

ന്യൂജേഴ്‌സി: ഞായറാഴ്ച ന്യൂജേഴ്‌സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്ത് വച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ 11.25 ഓടെ ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ചെന്നും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും ഉടനടി ഹാമണ്ടൺ പൊലീസ് മേധാവി കെവിൻ ഫ്രിയൽ പറഞ്ഞു.
അപകട ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോയിൽ ഒരു ഹെലികോപ്റ്റർ അതിവേഗത്തിൽ കറങ്ങിക്കൊണ്ട് താഴെ വീഴുന്നത് കാണാം. ഉടനെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഒരാളെ ജീവനോടെ രക്ഷിക്കാനായിട്ടുണ്ട്.
ഹാമണ്ടൻ മുനിസിപ്പൽ വിമാനത്താവളത്തിന് മുകളിൽ വച്ച് എൻസ്ട്രോം എഫ് 28എ ഹെലികോപ്റ്ററും എൻസ്ട്രോം 280സി ഹെലികോപ്റ്ററും കൂട്ടിയിടിക്കുകയായിരുന്നു എന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിശദീകരിച്ചു. പൈലറ്റുമാർ മാത്രമേ ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്നുള്ളൂ. ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റൊരു പൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് പൈലറ്റുമാർ തമ്മിൽ ആശയവിനിമയത്തിൽ വന്ന വീഴ്ചയാണ് അപകടകാരണമെന്നും, അവർക്ക് പരസ്പരം കാണാൻ കഴിഞ്ഞോ എന്നത് അന്വേഷിക്കുമെന്ന് എഫ്എഎയുടെയും എൻടിഎസ്ബിയുടെയും മുൻ ക്രാഷ് ഇൻവെസ്റ്റിഗേറ്ററായ അലൻ ഡീൽ പറഞ്ഞു.