

സമാധാന നൊബേല്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവാര്‍ഡ് ലഭിച്ച മരിയ കൊറീന മച്ചാഡോയെ ഏറെ കാലമായി സഹായിക്കുന്നുണ്ടെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു. മരിയ തന്നെ വിളിച്ചിരുന്നുവെന്നും തന്നോടുള്ള ബഹുമാനാര്‍ഥമാണ് പുരസ്‌കാരം സ്വീകരിക്കുന്നതെന്ന് തന്നോട് പറഞ്ഞതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
'നൊബേല്‍ സമ്മാനം കിട്ടിയ ആള്‍ എന്നെ വിളിച്ചിരുന്നു, എന്നോടുള്ള ബഹുമാനാര്‍ഥമാണ് പുരസ്‌കാരം സ്വീകരിക്കുന്നതെന്ന് പറഞ്ഞു. ഞാന്‍ അത് ലഭിക്കാന്‍ അര്‍ഹനായിരുന്നു എന്നും അവര്‍ പറഞ്ഞു. അവര്‍ പറഞ്ഞത് വളരെ നല്ല കാര്യമാണ്. പക്ഷെ 'അത് എനിക്ക് തരൂ' എന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, എന്നിരുന്നാലും അവര്‍ക്ക് അത് തോന്നിക്കാണും. കാരണം അവരെ ഞാന്‍ കുറേ കാലമായി സഹായിക്കുന്നുണ്ട്. വെനസ്വേലയിലെ ദുരന്തകാലത്ത് അവര്‍ക്ക് ധാരാളം സഹായം ആവശ്യമായി വന്നിരുന്നു. ലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു എന്നതില്‍ തന്നെ ഞാന്‍ സന്തോഷവാനാണ്,' ട്രംപ് പറഞ്ഞു.
നൊബേല്‍ ട്രംപിനും വെനസ്വേലയിലെ കഷ്ടപ്പെടുന്ന ജനതയ്ക്കുമാണ് സമര്‍പ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മരിയ കൊറീന മച്ചാഡോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെയും പ്രതികരണം. അതേസമയം ട്രംപിന് നൊബേല്‍ ലഭിക്കാത്തതില്‍ വിമര്‍ശനവുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയിരുന്നു.
സമിതി സമാധാനത്തേക്കാള്‍ രാഷ്ട്രീയത്തെയാണ് പരിഗണിച്ചത്. അന്താരാഷ്ട്ര വെടിനിര്‍ത്തല്‍ കരാറുകളില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ വഹിച്ച പങ്കിനെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ ഡൊണാള്‍ഡ് ട്രംപിന് പകരം വെനിസ്വേലന്‍ ആക്ടിവിസ്റ്റ് മരിയ കൊറീന മച്ചാഡോയ്ക്ക് സമാധാന സമ്മാനം നല്‍കാനുള്ള നൊബേല്‍ സമ്മാന സമിതിയുടെ തീരുമാനത്തെ വിമര്‍ശിച്ച് കൊണ്ടാണ് വൈറ്റ് ഹൗസ് പ്രതികരണം നടത്തിയത്.
'സമാധാന കരാറുകള്‍ ഉണ്ടാക്കുന്നതിനും, യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനും, ജീവന്‍ രക്ഷിക്കുന്നതിനും വേണ്ടിയുള്ള ട്രംപിന്റെ ശ്രമങ്ങള്‍ തുടരും. അദ്ദേഹത്തിന് മനുഷ്യസ്നേഹിയുടെ ഹൃദയമുണ്ട്. തന്റെ ഇച്ഛാശക്തിയുടെ ശക്തിയാല്‍ പര്‍വതങ്ങളെ പോലും ചലിപ്പിക്കാന്‍ കഴിയുന്ന അദ്ദേഹത്തെപ്പോലെ മറ്റാരും ഉണ്ടാകില്ല' വൈറ്റ് ഹൗസ് വക്താവ് സ്റ്റീവന്‍ ച്യൂങ് എക്സ് പോസ്റ്റില്‍ കുറിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സമാധാനത്തിനു മുകളില്‍ രാഷ്ട്രീയം പ്രതിഷ്ഠിക്കുന്നുവെന്ന് നൊബേല്‍ കമ്മിറ്റി തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികാരമേറ്റതിനുശേഷം എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചതായി ട്രംപ് അവകാശപ്പെടുകയും താന്‍ നൊബേലിന് അര്‍ഹനാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. തനിക്ക് നൊബേല്‍ സമ്മാനം കിട്ടുമെന്ന കാര്യം ട്രംപ് പലപ്പോഴായി പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ട്രംപ് യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ തനിക്ക് എല്ലാ അര്‍ഹതയുമുണ്ടെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഗാസയില്‍ സമാധാനം കൊണ്ടുവരുന്നതടക്കം എട്ട് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചു. ഇതൊക്കെയായിരുന്നു ട്രംപിന്റെ അവകാശവാദങ്ങള്‍.
'ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിതാന്തമായ പരിശ്രമം, ഏകാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ മാറ്റത്തിനായുള്ള പോരാട്ടം,' എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് 2025ലെ സമാധാനത്തിനുള്ള പുരസ്‌കാരം മരിയ കൊറീന മച്ചാഡോയ്ക്ക് നല്‍കുന്നതെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി പറഞ്ഞിരുന്നു.