ന്യൂ മെക്സിക്കോയിലെ റുയിഡോസോയിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി റിപ്പോർട്ട്. ശക്തമായ ഒഴുക്കിൽ ഒരു വീട് ഒലിച്ചുപോവുകയും പിതാവും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതാവുകയും ചെയ്തതായാണ് വിവരം. നിരവധി പേർ പലയിടങ്ങിളിലായി കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
റുയിഡോസോയിലെ നദിയിൽ മണിക്കൂറിനുള്ളിൽ 20 അടിയോളം ജലം ഉയർന്നതാണ് പ്രളയത്തിന് കാരണമായത്. പ്രദേശത്ത് യുഎസ് നാഷണൽ വെതർ സർവീസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതോ കേടുപാടുകൾ സംഭവിച്ചതോ ആയ വീടുകളിൽ മണ്ണിടിച്ചിലും വാതക ചോർച്ചയും ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടെന്ന് റൂയിഡോസോ മേയർ ലിൻ ക്രോഫോർഡ് പറഞ്ഞു.
അതേസമയം, ടെക്സസിലുണ്ടായ കനത്തമഴയിലും മിന്നൽ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 109 ആയി. മരിച്ചവരിൽ 28 പേർ കുട്ടികളാണ്. കെർ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 180 ഓളം പേരെ കാണാതായിട്ടുമുണ്ട്. സമ്മർ ക്യാമ്പിൽ നിന്നും കാണാതായ വിദ്യാർത്ഥികൾക്കും ട്രെയിനർക്കുമായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
ടെക്സസിൽ പ്രളയ മുന്നറിയിപ്പ് നൽകുന്നതിൽ ഉണ്ടായ വീഴ്ചയാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്നാണ് ആരോപണം. അമേരിക്കയിലെ പ്രധാന കാലാവസ്ഥാ ഏജൻസികളായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് ഓർഗനൈസേഷൻ, നാഷണൽ വെതർ സർവീസ് എന്നിവയിൽ നിന്ന് ചെലവ് കുറയ്ക്കലിന്റെ ഭാഗമായി നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് ഏജൻസിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചെന്നും വിമർശനമുണ്ട്.