കാബൂൾ: അഫ്ഗാനിസ്ഥാൻ - പാകിസ്താൻ സംഘർഷത്തിനിടെ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. പക്തിക പ്രവിശ്യയിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിലാണ് ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ എട്ടുപേർക്ക് ജീവൻ നഷ്ടമായത്. കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നീ താരങ്ങളാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു . ആക്രമണത്തിന് പിന്നാലെ നവംബറിൽ നടക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി.
പാകിസ്ഥാൻ അതിർത്തിയിലെ കിഴക്കൻ പക്തിക പ്രവിശ്യയിലെ ഉർഗുണിൽ നിന്ന് ഷരാനയിലേക്ക് കളിക്കാർ യാത്ര ചെയ്യുന്നതനിടെയായിരുന്നു പാക് ആക്രമണം നടന്നതെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) അറിയിച്ചു. , "ഇരകളോടുള്ള ആദരസൂചകമായാണ് അടുത്ത മാസം നടക്കാനിരുന്ന പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളുമായി നടക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറുന്നതെന്നും എസിബി അറിയിച്ചു.
ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ എട്ട് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പക്തിക പ്രവിശ്യയിൽ പാകിസ്ഥാൻ നിരവധി തവണ വ്യോമാക്രമണങ്ങൾ നടത്തിയതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യങ്ങൾ തമ്മിലുള്ള വെടിനിർത്തൽ കരാർ ഇസ്ലാമാബാദ് ലംഘിച്ചുവെന്നും കാബൂൾ ആരോപിച്ചു.ഉർഗുൺ, ബർമൽ ജില്ലകളിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണങ്ങളിൽ വലിയ നാശന്ഷടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.