
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഉറ്റ അനുയായി ചാർളി കേർക്കിന്റെ കൊലയാളി പിടിയിലായെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്ന യുവാവ് പൊലീസ് കസ്റ്റഡിയിലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കെർക്ക് മകനെപ്പോലെയെന്നും, കൊലയാളിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
പ്രസിദ്ധ അമേരിക്കൻ യാഥാസ്ഥിതിക ഇൻഫ്ലുവൻസറും സംവാദകനുമായ ചാർളി കേർക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം എഫ്ബിഐ പുറത്ത് വിട്ടിരുന്നു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനായി വിവരങ്ങൾ നൽകുന്നവർക്ക് എഫ്ബിഐ 100,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് അന്വേഷണത്തിനിടെ കണ്ടെടുത്തു.
ട്രംപ് അനുകൂലിയും, യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർളി കെർക്കിൻ്റെ മരണത്തിൽ അനുശോചിച്ച് ട്രംപ് നേരത്തേ പ്രതികരിച്ചിരുന്നു. യുവ ജനങ്ങളുടെ ഹൃദയം അറിഞ്ഞയാളാണ് ചാർളി കേർക്കെന്നും, തന്റെ സുഹൃത്ത് മാത്രമല്ല, എംഎജിഎ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) പ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിന് നിർണായക പങ്കുവഹിച്ച വ്യക്തി കൂടിയാണെന്ന് ട്രംപ് അനുശോചന വേളയിൽ പറഞ്ഞു.
ഇപ്പോൾ നടക്കുന്ന ക്രൂരമായ ആക്രമണത്തിനും, മറ്റ് രാഷ്ട്രീയ ആക്രമണങ്ങൾക്കും കാരണം തീവ്ര വലതുപക്ഷ രാഷ്ട്രീയമാണെന്ന് ട്രംപ് കുറ്റപ്പെടുത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഡെമോക്രാറ്റുകൾക്കെതിരെ സമാപ കാലത്ത് ഉണ്ടായ കൊലപാതകങ്ങളെയും അക്രമ ആക്രമണങ്ങളെയും കുറിച്ച് യാതൊരു പരാമർശവും നടത്തിയില്ല. കേർക്കിൻ്റെ കൊലപാതകത്തിന് പിന്നാലെ പ്രതികാര നടപടി ആവശ്യപ്പെട്ട് കൊണ്ട് ട്രംപിൻ്റെയും, കേർക്കിൻ്റെയും അനുയായികൾ രംഗത്തെത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ സംവാദപരിപാടിക്കിടെ ആയിരുന്നു ചാർളി കേർക്കിന് വെടിയേറ്റത്.മാസ് ഷൂട്ടിങുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുന്നതിനിടെ കേർക്കിൻ്റെ കഴുത്തില്‍ വെടിയേൽക്കുകയായിരുന്നു. വേദിക്ക് 182 മീറ്റർ അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി കേർക്കിന് നേരെ വെടിയുതിർത്തത്. വെടിയേറ്റ ചാർളി കേർക്കിൻ്റെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മരണം സ്ഥിരീകരിക്കുകായിരുന്നു.