ഉൽപ്പന്നങ്ങൾക്കു പിറകേ സിനിമാലോകത്തേയും ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശ സിനിമകൾക്ക് 100 ശതമാനം നികുതി ചുമത്തിയാണ് ട്രംപിന്റെ പ്രതികാര നടപടി. വിദേശ നിര്‍മിത സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നും യുഎസിലെ സിനിമാ വ്യവസായത്തെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഒരു കുട്ടിയുടെ കുട്ടിയുടെ കയ്യിലെ മിഠായി തട്ടിയെടുക്കുന്നതുപോലെ യുഎസിലെ സിനിമാ വ്യവസായത്തെ മോഷ്ടിച്ചിരിക്കുന്നു. ദുര്‍ബലനും കഴിവില്ലാത്തതുമായ ഗവര്‍ണറുള്ള കാലിഫോര്‍ണിയെയാണ് ഇത് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, യുഎസിനു പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം തീരുവ ചുമത്തും' എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകൾ കഴിഞ്ഞ മെയ് മാസം തന്നെ ട്രംപ് നടത്തിയിരുന്നു. എന്നാൽ വിശദമായ വിവരങ്ങൾ അന്ന് അറിയിച്ചിരുന്നില്ല. പുതിയ നടപടി ബോളിവുഡിനും ഇന്ത്യയിലെ പ്രാദേശിക സിനിമകൾക്കും ഒരുപോലെ തിരിച്ചടിയാണ്. ഇന്ത്യൻ സിനിമകളുടെ വിദേശ ബോക്സ് ഓഫീസ് കളക്ഷന്റെ ഏകദേശം 35 മുതൽ 40 ശതമാനം വരെ ലഭിക്കുന്നത് അമേരിക്കയിൽ നിന്നാണ്. പുതിയ നിയമങ്ങൾ പൂർണ്ണമായും നടപ്പിലാക്കിയാൽ ടിക്കറ്റ് വിലകളും വിതരണ ചെലവുകളും ഇരട്ടിയാകും, ഇത് പല ഇന്ത്യൻ സിനിമ റിലീസുകളെയും ലാഭകരമല്ലാത്ത സ്ഥിതിയിലേക്ക് തള്ളിവിടും.
അതേ സമയം മറ്റൊരു പോസ്റ്റിൽ വിദേശ രാജ്യങ്ങള്‍ നിര്‍മ്മിക്കുന്ന ഫര്‍ണീച്ചറുകള്‍ക്ക് ഗണ്യമായ താരിഫ് ചുമത്തുമെന്നും ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വിദേശത്ത് നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫർണിച്ചറുകൾക്ക് നികുതി ചുമത്തുമ്പോൾ, അത് പ്രധാനമായും ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെയാണ് ബാധിക്കുക. നോര്‍ത്ത് കരോലിനയെ ബിസിനസ് കരകയറ്റുന്നതിനായാണ് നടപടിയെന്നും ട്രംപ് പറയുന്നു.