

ഇറാനില്‍ ഇസ്രയേലും യുഎസും തുടങ്ങിയ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ ശരിക്കും പെട്ട അവസ്ഥയിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാക്കുകള്‍ വിശ്വസിച്ച് തുടങ്ങിയ യുദ്ധം തുടരാനോ അവസാനിപ്പിക്കാനോ ആകാത്ത അവസ്ഥ. ഭരണമാറ്റമോ, അടിയറവോ ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പായി. ലക്ഷ്യമില്ലാതെ തുടരുന്ന യുദ്ധം ലോകവിപണിയെ അനിശ്ചിതത്വത്തിലാക്കുന്നത് ട്രംപിനുമേല്‍ കടുത്ത സമ്മര്‍ദം ഉയര്‍ത്തുന്നുണ്ട്. തുടക്കത്തില്‍ കാണിച്ച ആത്മവിശ്വാസം നഷ്ടപ്പെട്ട ട്രംപ്, സഹായത്തിനായി നാറ്റോ സഖ്യത്തെവരെ സമീപിച്ചു. എല്ലാവരും കൈമലര്‍ത്തിയതോടെ ഇനി എന്ത് എന്ന വലിയ ചോദ്യത്തിനു നടുവിലാണ് ട്രംപ്. ഇറാനില്‍ ട്രംപ് തോല്‍ക്കുകയാണോ?
യുദ്ധം തുടങ്ങി മൂന്ന് ദിവസത്തിനിപ്പുറം ഇറാനില്‍ വിജയിച്ചെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പിന്നീട് മതിയായ രീതിയില്‍ യുദ്ധം ജയിച്ചിട്ടില്ല എന്നായി നിലപാട്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ഭീഷണിയെ എക്കാലത്തേക്കുമായി അവസാനിപ്പിക്കാനും, അന്തിമ ജയം സ്വന്തമാക്കാനും ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട് എന്നായി. ശത്രുവിനെ പൂർണമായി തോൽപ്പിക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഒരിക്കല്‍ തീര്‍ത്തുപറഞ്ഞു. ഇറാനിയന്‍ സൈന്യം തകര്‍ക്കപ്പെട്ടു, പക്ഷേ യുദ്ധം അവസാനിച്ചിട്ടില്ലെന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവന.
ഇറാനില്‍ യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍, അതിനുള്ള ഉപാധികള്‍ ട്രംപിനായി യുദ്ധ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതുവരെ അക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നാണ് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രത്യാക്രമണത്തിനൊപ്പം ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതാണ്, ട്രംപിന്റെയും സംഘത്തിന്റെയും വാര്‍ ടൈം ലൈനിനെയാകെ തകിടംമറിച്ചത്. ഗള്‍ഫ് മേഖലയില്‍ ഇറാന്‍ തുടരുന്ന ആക്രമണങ്ങളും, എണ്ണ വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ ആശങ്കപ്പെടുന്ന വിവിധ സമ്പദ്ഘടനകളും ഒരു എക്സിറ്റ് പ്ലാനിന്റെ ആവശ്യകതയെക്കുറിച്ച് ഉറക്കെ സംസാരിക്കുന്നുണ്ട്. എന്നാല്‍, ട്രംപിന്റെ വാര്‍ ടൈംലൈന്‍ ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്.
