രണ്ടാഴ്ച കാത്തിരിക്കണമെങ്കിലും ആളുകൾ ക്രിസ്മസിനെ വരവേൽക്കാൻ തയാറായിക്കഴിഞ്ഞു.
റഷ്യയിലെ ക്രിസ്മസ് ആഘോഷത്തിന് ഇനിയും ദിവസങ്ങൾ കാത്തിരിക്കണമെങ്കിലും ഒരുക്കങ്ങൾക്ക് യാതൊരു കുറവുമില്ല. പ്രധാന നഗരങ്ങൾ ക്രിസ്മസിനെയും പുതുവർഷത്തെയും വരവേൽക്കാനുള്ള തിരക്കിലാണ്. വിപണിയും സജീവമാണ്.
ജനുവരി ഏഴിനാണ് റഷ്യയിലെ ക്രിസ്മസ്. ഗ്രിഗേറിയൻ കലണ്ടർ പിന്തുടരുന്ന കാത്തലിക്, പ്രൊട്ടസ്റ്റൻ്റ് സമൂഹങ്ങൾ ഉണ്ടെങ്കിലും റഷ്യയിൽ കൂടുതൽ ആളുകൾ പിന്തുടരുന്നത് ജൂലിയൻ കലണ്ടറാണ്.
നഗരങ്ങളിലെ റോഡുകളിൽ മുഴുവൻ ലൈറ്റുകൾ നിറഞ്ഞു കഴിഞ്ഞു. കെട്ടിടങ്ങളും ആരാധനാലയങ്ങളും എന്നു തുടങ്ങി നഗരം മുഴുവൻ രാത്രിയായാൽ ലൈറ്റിൽ നിറയും. ക്രിസ്മസ് ഗിഫ്റ്റുകളും ക്രിസ്മസ് പാപ്പകളും ഷോപ്പുകളുടെ ഡിസ്പ്ലേയിൽ ഇടംപിടിച്ച് കഴിഞ്ഞു.
കുട്ടികൾ മുതൽ മുതിർന്നവർ വരെ സജീവമാണ് ക്രിസ്മസ് മാർക്കറ്റിൽ. ചിത്രം പകർത്തുന്നവരും നഗരത്തെ ആസ്വദിക്കുന്നവരും കുറവല്ല. കുടുംബത്തോടൊപ്പം എത്തി സ്കേറ്റിങ്ങ് നടത്തുന്നവരും ക്രിസ്മസ് പാപ്പയോടൊപ്പം ഫോട്ടോ എടുക്കുന്നവരെയും ഇവിടെ കാണാം.