

വാഷിങ്ടണ്‍: വിവാദങ്ങള്‍ക്കപ്പുറം ട്രംപ് മംദാനി കൂടിക്കാഴ്ചയില്‍ ഭാഗമായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യവും അതിനുള്ള നേതാക്കളുടെ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അതില്‍ പ്രധാനം ട്രംപിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച 'ജിഹാദി' പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യമാണ്.
നേരത്തെ മേയര്‍ തെരഞ്ഞെടുപ്പിനിടെ മംദാനി ട്രംപിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മറ്റു നേതാക്കളുമടക്കം മംദാനിയെ കമ്യൂണിസ്റ്റ് എന്ന് വിളിക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക്കന്‍ നേതാവ് എലിസ് സ്റ്റെഫനിക് മംദാനിയെ ജിഹാദിയെന്ന് വിളിക്കുകയും ചെയ്തിരുന്നു. എലീസിന്റെ 'ജിഹാദി' പരാമര്‍ശം ഉദ്ധരിച്ചുകൊണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം.
നിങ്ങള്‍ ഒരു 'ജിഹാദി'ക്ക് സമീപമാണ് നില്‍ക്കുന്നത് എന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. ഇല്ല അങ്ങനെ തോന്നുന്നില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ അങ്ങനെ പലതും ചിലപ്പോള്‍ പറയും. പക്ഷെ മംദാനിയെ യുക്തിപരമായി കാര്യങ്ങള്‍ ചെയ്യുന്ന ഒരാളായാണ് തനിക്ക് മനസിലാക്കാന്‍ സാധിച്ചതെന്നും ട്രംപ് പറഞ്ഞു.
മറ്റൊരു മാധ്യമപ്രവര്‍ത്തക മംദാനിയോട് ട്രംപിനെ ഫാസിസ്റ്റ് എന്ന് വിളിച്ചതില്‍ പ്രതികരണം ചോദിച്ചിരുന്നു. ഇപ്പോഴും നിങ്ങള്‍ ട്രംപ് ഒരു ഫാസിസ്റ്റ് ആണെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം.
''ഞാന്‍ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്' എന്ന് മംദാനി പറഞ്ഞ് മുഴുമിക്കുന്നതിനിടെ തന്നെ ട്രംപ് ഇടയില്‍ കയറി, 'അത് ആണെന്ന് തന്നെ സമ്മതിക്കൂ, അതാണ് വിശദീകരിക്കുന്നതിനേക്കാള്‍ എളുപ്പം, ഞാന്‍ ഇതൊന്നും കാര്യമാക്കുന്നില്ല'' എന്ന് പറഞ്ഞു. ശരിയെന്ന് മംദാനിയും പ്രതികരിച്ചു. ഈ സംഭവം അവിടെ കൂടിയിരിക്കുന്നവരിലും ചിരി പടര്‍ത്തി.
അടുത്ത വര്‍ഷം, ജനുവരി ഒന്നിനാണ് മംദാനി മേയറായി ചുമതലയേല്‍ക്കുക. നിലവില്‍ ട്രാന്‍സിഷന്‍ ടീമിനൊപ്പം, സിറ്റി കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം പുരോഗമിക്കുകയാണ്. ന്യൂയോര്‍ക്കിന്റെ പുരോഗതിക്കായി ട്രംപ് ഉള്‍പ്പടെ ആരുമായും പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മംദാനി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റിയിലെ കമ്മ്യൂണിസ്റ്റ് മേയര്‍ സൊഹ്റാന്‍ 'ക്വാമെ' മംദാനി ഒരു കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഇതിനെപ്പറ്റി ട്രംപിന്റെ പ്രതികരണം.
മേയര്‍ തെരഞ്ഞെടുപ്പിനിടെയും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും മംദാനിയെ രൂക്ഷ ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചിരുന്നത്. മംദാനി വിജയിച്ചതിന് പിന്നാലെ ട്രംപ് ന്യൂയോര്‍ക്കിന് കമ്യൂണിസ്റ്റ് മേയര്‍ വന്നിരിക്കുന്നുവെന്നാണ് പ്രതികരിച്ചത്. മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ സമ്പൂര്‍ണവുമായ സാമ്പത്തിക, സാമൂഹിക ദുരന്തമായിരിക്കുമതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ച ട്രംപിനെ തന്റെ വിജയ പ്രസംഗത്തില്‍ മംദാനിയും വെല്ലുവിളിച്ചിരുന്നു. ''ട്രംപ് നിങ്ങളിത് കാണുന്നുണ്ടെന്ന് അറിയാം. എനിക്ക് നിങ്ങളോട് നാലേ നാല് വാക്കുകളേ പറയാനുള്ളു; ആ ശബ്ദം ഒന്ന് കൂട്ടിവയ്ക്കൂ...'' മംദാനിയുടെ പ്രതികരണം. ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാല്‍ ശക്തിപ്പെടുത്തപ്പെടുമെന്നും, ഒരു കുടിയേറ്റക്കാരനാണ് നയിക്കാന്‍ പോകുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി.
മേയര്‍ തെരഞ്ഞെടുപ്പിന് മുമ്പ് മംദാനിയെ അതിരൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ലിവയെയും രാഷ്ട്രീയ പ്രമുഖനും ട്രംപ് പിന്തുണ പ്രഖ്യാപിച്ചയാളുമായ മുന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെയും പരാജയപ്പെടുത്തിയാണ് മംദാനി ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ വംശജനായ മംദാനി പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തക മീര നായരുടെയും കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ്. ഉഗാണ്ടയിലെ കമ്പാലയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം ഏഴ് വയസുള്ളപ്പോളാണ് കുടുംബത്തോടൊപ്പം ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് താമസം മാറിയത്. അടുത്തിടെയാണ്, മംദാനി യുഎസ് പൗരത്വം നേടിയത്.