കറാച്ചി: പാകിസ്ഥാൻ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ എട്ടു വയസുകാരിയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ആഘോഷത്തിൻ്റെ ഭാഗമായി അശ്രദ്ധമായി വെടിയുതിർത്തോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 60ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കറാച്ചി നഗരത്തിലെ പലയിടങ്ങളിലായാണ് അപകടമുണ്ടായത്. അസിസാബാദിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വെടിവെപ്പില്‍ എട്ട് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയാണ് മരിച്ചത്. കോറാങ്കി മേഖലയിലെ ആഘോഷവെടിവെപ്പിനിടെ സ്റ്റീഫന്‍ എന്നയാളും മരിച്ചു. ലിയാഖാത്താബാദ്, ല്യാരി, മെഹ്‌മൂദാബാദ്, അക്തര്‍ കോളനി, കീമാരി, ബാല്‍ദിയ, ഒറാങ്കി ടൗണ്‍, പാപോഷ് നഗര്‍ തുടങ്ങി വിവിധ മേഖലകളിലായി ഒട്ടേറെപ്പേർ വെടിയേറ്റ് ചികിത്സയിലാണ്.
വെടിവെച്ചുള്ള ആഘോഷം അശ്രദ്ധവും അപകടകരവുമാണെന്ന് അധികൃതർ അപലപിച്ചു. സ്വാതന്ത്ര്യദിനം സുരക്ഷിതമായ രീതിയിൽ ആഘോഷിക്കണമെന്നും പാക് അധികൃതർ പൗരന്മാരോട് അഭ്യർഥിച്ചു. വെടിയുതിർത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തെന്നും ഇവരില്‍നിന്ന് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞവര്‍ഷം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ആഘോഷവെടിവെപ്പില്‍ 95 പേര്‍ക്ക് പരിക്കേറ്റിരുന്നു.