ഇറാനില്‍ നാലോ ആറോ ആഴ്ചയ്ക്കുള്ളില്‍ ലക്ഷ്യം കാണും എന്നായിരുന്നു ട്രംപും പെന്റഗണും നടത്തിയ പ്രാഥമിക വിലയിരുത്തല്‍. ആ ടൈം ലൈന്‍ വെച്ചുകൊണ്ടായിരുന്നു യുഎസ്, ഇസ്രയേല്‍ സൈന്യത്തിന്റെ നടപടികള്‍. ഭരണ, സൈനിക നേതൃത്വം ഇല്ലാതാകുന്നതോടെ ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളിലേക്ക് വരുമെന്നായിരുന്നു ട്രംപിന്റെയും നെതന്യാഹുവിന്റെയുമൊക്കെ കണക്കുക്കൂട്ടല്‍. എന്നാല്‍, മിസൈലുകള്‍ ചീറിപ്പാഞ്ഞെത്തുമ്പോഴും, ഭരണ തലവന്മാരുടെയും സൈനിക നേതൃത്വത്തിന്റെയും ജീവനെടുക്കുമ്പോഴും, ശക്തമായി പ്രതിരോധിക്കുകയാണ് ഇറാന്‍. യുഎസിനെതിരെ പ്രതികാരം ചെയ്യാതെ അടങ്ങിയിരിക്കില്ലെന്നാണ് പുതിയ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയിയുടെ മുന്നറിയിപ്പ്. യുദ്ധം തുടങ്ങിയ യുഎസും ഇസ്രയേലും അത് അവസാനിപ്പിക്കട്ടെ എന്നാണ് ഇറാന്‍ സൈന്യത്തിന്റെ നിലപാട്. യുദ്ധത്തിന്റെ അവസാനം ഇനി ഞങ്ങളുടെ കൈകളിലാണെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ സിരാകേന്ദ്രമായ ഖര്‍ഗ് ദ്വീപ് ലക്ഷ്യമിട്ട് യുഎസും ഇസ്രയേലും നടത്തിയ ആക്രമണമാണ് ഇറാനെ കൂടുതല്‍ പ്രകോപിതരാക്കിയത്. രാജ്യത്തെ എണ്ണയുടെ 90 ശതമാനത്തോളം കയറ്റുമതി ചെയ്യുന്നത് ഈ ദ്വീപു വഴിയാണ്. ശരാശരി 13 ലക്ഷം മുതൽ 16 ലക്ഷം വരെ ബാരൽ എണ്ണയാണ് പ്രതിദിനം ഇവിടെനിന്ന് കയറ്റിപ്പോകുന്നത്. 1.80 കോടി ബാരൽ കരുതൽ ശേഖരമായും സൂക്ഷിച്ചിട്ടുണ്ട്. ഖര്‍ഗിനേല്‍ക്കുന്ന ഏതൊരു ആക്രമണവും ഇറാന്റെ സമ്പദ് വ്യവസ്ഥയെയാണ് ആദ്യം ബാധിക്കുക. പിന്നാലെയത് ആഗോള എണ്ണ വിപണിയെയും അസ്ഥിരപ്പെടുത്തും. അവിടേക്ക് ട്രംപും നെതന്യാഹും നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് ഇറാന്‍ യുഎസ് സൈനിക താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തുടരുന്നത്. സൗദി അറേബ്യ, ദുബൈ, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ കനത്ത ഡ്രോണ്‍ ആക്രമണമാണ് ഇറാന്‍ നടത്തുന്നത്. ഇറാഖ് തീരങ്ങളിലെ എണ്ണ ടാങ്കറുകള്‍ വരെ ആക്രമിക്കപ്പെട്ടു.
ഹോര്‍മുസിലൂടെയുള്ള ചരക്കുഗതാഗതം സമ്പൂര്‍ണമായി നിലച്ചിരിക്കുന്നു. യുഎസ് നാവികസേന സുരക്ഷാ അകമ്പടിയും, വന്‍ തുക ഇന്‍ഷുറന്‍സുമൊക്കെ വാഗ്ദാനം ചെയ്തിട്ടും, ഇറാനെ മറുത്തുകൊണ്ട് സഞ്ചരിക്കാന്‍ കപ്പലുകള്‍ തയ്യാറാകുന്നില്ല. ആഗോളവിപണിയെ ഉലച്ച രൂക്ഷമായ എണ്ണ പ്രതിസന്ധിയാണ് അതിന്റെ അനന്തരഫലം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ പ്രതിസന്ധിയുടെ നാളുകളിലൂടെയാണ് ലോകം കടന്നുപോകുന്നത്. രണ്ടാഴ്ചക്കിടെ 40 ശതമാനത്തിലധികമാണ് വില വര്‍ധിച്ചത്. പല രാജ്യങ്ങളും റിസര്‍വ് സ്റ്റോക്കുകളെ ആശ്രയിക്കുന്ന സ്ഥിതിയിലെത്തി. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ എല്‍പിജി പ്രതിസന്ധിയും രൂക്ഷമായി. ഓഹരി വിപണികള്‍ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. സകല കുറ്റങ്ങളുടെയും ചൂണ്ടുവിരല്‍ തന്നിലേക്ക് നീളുന്നുവെന്ന് മനസിലാക്കിയ ട്രംപ് പുതിയ അടവ് സ്വീകരിച്ചു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയവരോട് സഹായം തേടി. ആരും അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതോടെ, ഒരിക്കല്‍ ആക്ഷേപിച്ചുവിട്ട നാറ്റോ സഖ്യത്തോടും ട്രംപ് സഹായം ഇരന്നു. ആരും യുദ്ധത്തിന് തയ്യാറായില്ല. യുകെയും, സ്വിറ്റ്സര്‍ലന്‍ഡും, സ്പെയിനുമൊക്കെ സൈനിക നടപടിക്ക് ഇല്ലെന്നും അറിയിച്ചു.
