

ബെയ്ജിങ്: തീരദേശനഗരമായ തായ് ഷൗവില്‍, ബാവി ചുഴലിക്കാറ്റ് കരതൊട്ടതോടെ ചൈനയില്‍ 20 ലക്ഷത്തോളം ആളുകളെ അപകടമേഖലയില്‍ നിന്നൊഴിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഫിലിപ്പീന്‍സില്‍ 17 പേരുടെ ജീവനെടുത്ത മണ്ണിടിച്ചിലുകള്‍ക്ക് കാരണമായ ചുഴലികാറ്റ് ജപ്പാന്റെ തെക്കന്‍ ദ്വീപുകളിലും തായ്‌വാന്റെ വടക്കന്‍ മേഖലകളിലും കനത്ത നാശം വിതച്ചിരുന്നു.
വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ വേഗത കാറ്റഗറി - വണ്‍ ആയി കുറഞ്ഞെങ്കിലും ആകാശത്ത് വ്യാപിച്ചുകിടക്കുന്ന മഴമേഘങ്ങള്‍ ആശങ്കയായി തുടരുകയാണ്. മണിക്കൂറില്‍ 144 കിലോമീറ്റര്‍ വേഗതയിലാണ് ശനിയാഴ്ച ബാവി ചുഴലിക്കാറ്റ് ചൈനയുടെ കിഴക്കന്‍ തീരം തൊട്ടത്.
ശക്തമായ കൊടുങ്കാറ്റിനു പുറമെ പെരുമഴയുമുള്ള സാഹചര്യത്തില്‍ ചൈനയിലെ ജനജീവിതം നിലവില്‍ ദുസ്സഹമാണ്. ഈ വര്‍ഷം ചൈനയിലുണ്ടായ കൊടുങ്കാറ്റുകളില്‍ എറ്റവും ശക്തിയേറിയതാണ് ബാവി. ശനിയാഴ്ച അര്‍ധരാത്രിക്ക് മുന്‍പ് ഷെജിയാങ് പ്രവിശ്യയിലെ തീരദേശ നഗരമായ യുഹുവാനിലും ബാവി ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ചു.