"ഞങ്ങളുടെ കണ്ണുവെട്ടിച്ച് അവര്‍ക്ക് ശുചിമുറിയില്‍ പോകാന്‍ പോലും കഴിയില്ല"; ഇറാനുമേല്‍ സമ്പൂര്‍ണ നിരീക്ഷണമുണ്ടെന്ന് ട്രംപ്

ഇപ്പോള്‍ ഹോര്‍മൂസ് കടലിടുക്ക് നിയന്ത്രിക്കുന്നത് യുഎസ് ആണ്. ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണയുമായി, നിരവധി ബോട്ടുകള്‍ ഞങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും ട്രംപ്
"ഞങ്ങളുടെ കണ്ണുവെട്ടിച്ച് അവര്‍ക്ക് ശുചിമുറിയില്‍ പോകാന്‍ പോലും കഴിയില്ല"; ഇറാനുമേല്‍ സമ്പൂര്‍ണ നിരീക്ഷണമുണ്ടെന്ന് ട്രംപ്
Source: Social Media
Published on
Updated on

ഇറാനുമേല്‍ യുഎസിനുള്ള സമ്പൂര്‍ണ നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ച് വീരവാദം മുഴക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തങ്ങളുടെ കണ്ണുവെട്ടിച്ച് ഇറാന് ഒന്നും ചെയ്യാനാവില്ല. എപ്പോള്‍ വേണമെങ്കിലും ഇറാനെ ആക്രമിക്കാന്‍ യുഎസ് സജ്ജമാണെന്നും ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. കഴിഞ്ഞ ജൂലൈക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും ശക്തമായ മിസൈൽ-ഷെല്ലാക്രമണത്തിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. യുഎസ് ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും, 108 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

"അതിശക്തമായാണ് ഞങ്ങള്‍ അവരെ അടിച്ചത്. ഇപ്പോള്‍ ഹോര്‍മൂസ് കടലിടുക്ക് നിയന്ത്രിക്കുന്നത് യുഎസ് ആണ്. ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണയുമായി, നിരവധി ബോട്ടുകള്‍ ഞങ്ങള്‍ കൊണ്ടുവരുന്നുണ്ട്. മിക്ക ഭാഗങ്ങളിലും പ്രശ്നങ്ങളില്ലാതെ ഞങ്ങളത് ചെയ്യുന്നു. ഇടയ്ക്ക് അവര്‍ ഒരു ഡ്രോണ്‍ വെടിവച്ചിടും, പിന്നാലെ ഞങ്ങളും വെടിവച്ചിടും. പക്ഷേ, ഞങ്ങള്‍ക്ക് നിയന്ത്രണമുണ്ട്, വളരെ ശക്തമായ നിയന്ത്രണം. റഡാർ, മിസൈല്‍ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാനും മൈനുകൾ സ്ഥാപിക്കാനുമുള്ള ശ്രമങ്ങളിലായിരുന്നു ഇറാന്‍. എന്നാല്‍, ആ ശ്രമങ്ങളെയെല്ലാം ആക്രണത്തില്‍ ഇല്ലാതാക്കി" - ട്രംപ് പറഞ്ഞു.

"ഞങ്ങളുടെ കണ്ണുവെട്ടിച്ച് അവര്‍ക്ക് ശുചിമുറിയില്‍ പോകാന്‍ പോലും കഴിയില്ല"; ഇറാനുമേല്‍ സമ്പൂര്‍ണ നിരീക്ഷണമുണ്ടെന്ന് ട്രംപ്
കലിയടങ്ങാതെ യുഎസ്; ഹോർമുസ് ലക്ഷ്യമിട്ട് ആക്രമണം, പ്രത്യാക്രമണവുമായി ഇറാൻ

"ഹോര്‍മൂസ് കടലിടുക്കിലെ എല്ലാ മൈനുകളും ഞങ്ങള്‍ നീക്കി. മൈനുകള്‍ സ്ഥാപിക്കാനുള്ള ഒരു റോക്കറ്റ് നിര്‍മിക്കാനുള്ള ശ്രമങ്ങളിലായിരുന്നു അവര്‍. ഏറെക്കുറെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. അത് ഞങ്ങള്‍ നശിപ്പിച്ചു. അവരത് നിര്‍മിക്കുന്നത് ഞങ്ങള്‍ കണ്ടു. അവര്‍ ചെയ്യുന്നത് എല്ലാം ഞങ്ങള്‍ കാണുന്നുണ്ട്. അവര്‍ക്ക് ചലിക്കാനാവില്ല. ഞങ്ങളുടെ കണ്ണുവെട്ടിച്ച് അവര്‍ക്ക് ശുചിമുറിയില്‍ പോകാന്‍ പോലും കഴിയില്ല"- യുഎസ് നിരീക്ഷണ സംവിധാനങ്ങളില്‍ ട്രംപ് വീരവാദം മുഴക്കി. ആവശ്യമുള്ളപ്പോള്‍ ഇറാനുമേല്‍ ഇനിയും ആക്രമണം നടത്താന്‍ യുഎസ് സജ്ജമാണെന്നും ഇപ്പോഴത്തെ സംഘര്‍ഷം അധികകാലം നീണ്ടുനില്‍ക്കില്ലെന്നാണ് കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഹോര്‍മൂസ് കടലിടുക്കിനു സമീപമുള്ള ഇറാന്റെ തെക്കൻ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു യുഎസ് സൈന്യം ആക്രമണം നടത്തിയത്. അതേസമയം, ശക്തമായ പ്രത്യാക്രമണമാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായത്. കുവൈറ്റ്, ജോര്‍ദാന്‍, യുഎഇ, ബഹ്‌റൈൻ, ഇറാഖിലെ കുർദിസ്ഥാൻ സ്വയംഭരണ പ്രദേശം എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന ട്രംപിന്റെ ഭീഷണി നിലനില്‍ക്കെയായിരുന്നു ഇറാന്റെ പ്രത്യാക്രമണം.

News Malayalam 24x7
newsmalayalam.com