ബ്രിട്ടനുമായുള്ള ബന്ധം മുമ്പത്തെ പോലെ ആകില്ലെന്ന് ട്രംപ്; മിഡിൽ ഈസ്റ്റിലെ വിശാലമായ സംഘർഷത്തിൽ ഇടപെടില്ലെന്ന് ബ്രിട്ടീഷ് മന്ത്രി

ഇനിയങ്ങോട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയുമെന്നും ട്രംപ് സൂചന നൽകി.
US-Britain relations
Published on
Updated on

വാഷിങ്ടൺ: ഇറാനെ ആക്രമിക്കുന്നതിനായി ബ്രിട്ടീഷ് വ്യോമതാവളങ്ങൾ വിട്ടുനൽകാൻ തയ്യാറാകാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ നടപടിയെ വിമർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടനുമായുള്ള ബന്ധം മുൻപത്തെ പോലെയല്ലെന്നത് ദുഃഖകരമാണെന്നും ഇനിയങ്ങോട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയുമെന്നും ട്രംപ് സൂചന നൽകി.

'ദി സണ്ണിന്' നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ബ്രിട്ടീഷ് നടപടിയോട് പ്രതികരിച്ചത്. "വാസ്തവത്തിൽ ഇത് വ്യത്യസ്തമായ ഒരു ലോകമാണ്. ബ്രിട്ടനുമായി മുമ്പ് ഉണ്ടായിരുന്ന ബന്ധത്തിൽ നിന്ന് വളരെ വ്യത്യസ്തമായ നിലയാണ് ഇപ്പോഴുള്ളത്. ആ ബന്ധം മുമ്പത്തെ പോലെ അല്ലെന്ന് കാണുമ്പോൾ വളരെ സങ്കടമുണ്ട്," ട്രംപ് പറഞ്ഞു.

US-Britain relations
ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

അതേസമയം, ബ്രിട്ടൻ്റെ രാജ്യ താൽപ്പര്യങ്ങൾ മുൻനിർത്തി മാത്രമേ ഇറാനിൽ യുഎസും ഇസ്രയേലും തമ്മിലുള്ള ആക്രമണങ്ങളിൽ ചേരുമോ ഇല്ലയോ എന്ന് പറയാനാകൂവെന്ന് ബ്രിട്ടീഷ് മന്ത്രിയായ ഡാരൻ ജോൺസ് ബിബിസിയോട് പറഞ്ഞു. "ഇറാനിൽ നടന്ന പ്രാരംഭ അമേരിക്കൻ, ഇസ്രയേൽ ആക്രമണങ്ങളിൽ ഞങ്ങൾ ഉൾപ്പെട്ടിരുന്നില്ല എന്നതാണ് യുഎസ് പ്രസിഡൻ്റ് ട്രംപിൻ്റെ നിരാശയ്ക്ക് കാരണമെന്ന് ഞാൻ കരുതുന്നു. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്നലെ ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞതു പോലെ, ബ്രിട്ടീഷ് താൽപ്പര്യങ്ങൾക്ക് അനുയോജ്യമായ വ്യക്തമായ പദ്ധതിയും നിയമപരമായ അടിസ്ഥാനവും ഉള്ളപ്പോൾ മാത്രമേ ഞങ്ങൾ ബ്രിട്ടീഷ് സായുധ സേനയുമായി യുദ്ധത്തിൽ ഇടപെടൂ. പ്രതിരോധ നടപടിക്കായാണ് ഞങ്ങൾ ഇപ്പോൾ അത് ചെയ്യുന്നത്. പക്ഷേ മിഡിൽ ഈസ്റ്റിൽ കൂടുതൽ വിശാലമായ ഒരു സംഘട്ടനത്തിൽ ഞങ്ങൾ ഏർപ്പെടാൻ പോകുന്നില്ല. യുകെ-അമേരിക്കൻ ബന്ധം പ്രധാനമാണ്. അത് വളരെക്കാലമായി നിലനിൽക്കുന്നതാണ്. അങ്ങനെ തന്നെ തുടരുകയും ചെയ്യും," ഡാരൻ ജോൺസ് ബ്രിട്ടീഷ് സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കി.

നേരത്തെ ആദ്യഘട്ടത്തില്‍ വ്യോമതാവളം യുഎസിന് ഉപയോഗിക്കാന്‍ നൽകാൻ ബ്രിട്ടണ്‍ സമ്മതിച്ചിരുന്നില്ല. അതിന് ശേഷം ഞായറാഴ്ച വൈകീട്ട് സ്റ്റാര്‍മര്‍ അനുമതി നല്‍കുകയായിരുന്നു. ആദ്യം അനുമതി നല്‍കാന്‍ ബ്രിട്ടൻ 'കുറേ സമയം' എടുത്തെന്നാണ് ട്രംപിന്റെ വാദം. "രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. നിയമപരമായ കാര്യങ്ങളെ കുറിച്ച് ഓര്‍ത്ത് ഉണ്ടാവുന്ന ആശങ്കയായാണ് ആദ്യം അനുമതി നിഷേധിച്ചതിനെ മനസിലാക്കുന്നത്," എന്നായിരുന്നു നേരത്തെ ട്രംപിൻ്റെ പ്രതികരണം. ഡീഗോ ഗാര്‍ഷ്യ വ്യോമതാവളം ഉപയോഗിക്കാന്‍ സ്റ്റാര്‍മര്‍ ആദ്യം തന്നെ അനുമതി തരണമായിരുന്നുവെന്നും ബ്രിട്ടനില്‍ നിന്നുള്ള നിരവധി പേരെ കൊലപ്പെടുത്തിയതിന് ഉത്തരവാദി ഇറാന്‍ ആണെന്നും ട്രംപ് പറഞ്ഞു.

US-Britain relations
ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രത്തിന് നേരെ യുഎസ് ഇസ്രയേല്‍ ആക്രമണം; റേഡിയോ വികിരണങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത തള്ളാതെ ഐഎഇഎ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com