നാറ്റോയുടെ നിലപാട് വലിയൊരു വിഡ്ഢിത്തമാണെന്ന് പ്രതികരിച്ച ട്രംപ് ഇനി ഞങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന പിണക്കത്തിന്റെ ഭാഷ കടമെടുത്തിട്ടുണ്ട്. പക്ഷേ കാര്യമില്ല. എത്രയും വേഗം യുദ്ധം അവസാനിപ്പിച്ചാല്‍ എല്ലാവരുടെയും മുഖം രക്ഷിക്കാം എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് കാജാ കല്ലാസ് യുഎസിനോടും ഇസ്രയേലിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്. പക്ഷേ, അത് അവസാനിപ്പിക്കുക അത്ര എളുപ്പമല്ല. എപ്പോള്‍ വേണമെങ്കിലും അത് കൈയില്‍നിന്ന് പോകാമെന്ന ആത്യന്തിക സത്യം കൂടി കല്ലാസ് ട്രംപിനെയും സംഘത്തെയും ഓര്‍മിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളും, നാറ്റോയും മാത്രമല്ല യുഎസില്‍നിന്നും ട്രംപിനെതിരെ ശബ്ദം ഉയരുന്നുണ്ട്. ഇറാനെതിരായ യുദ്ധം മനഃസാക്ഷിയുള്ളവർക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്ന് തുറന്നുപറഞ്ഞ് നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോ കെന്റ് രാജിവച്ചിരുന്നു. ഇറാൻ രാജ്യത്തിനു ഭീഷണിയൊന്നും ഉയർത്തിയിട്ടില്ല. ഇസ്രയേലിന്റേയും അവരുടെ യുഎസ് ലോബിയുടേയും സമ്മര്‍ദം മൂലമാണ് യുദ്ധം ആരംഭിച്ചതെന്ന് കൂടി ചൂണ്ടിക്കാണിച്ചാണ് കെന്റിന്റെ രാജിക്കത്ത്.
യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍, കടുത്ത സമ്മര്‍ദത്തിന് നടുവിലാണ് ട്രംപ്. യുഎസും ഇസ്രയേലും എത്രയൊക്കെ ശ്രമിച്ചാലും ഇറാന്‍ ഭരണകൂടത്തെ മറിച്ചിടാനാകില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വിലയിരുത്തല്‍ എന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎന്‍ പ്രമേയംകൊണ്ട് ഇറാനെ സമ്മര്‍ദത്തിലാക്കാമെന്നതൊക്കെ വ്യാമോഹം മാത്രമായി അവസാനിക്കുന്നു. ഇപ്പോള്‍ ഈ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ട്രംപിന്റെ രാഷ്ട്രീയ നേതൃപാടവത്തെ തന്നെയാകും ചോദ്യം ചെയ്യുക. പക്ഷേ തോറ്റെന്ന് സമ്മതിക്കാന്‍ ട്രംപ് തയ്യാറാകുമോ?