ന്യൂയോർക്ക്: യുഎസിൽ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. പെംബ്രോക്കിലെ ഫ്രീവേയിലാണ് അപകടമുണ്ടായത്. നയാഗ്ര വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ ടൂറിസ്റ്റ് സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ ഡ്രൈവർ ഉള്‍പ്പടെ 52 പേരുണ്ടായിരുന്നതായി ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് അറിയിച്ചു.
നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും 40 മൈൽ അകലെയുള്ള പെംബ്രോക്ക് എന്ന പട്ടണത്തിനടുത്ത് വെച്ചായിരുന്നു അപകടം. ബസിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ഇന്ത്യ, ചൈന, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളാണ് എന്ന് അധികൃതർ അറിയിച്ചു. നയാഗ്ര വെള്ളച്ചാട്ടം സന്ദർശിച്ച് ന്യൂയോർക്കിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അപകടം.
ഡ്രൈവറുടെ ശ്രദ്ധ തെറ്റിയപ്പോൾ, നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡറിലിടിച്ച് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. അപകടത്തിന് പിന്നാലെ യാത്രക്കാരിൽ പലരും ബസിന് പുറത്തേക്ക് തെറിച്ചുവീണിരുന്നു. മിക്കവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഡ്രൈവർ ജീവനോടെയുണ്ടെന്നും അപകടത്തിൻ്റെ വിശദാശങ്ങൾ അറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറയുന്നു. മരിച്ചവരിൽ ഒരു കുട്ടിയുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നെങ്കിലും, വാർത്ത അധികൃതർ നിഷേധിച്ചു.