

ടെഹ്റാൻ: പശ്ചിമേഷ്യയിലെ ഹോർമുസ് കടലിടുക്കിൽ ഒമാന്‍ തീരത്തോട് ചേർന്ന് എണ്ണ ടാങ്കറിന് നേരെ വീണ്ടും ആക്രമണം. അനുമതി ഇല്ലാതെ സഞ്ചരിച്ച ബ്രിട്ടീഷ് ചരക്ക് കപ്പൽ മൈനുകളില്‍ തട്ടി തകർന്നുവെന്നാണ് വിവരം. ഒമാനിനടുത്തുള്ള കിഴക്കൻ ഹോർമുസ് കടലിടുക്കിൽ ഒരു നാവിക മൈനിൽ ഇടിച്ചതിനെ തുടർന്ന് ഒരു എണ്ണ ടാങ്കറിന് തീപിടിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മേഖലയിൽ നടക്കുന്ന ഇത്തരത്തിലുള്ള നാലാമത്തെ ആക്രമണമാണിത്. ഇറാനിയൻ നാവികസേനയും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ടാങ്കറിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കപ്പൽ പ്രവർത്തനരഹിതമാണെന്നും എഞ്ചിൻ റൂമിന് തീപിടിച്ചുവെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് പറഞ്ഞു. ജീവനക്കാർ സുരക്ഷിതരാണെന്നും നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും യുകെഎംടിഒ കൂട്ടിച്ചേർത്തു.
ഹോർമുസിൽ യാത്ര വിലക്കിയിരിക്കെ ബ്രിട്ടീഷ് കപ്പൽ നിയന്ത്രിത പ്രദേശത്ത് കൂടി സഞ്ചരിക്കുകയായിരുന്നു എന്ന് ഇറാൻ നാവികസേന അറിയിച്ചു. സായുധ സേനയുമായി ഏകോപനമില്ലാതെയും ചട്ടങ്ങൾക്ക് വിരുദ്ധമായും നടത്തുന്ന ഏതൊരു നിയമവിരുദ്ധ നീക്കത്തിൻ്റേയും ഫലം മൈനുകളുടെ കൂട്ടിയിടിയും തീപിടുത്തവും ആയിരിക്കുമെന്ന് ഇറാനിയൻ നാവികസേന പറഞ്ഞു. മേഖലയിൽ സഞ്ചരിക്കുമ്പോൾ കപ്പലുകൾ സമുദ്രത്തിലെ നിയന്ത്രണങ്ങൾ കൂടി പാലിക്കണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.