യുക്രെയ്ൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പലായ സിംഫെറോപോൾ ഡ്രോൺ ആക്രമണത്തിൽ തകർത്തായി റഷ്യ. റേഡിയോ, ഇലക്ട്രോണിക്, റഡാർ, ഒപ്റ്റിക്കൽ നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനുമായി രൂപകൽപന ചെയ്ത കപ്പലായിരുന്നു സിംഫെറോപോൾ. യുക്രെനിലെ ഒഡെസ മേഖലയിലെ ഡാന്യൂബ് നദിയിൽ വച്ചാണ് ഡ്രോൺ ആക്രമണത്തിൽ കപ്പൽ തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഒരു ക്രൂ അംഗം കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യുക്രെയ്നിയൻ നാവികസേനയുടെ കപ്പലിനെ തകർക്കാൻ റഷ്യ കടൽ ഡ്രോൺ ഉപയോഗിച്ച് നടത്തുന്ന ആദ്യത്തെ വിജയകരമായ ആക്രമണമാണിതെന്ന് റഷ്യൻ മാധ്യമം ടാസ് റിപ്പോർട്ട് ചെയ്തു. കപ്പൽ തകർന്നതായി യുക്രെയ്നിയൻ അധികൃതർ സ്ഥിരീകരിച്ചു. "ആക്രമണത്തിന്റെ അനന്തരഫലങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഭൂരിഭാഗം ജീവനക്കാരും സുരക്ഷിതരാണ്, കാണാതായ നിരവധി നാവികർക്കായുള്ള തെരച്ചിൽ തുടരുന്നു"വെന്നും യുക്രെയ്നിയൻ വക്താവ് അറിയിച്ചു.
2014 മുതൽ യുക്രെയ്ൻ നിർമിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കപ്പലായിരുന്നു സിംഫെറോപോൾ. രണ്ട് വർഷം മുൻപാണ് സിംഫെറോപോൾ യുക്രെയ്നിയൻ നാവിക സേനയ്ക്കൊപ്പം ചേർന്നത്.