

ദുബായ്: വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ ധീരമായ ഇടപെടലിന് ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനും ഫ്ലൈദുബായ് വിമാനത്തിലെ മറ്റ് ജീവനക്കാരെയും ആദരിച്ച് യുഎഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, ഫ്ലൈ ദുബായ് ജീവനക്കാർക്ക് 'ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II' മെഡൽ സമ്മാനിച്ചു. തനിക്ക് നേരെ ആക്രമണമുണ്ടായിട്ടും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ധീരമായ ചെറുത്തുനിൽപ്പ് നടത്തിയ പൈലറ്റ്, ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് യുഎഇ നൽകിയത്.
യാത്രക്കാരുടെ ജീവൻ സംരക്ഷിക്കാൻ പൈലറ്റും സഹപ്രവർത്തകരും നടത്തിയ ധീരമായ ഇടപെടലിനുള്ള അംഗീകാരമായാണ് യുഎഇയുടെ ഈ ബഹുമതി. വിമാനത്തിലെ ജീവനക്കാരുടെ ധൈര്യത്തെയും അർപ്പണബോധത്തെയും ഉത്തരവാദിത്തത്തെയും യുഎഇ അധികൃതർ പ്രശംസിച്ചു.
സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് സർവീസ് നടത്തിയ FZ1073 വിമാനമാണ് ആകാശമധ്യേ ആക്രമിക്കപ്പെട്ടത്. 174 യാത്രക്കാരും മറ്റ് ജീവനക്കാരുമാണ് ഫ്ലൈറ്റിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ സഹപൈലറ്റ് ഇന്ത്യൻ പൈലറ്റായ സ്മിത് മച്ചാറിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് സ്മിത് മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറന്നതോടെ ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു.