

പശ്ചിമേഷ്യയെ കലാപഭൂമിയാക്കിയാക്കുന്നത് ആരാണ്? ഉത്തരത്തിനായി കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ല, ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേല്‍. ഒക്കച്ചങ്ങാതിയായി ഡൊണാള്‍ഡ് ട്രംപിന്റെ യുഎസ്. ഒരു രാജ്യത്തിന്റെ പരമോന്നത നേതാവിനെയും, പ്രതിരോധ മന്ത്രിയെയും ഉള്‍പ്പെടെ കൊന്നൊടുക്കിക്കൊണ്ടാണ് ലോകരാഷ്ട്രീയത്തിലെ തെമ്മാടിക്കൂട്ടുകെട്ട് പശ്ചിമേഷ്യയെ അശാന്തിയുടെ വിഷപ്പുകയില്‍ ശ്വാസംമുട്ടിക്കുന്നത്.
പശ്ചിമേഷ്യന്‍ ഭൗമരാഷ്ട്രീയത്തെ മുച്ചൂടും മുടിച്ച്, ആഗോള രാഷ്ട്രീയ ക്രമത്തെ തന്നെ വെല്ലുവിളിക്കുകയാണ് ഇസ്രയേല്‍. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം മതിയായിരുന്നു, ഇസ്രയേല്‍ വെടിക്കോപ്പുകള്‍ ഗാസയിലേക്ക് പറന്നെത്താന്‍. ഹമാസിനെതിരായ യുദ്ധം എന്ന് ആവര്‍ത്തിച്ചു വിളിച്ച ഇസ്രയേല്‍, ഒരു രാജ്യം ആറ് പതിറ്റാണ്ട് കൊണ്ട് കെട്ടിപ്പടുത്ത വികസനങ്ങളെയാണ് കല്ലിന്മേല്‍ കല്ല് ശേഷിപ്പിക്കാതെ തച്ചുടച്ചത്. സൈനിക നടപടിയെന്നോ, ഏകപക്ഷീയ യുദ്ധമെന്നോ വിളിക്കുമ്പോഴും, ഗാസയില്‍ ഇസ്രയേല്‍ നടത്തിയതും നടത്തുന്നതും വംശീയ ഉന്മൂലനമാണ്.
പിന്നാലെയാണ് ഇസ്രയേല്‍ ലബനനിലേക്ക് കടക്കുന്നത്. ഹിസ്ബുള്ളയുമായി വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയായിരുന്നു ലബനനില്‍ ആക്രമണം അഴിച്ചുവിട്ടത്. വീടുകള്‍ ബോംബിട്ട് തകര്‍ത്തു. അതിര്‍ത്തിയില്‍ ഉടനീളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഗ്രാമങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചു. ഹിസ്ബുള്ളയ്ക്കൊപ്പം യെമനിലെ ഹൂതികള്‍ ഇസ്രയേലിനെതിരെ പട ചേര്‍ന്നു. പിന്നാലെ, യുഎസ് പിന്തുണയോടെ ലെബനനിലും, യെമനിലും സിറിയയിലും ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടു. ഇറാന്റെ പിന്തുണയുണ്ടായിരുന്ന സിറിയയിലെ അസദ് ഭരണകൂടത്തെ വീഴ്ത്തി. ഗൊലാന്‍ കുന്നുകളുടെ നിയന്ത്രണം പിടിച്ചു. ദമാസ്കസിന്റെ പടിവാതില്‍ക്കല്‍ വരെ മിസൈലുകള്‍ മൂളിയെത്തി.
കണ്ടുശീലിച്ച പ്രോക്സി യുദ്ധം അതോടെ അവസാനിച്ചു. 2025ല്‍ ഇസ്രയേലും ഇറാനും നേര്‍ക്കുനേര്‍ ആക്രമണം തുടങ്ങി. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്. ആണവ പദ്ധതി സംബന്ധിച്ച് ഇറാനും യുഎസും ഒമാനില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയായിരുന്നു ആക്രമണം. സൈനിക കേന്ദ്രങ്ങള്‍, ഊര്‍ജ പ്ലാന്റുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലേക്ക് വ്യോമാക്രമണം ആരംഭിച്ചു. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ബോംബിട്ട് യുഎസും ഇസ്രയേലിനെ സഹായിച്ചു. സൈനിക നേതൃത്വവും ശാസ്ത്രജ്ഞരും സാധാരണക്കാരുമൊക്കെ കൊല്ലപ്പെട്ടു. എല്ലാത്തിനും പറയാനൊരു കാരണമുണ്ടായിരുന്നു, ഇറാന്റെ ആണവ പദ്ധതി. പലവുരു പറഞ്ഞ്, തേഞ്ഞ ആരോപണം.
ദിവസങ്ങള്‍ നീണ്ട യുദ്ധം പതുക്കെ ശാന്തമായി. പക്ഷേ, പ്രശ്നങ്ങളൊന്നും അവസാനിച്ചിരുന്നില്ല. ഇതിനിടെയാണ് ഇറാനില്‍ ആഭ്യന്തര പ്രക്ഷോഭം ശക്തിപ്പെടുന്നത്. ഭരണകൂടം പ്രക്ഷോഭത്തെ അടിച്ചമര്‍ത്തി. രാജ്യത്തിനപ്പുറം വിഷയം ചര്‍ച്ചയായി. ഇതോടെ, ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് ആകുലപ്പെട്ടിരുന്ന ഇസ്രയേലും യുഎസും ഭരണമാറ്റം എന്ന പുതിയ അടവുനയം സ്വീകരിച്ചു. ആഭ്യന്തര പ്രക്ഷോഭത്തെയും സംഘര്‍ഷത്തെയും ആളിക്കത്തിക്കുന്ന വിധത്തിലായിരുന്നു യുഎസിന്റെ ഇടപെടല്‍. ഇറാന്‍ രാഷ്ട്രീയവും, ഭരണമാറ്റവുമൊക്കെ ചര്‍ച്ചയായതിനു പിന്നാലെയാണ് ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്നത്.
ട്രംപിന്റെ ആശിര്‍വാദത്തോടെയായിരുന്നു ഇക്കുറിയും ഇസ്രയേല്‍ സൈനിക നടപടി. യുറേനിയം സമ്പൂഷ്ടീകരണം സംബന്ധിച്ച് ഇറാനും യുഎസും ചര്‍ച്ച നടത്തുമ്പോഴായിരുന്നു ഇസ്രയേല്‍ ആക്രമണം തുടങ്ങിയത്. പ്രശ്നങ്ങളെല്ലാം എത്രയും വേഗം പരിഹരിച്ച്, സമാധാന കരാര്‍ സാധ്യമാകുമെന്ന് മധ്യസ്ഥരായ ഒമാന്‍ പ്രതീക്ഷ പങ്കുവച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. ഇറാന്റെ പക്കല്‍ ആണവായുധങ്ങള്‍ ഇല്ലെന്ന് മാത്രമല്ല, അത് നിര്‍മിക്കുന്നതിനാവശ്യമായ സാങ്കേതിക ക്രമീകരണങ്ങള്‍ പോലും ഇല്ലെന്ന് മനസിലാക്കി കൊണ്ടുള്ള ആക്രമണം. യുറേനിയം സമ്പൂഷ്ടീകരണം സംബന്ധിച്ച് ഇറാന്‍ യുഎസിന് ലഭ്യമാക്കിയ വിവരങ്ങളത്രയും ഇസ്രയേലിന് ലഭ്യമാക്കിക്കൊണ്ട് ട്രംപ് ഭരണകൂടം ഇക്കുറിയും വിശ്വസ്തത തെളിയിച്ചു.
2025ല്‍ നടന്ന 12 ദിവസത്തെ ആക്രമണത്തില്‍, ഇറാനിലെ 13 കേന്ദ്രങ്ങളാണ് തകര്‍ക്കപ്പെട്ടത്. സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു. ഇക്കുറി, പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി, ചീഫ് ഓഫ് സ്റ്റാഫ് അബ്ദുറഹിം മൂസവി, ഐആർജിസി കമാൻഡർ-ഇൻ-ചീഫ് ഹുസൈൻ സലാമി, ഐആർജിസി വ്യോമസേനാ തലവൻ അമീർ അലി ഹാജിസാദെ, ഇറാൻ പ്രതിരോധ മന്ത്രി അമീർ നാസിർസാദെ, ഖമേനിയുടെ ഉന്നത ഉപദേശകൻ അലി ഷംഖാനി, ഹിസ്ബുള്ള രാഷ്ട്രീയ വിഭാഗം തലവൻ മുഹമ്മദ് റാദ് ഉള്‍പ്പെടെയുള്ളവരെയാണ് ഇസ്രയേല്‍ കൊലപ്പെടുത്തിയത്. തങ്ങളെ എതിര്‍ക്കുന്ന നേതൃത്വത്തെ ഇല്ലാതാക്കിക്കൊണ്ട്, ഒരു രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുന്നു.
ഇറാന്‍ ഉയര്‍ന്ന അളവില്‍ യുറേനിയം സമ്പുഷ്ടമാക്കിയതില്‍ ആശങ്ക വേണമെന്നാണ് ഇസ്രയേലും സഖ്യകക്ഷികളും പറയുന്നത്. ഇറാന്‍ രഹസ്യമായി ആണവ ബോംബ് നിര്‍മിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നുകൂടി ഇസ്രയേല്‍ പറയുന്നു. 1993ല്‍ എംപിയായിരിക്കെ നെതന്യാഹു ആണ് ഇറാന്‍ ആണവ ബോംബ് നിര്‍മിക്കുന്നുവെന്ന ആരോപണം ആദ്യമായി ഉന്നയിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇറാന്‍ അത് സാധിച്ചിരിക്കും എന്നായിരുന്നു നെതന്യാഹു അന്ന് പാര്‍ലമെന്റില്‍ പറഞ്ഞത്. കാലാകാലങ്ങളില്‍ നെതന്യാഹു ഇക്കാര്യം ആവര്‍ത്തിച്ചു. 2009ല്‍ യുഎന്‍ പൊതുസഭയില്‍ വിഷയം അവതരിപ്പിച്ചു. ആണവായുധങ്ങള്‍ നിര്‍മിക്കാനാവശ്യമായ സമ്പൂഷ്ടീകരിച്ച യുറേനിയം ഇറാന്റെ പക്കലുണ്ടെന്നും, എപ്പോള്‍ വേണമെങ്കിലും ആണവായുധങ്ങള്‍ നിര്‍മിക്കാനാകുമെന്നും രാജ്യാന്തര വേദികളിലും, ടെലിവിഷന്‍ അഭിമുഖങ്ങളിലുമെല്ലാം നെതന്യാഹു ആവര്‍ത്തിച്ചു. 33 വര്‍ഷം ആകുന്നു, ഈ ആരോപണങ്ങളെ ശരിവയ്ക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ല. എന്നിട്ടും അക്കാര്യം പറഞ്ഞ് ഒരു രാജ്യത്തിനുമേല്‍ ബോംബ് വര്‍ഷിക്കാന്‍ ഇസ്രയേലിന് സാധിക്കുന്നുണ്ട്.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണമാണ് ആണവായുധ നിര്‍മാണം എന്ന ആശങ്കകള്‍ക്ക് അടിസ്ഥാനം. 1970കള്‍ മുതല്‍ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്ന യുഎസ് കാലാകാലങ്ങളില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്. കഴിഞ്ഞ ജൂണില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി ഇറാനുണ്ടെങ്കിലും, ഇപ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നായിരുന്നു ഇന്റലിജന്‍സ് വ്യക്തമാക്കിയത്. പിന്നാലെ, ആശങ്കകള്‍ അവസാനിപ്പിക്കാനും, ഏതെങ്കിലും തരത്തിലുള്ള ആണവായുധ പദ്ധതികളില്‍നിന്ന് പിന്മാറുന്നതും സംബന്ധിച്ച് യുഎസും ഇറാനും ചര്‍ച്ചകള്‍ തുടങ്ങി. അതിനിടെയാണ് ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്നത്. ഇക്കുറിയും അതിന് മാറ്റമുണ്ടായില്ല.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) മേല്‍നോട്ടത്തിലാണ് ഇറാന്റെ ആണവ പദ്ധതികള്‍ നടക്കുന്നത്. ബോംബുകള്‍ നിര്‍മിക്കാന്‍ തക്ക സമ്പുഷ്ട യുറേനിയം ഇറാന്റെ പക്കലുണ്ടെന്ന കാര്യം ഏജന്‍സി ശരിവയ്ക്കുന്നുണ്ട്. എന്നാല്‍, ഇറാന്‍ എപ്പോഴെങ്കിലും അത്തരമൊരു ദിശയിലേക്ക് നീങ്ങിയതിന് തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഏജന്‍സി അന്നും ഇന്നും വ്യക്തമാക്കുന്നു. 2015ല്‍, ഇത് സംബന്ധിച്ച് യുഎന്‍ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുമായും ജര്‍മനിയുമായും ഇറാന്‍ ഒരു കരാര്‍ ഒപ്പുവച്ചിരുന്നു. ജോയിനറ് കോംപ്രഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ അഥവാ ജെസിപിഒഎ. ഏജന്‍സിയുടെ നിരീക്ഷണത്തില്‍ യുറേനിയം സമ്പുഷ്ടീകരണം, ആണവായുധങ്ങള്‍ നിര്‍മിക്കില്ല എന്നിവയായിരുന്നു പ്രധാന വ്യവസ്ഥകള്‍. ഇവ പാലിക്കുന്ന പക്ഷം ഇറാനുമേലുള്ള ഉപരോധം നീക്കുമെന്ന് രാജ്യങ്ങള്‍ ഉറപ്പും നല്‍കി.
പക്ഷേ, മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം യുഎസ് ഏകപക്ഷീയമായി കരാര്‍ റദ്ദാക്കി, ഉപരോധം പുനസ്ഥാപിച്ചു. മറുപടിയെന്നോണം, ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വര്‍ധിപ്പിച്ചു. 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയമെങ്കിലും ഇറാന്റെ പക്കലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ഒരു ആണവായുധം നിര്‍മിക്കാന്‍ 90 ശതമാനം സമ്പുഷ്ടീകരിച്ച 25 കിലോഗ്രാം യുറേനിയം മതി എന്നിരിക്കെ ആശങ്കകള്‍ പെരുകി. ഇതായിരുന്നു വീണ്ടും ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാന്‍ യുഎസിനെ പ്രേരിപ്പിച്ചത്. ചര്‍ച്ചകളില്‍ ആണവായുധ പദ്ധതികള്‍ ഇല്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു ഇറാന്റെ ശ്രമങ്ങള്‍. അത് തന്നെയാണ് അവര്‍ക്ക് വിനയായതും.
രാജ്യത്തിനകത്തും മേഖലയിലെ സഖ്യകക്ഷികള്‍ക്കുമിടയില്‍ ഇറാനോടുള്ള മതിപ്പ് കുറയ്ക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍. അങ്ങനെ വരുമ്പോള്‍ ഭരണമാറ്റം എന്ന വാദത്തിന് പിന്തുണയേറും. ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നീക്കത്തിലൂടെ ലെബനനിലും, സിറിയയിലും സംഭവിച്ചത് ഇറാനില്‍ സംഭവിക്കുമെന്നൊരു കണക്കുക്കൂട്ടലാണത്. 2025ലെ ആക്രമണത്തിനിടെ നെതന്യാഹു ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല, രാജ്യത്തെ പ്രതിഷേധങ്ങളെയും, പ്രതിപക്ഷത്തിന്റെ പോര്‍വിളികളെയും ജയിക്കാന്‍ നെതന്യാഹുവിന് യുദ്ധം ഒരു അനിവാര്യതയാണ്. ജനപ്രീതി കുറയുന്നു എന്ന അഭിപ്രായ സര്‍വേകള്‍ക്കിടെ പിടിച്ചുനില്‍ക്കാനുള്ള പെടാപ്പാടിലാണ് നെതന്യാഹു. കൈക്കൂലി, വഞ്ചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുന്ന ആദ്യ ഇസ്രയേല്‍ പ്രധാനമന്ത്രി എന്ന ചീത്തപ്പേരുണ്ട്. ഗാസയിലെ അക്രമങ്ങളില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. അതുകൊണ്ട് യുഎസ് എതിര്‍ത്താലും നെതന്യാഹു മിസൈല്‍ തൊടുക്കും.
എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കുമെന്ന് വമ്പ് പറഞ്ഞ് അധികാരത്തിലേറിയ ട്രംപിന്റെ കാര്യവും ഇങ്ങനെയൊക്കെ തന്നെയാണ്. തീരുവ നയത്തിന് സുപ്രീം കോടതിയിലേറ്റ തിരിച്ചടിയും, എപ്സ്റ്റീന്‍ ഫയല്‍സില്‍ ചൂടുപിടിച്ച വിവാദങ്ങളും, വിലക്കയറ്റവുമൊക്കെ ട്രംപിനേറ്റ പ്രഹരങ്ങളാണ്. അമേരിക്കയെ വീണ്ടും മഹത്താക്കാന്‍ തുടങ്ങിവച്ച നയങ്ങളൊക്കെ എട്ടുനിലയില്‍ പൊട്ടുന്നത് ട്രംപിനെ വല്ലാതെ അലോസരപ്പെടുത്തുന്നുമുണ്ട്. സമാധാനത്തിനുള്ള നൊബേലിന് അര്‍ഹനാണെന്നു വാദിക്കുന്ന ട്രംപിന്റെ 13 മാസത്തെ ഭരണത്തിനിടെ, കുറഞ്ഞത് ഏഴ് രാജ്യങ്ങളിലെങ്കിലും സൈനിക നടപടി ഉണ്ടായിട്ടുണ്ട്. വെനസ്വേലയില്‍ അതിക്രമിച്ചുകയറി പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയിട്ട് മൂന്ന് മാസം പിന്നിടുന്നു. ജനുവരി മൂന്നിനാണ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്.
ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അതിര്‍ത്തികള്‍ ഒന്നുമല്ല, അന്താരാഷ്ട്ര നിയമങ്ങളെയും കൂസുന്നില്ല. തങ്ങള്‍ക്ക് തോന്നുന്നവരെയൊക്കെ ആക്രമിക്കാം, കൊന്നൊടുക്കാം എന്നതാണ് ഇസ്രയേലിന്റെ രീതി. രഹസ്യ വിവരങ്ങള്‍ ഇസ്രയേലിന് പങ്കുവച്ചും, അന്താരാഷ്ട്ര തലത്തില്‍ നെതന്യാഹുവിനെ പ്രതിരോധിച്ചും ട്രംപ് ഭരണകൂടം എല്ലാ ആക്രമണങ്ങളുടെയും കൗശലബുദ്ധിയാകുന്നു. നെതന്യാഹുവിനെ നയിക്കുന്നത് വിശാല ജൂതരാഷ്ട്ര സങ്കല്‍പ്പങ്ങളാണ്. മറിച്ച്, ലോകപൊലീസ് പട്ടത്തേക്കാള്‍ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളാണ് ട്രംപിന്റെ ഊര്‍ജം. ഗാസയെ തച്ചുടച്ച് വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന പ്രഖ്യാപനമൊക്കെ അങ്ങനെയുണ്ടായതാണ്. ഇറാനെ ആക്രമിച്ചുകൊണ്ട്, പശ്ചിമേഷ്യയെ ആകെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോള്‍ അത് ഒരിക്കല്‍ കൂടി അടിവരയിടപ്പെടുന്നു.
ഒരു ചരിത്രം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. 2001ലെ സെപ്റ്റംബര്‍ ആക്രമണത്തിനു പിന്നാലെ, ഭീകരതയ്ക്കെതിരായ പോരാട്ടവീര്യം ഉറഞ്ഞുകൂടിയ നാളുകള്‍. നെതന്യാഹു അന്നും പറഞ്ഞു, ഇറാഖിന്റെ പക്കല്‍ ജൈവായുധങ്ങള്‍ ഉണ്ട്, അല്ലെങ്കില്‍ അവര്‍ അതിന്റെ നിര്‍മാണ ഘട്ടത്തിലാണ്. അത് ഇസ്രയേലിനേക്കാള്‍ യുഎസിനാണ് ഭീഷണിയാവുക. പാശ്ചാത്യ മാധ്യമങ്ങള്‍ ഒന്നടങ്കം ഇതേറ്റുപിടിച്ചു. യുഎന്നില്‍ ഉള്‍പ്പെടെ അത് ചര്‍ച്ചയായി. ഇസ്രയേലിന് നല്‍കാന്‍ തെളിവുകളില്ലായിരുന്നു. ഇക്കാര്യം അന്വേഷിച്ച ഒരു രാജ്യത്തിനും തെളിവ് കണ്ടെത്താനായിരുന്നില്ല. യുഎസ് ഇന്റലിജന്‍സിനും ഒന്നും കണ്ടുകിട്ടിയില്ല. എന്നിട്ടും, 2002 സെപ്റ്റംബറില്‍, യുഎന്‍ രക്ഷാസമിതിയില്‍ ജോര്‍ജ് ഡബ്ല്യു. ബുഷ് ഇറാഖ് അധിനിവേശത്തിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയെ ക്ഷണിച്ചു. തൊട്ടടുത്ത മാസം കോണ്‍ഗ്രസും ഇത് അംഗീകരിച്ചു. നാറ്റോയിലെ സഖ്യകക്ഷികളും പിന്തുണച്ചു. പക്ഷേ, ഫ്രാന്‍സും ജര്‍മനിയും എതിര്‍ത്തു.
യുഎന്‍ മോണിട്ടറിങ് സമിതി ആയുധങ്ങള്‍ക്കായി പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ ഇറാഖ് അവയെല്ലാം ഒളിപ്പിച്ചിരിക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന കോളിന്‍ പവല്‍ യുഎന്നില്‍ പറഞ്ഞു. ആന്ത്രാക്സ് പോലുള്ള ജൈവായുധം എന്നതായിരുന്നു പോയിന്റ്. ജര്‍മനിയുടെയും, ബ്രിട്ടന്റെയുമൊക്കെ രഹസ്യാന്വേഷ ഏജന്‍സികള്‍ വസ്തുതാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി എതിര്‍ത്തിട്ടും, കാര്യമുണ്ടായില്ല. 2003 മാര്‍ച്ചില്‍, ബുഷ് ഭരണകൂടത്തിന്റെ ടാങ്കറുകള്‍ ഇറാഖിലേക്ക് ഇരച്ചെത്തി. സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ അട്ടിമറിച്ച്, യുഎസും സഖ്യകക്ഷികളും അവിടം ഉഴുതുമറിച്ചു. ഒരു ഓലപ്പടക്കം പോലും കണ്ടെടുക്കാന്‍ ആയില്ലെങ്കിലും, സദ്ദാം തൂക്കിലേറ്റപ്പെട്ടു.
ഇറാഖില്‍ ജൈവായുധം ഇല്ലെന്ന ഉറച്ച ബോധ്യം ഇസ്രേയലിന് ഉണ്ടായിരുന്നു. യുഎസിനും അത് മനസിലായി. അതുകൊണ്ട് തന്നെയായിരുന്നു ഇറാഖ് ആക്രമണം. ഇറാന് ആണവായുധം ഇല്ലെന്ന് ഇസ്രയേലിന് അറിയാം, യുഎസിനും അറിയാം. അതുകൊണ്ടാണ് അവര്‍ ഇറാനെയും ആക്രമിച്ചത്. ഇറാന്റെ പക്കല്‍ ഒരു ആണവായുധമെങ്കിലും ഉണ്ടായിരുന്നെങ്കില്‍, ഇതൊന്നും സംഭവിക്കില്ലായിരുന്നു.