

വാഷിങ്ടണ്‍: ഇറാന്‍ കീഴടങ്ങണമെന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് നീളുമ്പോഴാണ് നിലപാട് കടുപ്പിച്ച് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. നിരുപാധികമായ കീഴടങ്ങല്‍ അല്ലാതെ ഇറാനുമായി ചര്‍ച്ചകള്‍ക്കില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
ഇറാനുമായി യാതൊരുവിധ കരാറുകള്‍ക്കും സാധ്യതയില്ലെന്നും 'നിരുപാധികമായ കീഴടങ്ങലില്‍' കുറഞ്ഞ ഒന്നിനും താന്‍ തയ്യാറല്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള നിലവിലെ സായുധ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നിര്‍ണായക പ്രതികരണം. ഇറാനിലെ ഭരണമാറ്റവും പുതിയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പും നടന്നാല്‍ മാത്രമേ മേഖലയില്‍ മറ്റ് സഹകരണങ്ങള്‍ സാധ്യമാകൂ എന്നും യുഎസ് പ്രസിഡന്റ് ആവര്‍ത്തിച്ചു.
"നിരുപാധികമായ കീഴടങ്ങല്‍ അല്ലാതെ ഇറാനുമായി മറ്റ് കരാറുകള്‍ ഒന്നുമുണ്ടാകില്ല! അതിനുശേഷം, മികച്ചതും സ്വീകാര്യനുമായ ഒരു നേതാവിനെ തിരഞ്ഞെടുത്താല്‍ ഇറാനെ തകര്‍ച്ചയുടെ വക്കില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ ഞങ്ങളും ഞങ്ങളുടെ ധീരരായ സഖ്യകക്ഷികളും അക്ഷീണം പരിശ്രമിക്കും. ഇറാനെ സാമ്പത്തികമായി എന്നത്തേക്കാളും വലുതും മികച്ചതും ശക്തവുമാക്കും. ഇറാന് മഹത്തായ ഒരു ഭാവി ഉണ്ടാകും. ''മേക്ക് ഇറാന്‍ ഗ്രേറ്റ് എഗെയ്ന്‍ (MIGA!)". എന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമക്കിയത്.
യുഎസും ഇസ്രയേലും ചേര്‍ന്ന് കൊലപ്പെടുത്തിയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമിയെ തീരുമാനിക്കുന്നതില്‍ യുഎസിനും പങ്കാളിത്തം വേണമെന്ന് വ്യാഴാഴ്ച റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, രാജ്യത്തിന്റെ അന്തസ്സും അധികാരവും സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എക്‌സ് പോസ്റ്റിലൂടെ ഊന്നിപ്പറഞ്ഞതും ഇതു തന്നെയായിരുന്നു.
സമാധാനത്തിന് ഇറാന്‍ പ്രതിജ്ഞാബദ്ധരാണെങ്കിലും രാജ്യത്തിന്റെ അന്തസ്സും അധികാരവും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യില്ല. മധ്യസ്ഥ ശ്രമങ്ങള്‍ വിരല്‍ ചൂണ്ടേണ്ടത് ഇറാന്‍ ജനതയെ വിലകുറച്ച് കണ്ട, സംഘര്‍ഷത്തിന് തുടക്കമിട്ടവര്‍ക്കു നേരെയായിരിക്കണമെന്നും പെസെഷ്‌കിയാന്‍ വ്യക്തമാക്കി. യുഎസിനും ഇസ്രയേലിനും മുന്നില്‍ കീഴടങ്ങില്ലെന്ന നിലപാടാണ് ഇറാന്‍ പ്രസിഡന്റ് ആവര്‍ത്തിച്ചത്.
സംഘര്‍ഷം ലഘൂകരിക്കാന്‍ ചില രാജ്യങ്ങള്‍ മധ്യസ്ഥശ്രമങ്ങള്‍ ആരംഭിച്ചതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അറിയിച്ചു. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളാണ് ഇതിന് മുന്‍കൈ എടുക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഖമനേയിയുടെ ചുമതലകള്‍ നിര്‍വഹിക്കുന്ന പ്രത്യേക സമിതിയില്‍ അംഗമാണ് പ്രസിഡന്റ് പെസെഷ്‌കിയാന്‍. മധ്യസ്ഥ ചര്‍ച്ചകള്‍ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയാകണമെന്നാണ് ഇറാന്റെ നിലപാട്.