വാഷിങ്ടൺ: ചൈനയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനെതിരെ തായ്‌വാനെ താക്കീത് ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബീജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള രണ്ട് ദിവസത്തെ ഉച്ചകോടിക്ക് ശേഷം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ഔദ്യോഗിക സ്വാതന്ത്രത്തിന് വേണ്ടി വാദിക്കുന്നതിൽ നിന്ന് തായ്‌വാൻ പിന്മാറണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ചൈനയുടെ സൈനിക ശക്തിയും മറ്റ് ഘടകങ്ങളും കണക്കിലെടുക്കുമ്പോൾ തായ്‌വാൻ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു സങ്കീർണമായ പ്രശ്നമാണെന്ന് ട്രംപ് പറഞ്ഞു. ചൈന ഒരു വലിയ രാജ്യവും തായ്‌വാൻ ചെറിയൊരു ദ്വീപുമാണ്. തായ്‌വാന് കാലാകാലങ്ങളായി നൽകിവരുന്ന പിന്തുണയിൽ മാറ്റമില്ലെങ്കിലും ചൈനയുമായി ഒരു യുദ്ധത്തിലേർപ്പെടാൻ 9,500 മൈൽ ദൂരം സഞ്ചരിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തായ്‌വാൻ സ്വയം ഒരു പരമാധികാര രാഷ്ട്രമായി കാണുന്നതിനാൽ ഔപചാരികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ടതില്ലെന്ന് തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-ടെ നേരത്തെ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് രണ്ട് ദിവസത്തെ ചൈന സന്ദർശനം പൂർത്തിയാക്കി ട്രംപ് യുഎസിലേക്ക് മടങ്ങിയത്. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങുമായുള്ള രണ്ട് ഘട്ട ചർച്ചകൾ പൂർത്തിയാക്കിയാണ് ട്രംപ് മടങ്ങിയത്. കൂടിക്കാഴ്ച വലിയ വിജയമായിരുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു. 'ചരിത്രപരവും നാഴികക്കല്ലും' എന്നാണ് ഷീ ജിൻപിങ് ട്രംപിന്‍റെ സന്ദർശനത്തെ വിശേഷിപ്പിച്ചത്. രണ്ടാം തവണ പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം ട്രംപ് നടത്തുന്ന ആദ്യ ചൈനീസ് സന്ദർശനമായിരുന്നു ഇത്.