
ചൈനയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ മൂന്ന് മാസത്തേക്ക് മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 145 ശതമാനം ഇറക്കുമതി ചുങ്കം പ്രാബല്യത്തിൽ വരാൻ ഒരു ദിവസം മാത്രം ബാക്കി നിൽകെയാണ് അപ്രതീക്ഷിത നീക്കം. ട്രൂത്ത് സോഷ്യലിലൂടെയാണ് ചൈനയ്‌ക്കെതിരായ താരിഫ് സസ്‌പെൻഷൻ 90 ദിവസത്തേക്ക് മരവിപ്പിച്ചതായുള്ള ഉത്തരവിൽ ഒപ്പുവെച്ചതായി ട്രംപ് അറിയിച്ചത്.
മുന്‍പ്രഖ്യാപനം അനുസരിച്ച് ഇന്ന് മുതലായിരുന്നു ഇറക്കുമതി ചുങ്കം പ്രാബല്യത്തിൽ വരേണ്ടത്. ഷീ ജിൻ പിങ്-ട്രംപ് ഫോൺ സംഭഷണത്തിന് പിന്നാലെയാണ് സമവായ തീരുമാനം വരുന്നത്. അതേസമയം, ആദ്യ കരാറിന്റെ മറ്റ് ഘടകങ്ങൾ അതേപടി തുടരുമെന്നും ട്രംപ് അറിയിച്ചു. ചൈനയുമായി വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പ്രഖ്യാപന പ്രകാരം നവംബർ 9 നായിരിക്കും തീരുവ പ്രാബല്യത്തിൽ വരുക.
145 ശതമാനം അധികത്തീരുവ പ്രഖ്യാപിച്ചുള്ള യുഎസ് നടപടിക്കെതിരെ ബെയ്ജിങും കടുത്ത നടപടിയെടുത്തിരുന്നു. അമേരിക്കന്‍ ഉത്പാദകര്‍ക്കുള്ള റെയര്‍ എര്‍ത് കയറ്റുമതിയിലാണ് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മേയില്‍ ഇരുരാജ്യങ്ങളും തമ്മിലെത്തിയ ധാരണയെ തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ 30 ശതമാനമാക്കി കുറച്ചിരുന്നു. പകരമായി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി ചൈന 10 ശതമാനം ആക്കുകയും റെയര്‍ എര്‍ത് കയറ്റുമതി പുനഃസ്ഥാപിക്കുകയും ചെയ്തു.
ഇളവ് നല്‍കിയ മൂന്ന് മാസത്തിനുള്ളില്‍ ഫെന്‍റാനില്‍ കടത്ത് സംബന്ധിച്ച ആരോപണങ്ങളിലും റഷ്യയില്‍ നിന്ന് ചൈന ഇന്ധനം വാങ്ങുന്നതിലും ധാരണയുണ്ടാകുമെന്നാണ് യുഎസ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ അവസാനം ചൈനയിലെത്തി ഷീ ചിന്‍പിങുമായി കൂടിക്കാഴ്ച നടത്താനും ട്രംപിന് പദ്ധതിയുണ്ട്.