

ചൈനയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ട് പോയാൽ കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണി. ചൈനയ്ക്ക് അമേരിക്കയിലേക്ക് സാധനങ്ങളും ഉൽപ്പന്നങ്ങളും എത്തിക്കാൻ കാനഡയെ ഒരു "ഡ്രോപ്പ് ഓഫ് പോർട്ട്" ആക്കിയേക്കാമെന്നാണ് അദ്ദേഹം കരുതുന്നുവെങ്കിൽ, അദ്ദേഹത്തിന് തെറ്റിയെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ വിമർശിച്ചു കൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു.
കാനഡ ചൈനയുമായി കരാറിൽ ഏർപ്പെട്ടാൽ, അമേരിക്കയിലേക്ക് വരുന്ന എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും ഉടൻ തന്നെ 100% തീരുവ ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി. ചൈന കാനഡയുടെ ബിസിനസുകൾ, സാമൂഹിക ഘടന, പൊതു ജീവിതരീതി എന്നിവയെല്ലാം നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
ചൈന-കാനഡ കരാർ പ്രകാരം, കനോല വിത്തുകളുടെ കാനഡയിലെ ഏറ്റവും വലിയ വിപണിയായ ചൈന മാർച്ച് 1 ഓടെ കനോല ഉൽപ്പന്നങ്ങളുടെ തീരുവ നിലവിലെ 84 ശതമാനത്തിൽ നിന്ന് ഏകദേശം 15 ശതമാനമായി കുറയ്ക്കും. കൂടാതെ കനേഡിയൻ സന്ദർശകർക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനവും ചൈന അനുവദിക്കും. ഇതിന് പകരമായി 6.1 ശതമാനം പുതിയ മുൻഗണനാ താരിഫുകൾ പ്രകാരം കാനഡ 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യും.
യുഎസ് വാറണ്ടിൻ്റെ അടിസ്ഥാനത്തിൽ ഹുവാവേ സ്ഥാപകൻ്റെ മകളെ കനേഡിയൻ അധികൃതർ അറസ്റ്റ് ചെയ്തതോടെയാണ് ചൈനയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. പ്രതികാരമായി, ചാരവൃത്തി ആരോപിച്ച് ചൈന രണ്ട് കനേഡിയൻമാരെ കസ്റ്റഡിയിലെടുത്തതോടെ സ്ഥിതി കൂടുതൽ വഷളായി. അതിനുശേഷം, ഇരു രാജ്യങ്ങളും പരസ്പരം കയറ്റുമതിയിൽ തീരുവ ചുമത്തുകയായിരുന്നു. പിന്നീട്, കാനഡയുമായുള്ള ബന്ധം ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് ചൈന പറഞ്ഞതിന് പിന്നാലെ കാർണിയും ഒത്തു തീർപ്പിന് തയ്യാറാവുകയായിരുന്നു.