റഷ്യൻ ഭൂചലനം: റഷ്യൻ തീരപ്രദേശങ്ങൾ, അലാസ്ക, കാലിഫോർണിയ തീരങ്ങളെ വിഴുങ്ങി സുനാമി; ഭയാശങ്കയിൽ പസഫിക് രാജ്യങ്ങൾ!

റഷ്യയിലെ കാംചത്ക മേഖലയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പിന്നാലെ ഒരു ഡസനോളം തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു.
Tsunami

ശക്തമായ ഭൂചലനം; റഷ്യയിലും ജപ്പാനിലും ഹവായിലും സുനാമി മുന്നറിയിപ്പ്!

റഷ്യയിൽ ഇന്ന് പുലർച്ചെയുണ്ടായ അതിശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പെട്രോപാവ്‌ലോവ്സ്ക് - കാംചറ്റ്സ്കിയിൽ നിന്ന് 135 കിലോമീറ്റർ അകലെയാണ് ചലനം ഉണ്ടായത്. 8.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. റഷ്യയുടെ കിഴക്കൻ തീരങ്ങൾക്ക് പുറമെ യുഎസിലും ജപ്പാനിലും ഹവായിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

റഷ്യൻ തീരത്ത് സുനാമി തിരമാലകൾ

റഷ്യയിൽ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള കാംചത്ക മേഖലയുടെ ചില ഭാഗങ്ങളിൽ 3 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടായതായി റഷ്യ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

കാംചത്ക മേഖലയിൽ വീണ്ടും തുടർ ഭൂചലനങ്ങൾ

റഷ്യയിലെ കാംചത്ക മേഖലയിൽ വീണ്ടും തുടർ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.9, 6.3, 5.4, 5.7, 5.6 എന്നിങ്ങനെ തീവ്രതയിലുള്ള ഭൂചലനമാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഹവായ് ദ്വീപിൽ സുനാമി മുന്നറിയിപ്പ്

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഹവായ് ദ്വീപിൽ സുനാമി മുന്നറിയിപ്പ്. ഗുവാമിലും വടക്കൻ മരിയാന ദ്വീപുകളിലും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി നിരീക്ഷണം ഏർപ്പെടുത്തി. ഗുവാം, റോട്ട, ടിനിയൻ, സായിപാൻ എന്നിവിടങ്ങളിൽ സുനാമി തിരമാലകൾ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.37 ആയിരിക്കുമെന്ന് കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.

തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് ജപ്പാൻ

സുനാമി തിരമാലകൾ തീരങ്ങളിലേക്ക് അടുക്കുന്നുണ്ടെന്ന് അറിയിച്ചതിനാൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ജപ്പാൻ ഉത്തരവിട്ടു. ജപ്പാൻ്റെ കിഴക്കൻ പസഫിക് തീരത്താണ് സുനാമി ആഞ്ഞടിക്കാൻ സാധ്യത കൽപ്പിക്കുന്നത്.

റഷ്യയിലെ വടക്കൻ ജപ്പാനിലും സുനാമി

റഷ്യയിൽ തുടർ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്ത കാംചത്ക മേഖലയിലും വടക്കൻ ജപ്പാനിലും ആദ്യ വേവ് സുനാമി തിരമാലകൾ ആഞ്ഞടിക്കുന്നതായി റിപ്പോർട്ട്. 3 മുതൽ 4 അടി വരെ ഉയരത്തിൽ സുനാമി ആഞ്ഞടിക്കുന്നുണ്ട്. പസഫിക് മേഖലയിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

വടക്കൻ ജപ്പാനിൽ സുനാമി - വീഡിയോ

വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ തീരത്താണ് അൽപ്പസമയം മുമ്പ് ആദ്യ വേവ് സുനാമി തിരമാലകൾ ആഞ്ഞടിച്ചതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

യുഎസിൻ്റെ പടിഞ്ഞാറൻ തീരത്ത് സുനാമി മുന്നറിയിപ്പ്

കാനഡ മുതൽ അലാസ്ക വരെയുള്ള യുഎസിന്റെ മുഴുവൻ പടിഞ്ഞാറൻ തീരത്തും ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാലിഫോർണിയയുടെ മെക്സിക്കോ അതിർത്തിയിൽ നിന്ന് ആരംഭിച്ച് ഒറിഗോൺ, വാഷിംഗ്ടൺ വഴി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ വരെയും തുടർന്ന് സൗത്ത് അലാസ്കയിലേക്കും അലാസ്ക പെനിൻസുലയിലേക്കും സുനാമി മുന്നറിയിപ്പ് ബാധകമാണ്.

അലാസ്കയിലും സുനാമി മുന്നറിയിപ്പ്

അലാസ്കയിലെ അലൂഷ്യൻ ദ്വീപുകൾക്ക് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസിൻ്റേയും ഹവായിയുടെയും മുഴുവൻ പടിഞ്ഞാറൻ തീരവും ഇപ്പോൾ സുനാമി നിരീക്ഷണത്തിലാണ്. ആദ്യത്തെ സുനാമി തിരമാലകൾ വടക്കൻ കുറിൽ ദ്വീപുകളിലെ സെവേറോ-കുറിൽസ്ക് തീരത്ത് എത്തിയിരിക്കുന്നു.

ഓസ്‌ട്രേലിയയ്ക്കും സുനാമി മുന്നറിയിപ്പ്

യുഎസിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഓസ്‌ട്രേലിയയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരത്ത് 0.3 മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നിരുന്നാലും, ഓസ്‌ട്രേലിയയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തിന് മുന്നറിയിപ്പ് നൽകിയിട്ടില്ല.

ഫുകുഷിമ ആണവ നിലയത്തിലെ തൊഴിലാളികളെ ഒഴിപ്പിച്ചു

വടക്കു കിഴക്കൻ ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തിൽ നിന്ന് ബുധനാഴ്ച തൊഴിലാളികളെ ഒഴിപ്പിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.

റഷ്യയുടെ കിഴക്കൻ തീരത്ത് സുനാമി ആഞ്ഞടിക്കുന്നു; തുറമുഖ നഗരം വെള്ളത്തിൽ

റഷ്യയുടെ കിഴക്കൻ തീരത്ത് ബുധനാഴ്ച സുനാമി ഉണ്ടായെന്ന് സ്ഥിരീകരിച്ച് റഷ്യൻ സർക്കാർ. ഏകദേശം 2000 പേർ താമസിക്കുന്ന ഒരു തുറമുഖ പട്ടണമായ സെവേറോ കുറിൽസ്ക് നിലവിൽ വെള്ളത്തിലാണ്. ഇവിടേക്ക് കടൽ ഇരച്ചുകയറിയതായി റഷ്യയുടെ എമർജൻസി മന്ത്രാലയം അറിയിച്ചു.

"സുനാമി തുറമുഖ പട്ടണമായ സെവേറോ-കുറിൽസ്കിന്റെ ചില ഭാഗങ്ങളിൽ വെള്ളം കയറി ... ജനങ്ങളെ ഒഴിപ്പിച്ചു," മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. റഷ്യൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ പട്ടണത്തിലെ കെട്ടിടങ്ങൾ കടൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതായി കാണിച്ചു.

ജപ്പാൻ്റെ കിഴക്കൻ തീരത്ത് സുനാമി തിരമാലകൾ ആഞ്ഞടിക്കുന്നു - വീഡിയോ കാണാം

കാംചത്കയിലേത് ലോകത്തെ ശക്തമായ ഭൂചലനങ്ങളിൽ ആറാമത്തേത്; തുടർചലനങ്ങൾ ഒരു മാസം നീളും

ലോകത്ത് റിപ്പോർട്ട് ചെയ്ത ശക്തമായ ഭൂചലനങ്ങളിൽ ഏറ്റവും തീവ്രതയേറിയ ആറാമത്തെ ഭൂചലനമാണ് ഇന്ന് റഷ്യയിൽ ഉണ്ടായത്. ചിലിയിൽ 2010ലും ഇക്വഡോറിൽ 1906ലുമാണ് ഇതിന് മുൻപ് 8.8 തീവ്രതയുള്ള ചലനം ഉണ്ടായത്. മൂന്ന് ചലനങ്ങളും ആറാം സ്ഥാനത്തായാണ് രേഖപ്പെടുത്തിയത്.

1952 മുതൽക്കുള്ള റഷ്യയിലെ ഏറ്റവും ശക്തമായ ഭൂചലനമാണിത്. കാംചത്ക മേഖലയിൽ ഇന്ന് 7.5 തീവ്രതയുള്ള തുടർ ചലനങ്ങളും ഉണ്ടായിരുന്നു. ഏകദേശം ഒരു ഡസനിലേറെ തുടർചലനങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. തുടർചലനങ്ങൾ ഒരു മാസം നീണ്ടുനിൽക്കുമെന്നും അധികൃതർ അറിയിച്ചു.

ജപ്പാനിൽ ഒമ്പത് ലക്ഷം പേർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ്

ജപ്പാനിലെ സുനാമി മുന്നറിയിപ്പിനെ തുടർന്ന് ഒമ്പത് ലക്ഷത്തോളം ആളുകൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് രാജ്യത്തെ ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ഏജൻസി മുന്നറിയിപ്പ് നൽകി. ജാപ്പനീസ് തീരത്തുള്ള 133 മുനിസിപ്പാലിറ്റികളെ സുനാമി ബാധിക്കുമെന്നാണ് വിവരം. നിലവിൽ എത്ര പേരാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയതെന്ന് വ്യക്തമല്ല.

ചൈനയുടെ തീരപ്രദേശങ്ങളിൽ സുനാമി നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്

ചൈനയുടെ കിഴക്കൻ തീരങ്ങളിലും ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ചൈനയുടെ തീരപ്രദേശങ്ങളിൽ സുനാമി നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. ജനങ്ങളോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാൻ നിർദേശം നൽകി.

1.9 മില്യൺ ആളുകളെ ഒഴിപ്പിക്കുമെന്ന് ജപ്പാൻ

സുനാമി മുന്നറിയിപ്പിനെ തുടർന്ന് തലസ്ഥാന നഗരമായ ടോക്കിയോയിൽ 1.9 മില്യൺ ആളുകളെ ഒഴിപ്പിക്കുമെന്ന് ജപ്പാൻ.

പനാമയ്ക്കും ഗലപഗോസ് ദ്വീപിനും മുന്നറിയിപ്പ്

മെക്സിക്കോ, ഗലപഗോസ് ദ്വീപ്, മധ്യ അമേരിക്കൻ മേഖലയായ പനാമ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ്

ഫിലിപ്പൈൻസിനും ഇന്തോനേഷ്യക്കും സുനാമി മുന്നറിയിപ്പ്

എന്താണ് സുനാമി?

ഭൂകമ്പം, വെള്ളത്തിനടിയിലെ അഗ്നിപർവത സ്ഫോടനങ്ങൾ, സമുദ്രത്തിൻ്റെ അടിത്തട്ടിലെ മണ്ണിടിച്ചിൽ എന്നിവ മൂലമുണ്ടാകുന്ന കൂറ്റൻ തിരമാലകളാണ് സുനാമികൾ. വെള്ളത്തിനടിയിലെ ഭൂകമ്പത്തിന് ശേഷം സമുദ്രത്തിന്റെ അടിത്തട്ട് ഉയരുകയും താഴുകയും ചെയ്യുന്നു. ഇത് ജലത്തെ മുകളിലേക്കും താഴേക്കും ഉയർത്തുന്നു. ഇതിൽ നിന്നുള്ള ഊർജ്ജം കടൽ ജലത്തെ ശക്തമായ തിരമാലകളായി മാറ്റുന്നു. സുനാമിയെ പലരും ഒറ്റ തിരമാല എന്നാണ് തെറ്റിദ്ധരിക്കുന്നത്. അവ സാധാരണയായി വേലിയേറ്റം പോലെ കരയിലേക്ക് ആഞ്ഞടിക്കുന്ന ഒന്നിലധികം തിരമാലകളാണ്.

ഹവായിൽ ആഞ്ഞടിച്ച് സുനാമി

യുഎസിലെ തീരദേശ സംസ്ഥാനമായ ഹവായ് സ്റ്റേറ്റിൽ ദുരന്തം വിതച്ച് സുനാമി. ജീവനും സ്വത്തുക്കളും സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പസഫിക് സുനാമി വാണിങ് സെൻ്റർ. ഇവിടേക്കുള്ള വിമാനത്താവള, തുറമുഖ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്.

അലാസ്ക, ഹവായ് തീരങ്ങളെ വിഴുങ്ങി സുനാമി

അലാസ്ക, ഹവായ് തീരങ്ങളെ വിഴുങ്ങി സുനാമി. ഹവായ് തീരത്ത് നിലവിൽ നാലടി ഉയരത്തിലാണ് സുനാമി തിരകൾ അടിച്ചുകയറുന്നത്. ഇത് 10 അടി വരെ ഉയർന്നേക്കുമെന്നാണ് സൂചന.

സുനാമി തിരമാലകൾ കാലിഫോർണിയയിലെത്തി

സുനാമി തിരമാലകൾ കാലിഫോർണിയയിൽ എത്തിയെന്ന് സ്ഥിരീകരിച്ച് യുഎസിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 1.6 അടി ഉയരത്തിലുള്ള സുനാമി തിരമാലകളാണ് ഇവിടങ്ങളിൽ അടിക്കുന്നത്.

മൗയിയിൽ 5.7 അടി ഉയരത്തിൽ തിരമാല ഉയർന്നു

പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിൽ ഹവായിയൻ തീരത്തേക്ക് കൂടുതൽ സുനാമി തിരമാലകൾ എത്തുന്നതായി റിപ്പോർട്ട്. മൗയിയിലെ കഹുലുയിയിൽ 5.7 അടി (1.74 മീറ്റർ) ഉയരത്തിൽ സുനാമി തിരമാലകൾ ഉയർന്നതായി സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. അതേസമയം, 4.9 അടി (1.5 മീറ്റർ) ഉയരമുള്ള ഒരെണ്ണം ഹവായിയിലെ ഹിലോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

റഷ്യയുടെ കിഴക്കൻ തീരദേശത്തെ വിഴുങ്ങി സുനാമി തിരമാലകൾ

റഷ്യയുടെ കിഴക്കൻ തീരദേശ പട്ടണത്തിലൂടെ ആഞ്ഞടിച്ച് സുനാമി തിരമാലകൾ. കൂറ്റൻ തിരമാലകൾ കെട്ടിടങ്ങളും മറ്റു അവശിഷ്ടങ്ങളും കടലിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തു.

ഹവായിയിലെ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

ഹവായിയിലെ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു. പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം (PTWC) "ഹവായ് സംസ്ഥാനത്ത് ഒരു വലിയ സുനാമി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല" എന്ന് കൂട്ടിച്ചേർത്തു.

News Malayalam 24x7
newsmalayalam.com